തിരുവനന്തപുരം: കായിക മേഖലയെ മികവിന്റെ പാതയിലെത്തിക്കുക ലക്ഷ്യമിട്ട് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രഥമ അന്താരാഷ്ട്ര കായിക ഉച്ചകോടിയില്‍ (ISSK 2024) പുതുതലമുറ ഇ- സ്‌പോട്‌സ് പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. ഓഗ്മെന്റഡ് റിയാലിറ്റി (ഏആര്‍), വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ക്രിക്കറ്റ്, ഫുട്‌ബോള്‍, ടെന്നീസ് മുതലായ മത്സരങ്ങള്‍ കളിക്കാനും ഇ- സ്‌പോര്‍ട്‌സ് മേഖലയെ പരിചയപ്പെടാനും നിരവധി ആളുകളാണ് സ്റ്റാളുകളില്‍ എത്തുന്നത്. കേരളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്ലൈന്‍ഡ് ഗെയിംസ്, വടക്കേന്ത്യയില്‍ നിന്നുള്ള നോസ്‌കോപ്പ് ഗെയിമിംഗ് എന്നീ സംരംഭങ്ങളുടെ സ്റ്റാളുകളാണ് ഉച്ചകോടിയിലുള്ളത്. സംസ്ഥാനത്ത് ഇസ്‌പോര്‍ട്‌സിന്റെ പ്രാധാന്യവും സാധ്യതയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഇ- സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
നിശബ്ദവിപ്ലവമായി ബ്ലൈന്‍ഡ് ഇ- സ്‌പോര്‍ട്‌സ് സംരംഭം
ഇന്ത്യയില്‍, പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ അധികം സുപരിചിതമല്ലാത്ത ഇലക്ട്രോണിക് സ്‌പോര്‍ട്‌സ് എന്ന കായിക മേഖലയില്‍ വിജയഗാഥ രചിക്കുകയാണ് പാലക്കാട് സ്വദേശി അര്‍ജുന്‍, തിരുവനന്തപുരം സ്വദേശി ശരത്ത് എന്നിവര്‍. 2019ല്‍, ഇവര്‍ ആരംഭിച്ച ബ്ലൈന്‍ഡ് ഗെയിംസ് എന്ന ഇ- സ്‌പോര്‍ട്‌സ് സംരംഭം കഴിഞ്ഞവര്‍ഷം അഹമ്മദാബാദില്‍ നടന്ന ബിജിഎംഎ പ്രോ സീരീസ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. പബ്ജി മാതൃകയില്‍ ഗെയിമുകള്‍ ഡെവലപ്പ് ചെയ്ത് നടത്തുന്ന ചാമ്പ്യന്‍ഷിപ്പിന്റെ സമ്മാനത്തുക ഒന്നരക്കോടി രൂപയാണ്. കായിക മേഖലയുടെ പരിവര്‍ത്തനം ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്തുന്ന പ്രഥമ രാജ്യാന്തര കായിക ഉച്ചകോടിയില്‍ (ISSK 2024) പുതുതലമുറ സ്‌പോര്‍ട്‌സ് പ്രദര്‍ശന സ്റ്റാളുകളില്‍ ശ്രദ്ധ നേടുന്നതും ഇവരുടെ സംരഭംതന്നെ.
മത്സരയോഗ്യമായ ഇലക്ട്രോണിക് ഗെയിമുകള്‍ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലൈന്‍ഡ് ഗെയിംസ് എന്ന സംരംഭം ആരംഭിച്ചത്. ചുരുങ്ങിയ കാലയളവില്‍ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കാനും ബ്ലൈന്‍ഡ് ഗെയിംസിനായി. ദേശീയ തലത്തില്‍ അക്കാദമി ടീമിനെ രൂപീകരിച്ച് അതില്‍നിന്നുമാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നത്. താരതമ്യേന പുതുതലമുറയിലെ ആളുകളെയാണ് ഗെയിംസ് ലക്ഷ്യമിടുന്നത്. സൗദി അറേബ്യ, ദുബയ്, ഖത്തര്‍, ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ ഇ- സ്‌പോര്‍ട്‌സ് ഫെഡറേഷനുമായി ബ്ലൈന്‍ഡ് ഗെയിംസിനു ഔദ്യോഗിക സഹകരണമുണ്ട്. ഇന്ത്യയില്‍ ആകെ പത്ത് ടീമുകള്‍ മാത്രമേ ഇ- സ്‌പോര്‍ട്‌സ് മേഖലയില്‍ സജീവമായിട്ടുള്ളു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരേയൊരു ടീമും നമ്മുടെ ബ്ലൈന്‍ഡ് ഗെയിംസാണ്. സര്‍ക്കാരിന്റെ സഹകരണത്തോടെ കേരളത്തിലെ എല്ലാ കോളജുകളിലും സര്‍വകലാശാലകളിലും ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.