പൂച്ചാക്കല്‍: വിവിധ കേസുകളില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ തിരുവനന്തപുരം സ്വദേശി പിടിയില്‍. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ വ്യാജ ഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തി വരികയായിരുന്നു ഇയാള്‍. വഞ്ചിയൂര്‍ വിളയില്‍ ഹൗസില്‍ സജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൂച്ചാക്കല്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 2016ല്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ കേസിലാണ് അറസ്റ്റ്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സജിത്തിനെതിരെ മലപ്പുറം ജില്ലയിലെ താനൂര്‍ പൊലീസ് സ്റ്റേഷനില്‍ 2010 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലും, കോട്ടയം ജില്ലയിലെ കുമരകം പൊലീസ് സ്റ്റേഷനില്‍ 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലും ജാമ്യത്തില്‍ ഇറങ്ങി ഒളിവില്‍ പോയതിന് അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. ഇയാള്‍ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്‍ഡബ്ല്യുഇ കേസില്‍ ഉള്‍പ്പെട്ട ആളാണെന്ന് പൊലീസ് പറഞ്ഞു.