ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 9-ന് നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനായി, ഇന്ത്യ ബ്ലോക്കിന്റെ സ്ഥാനാര്‍ത്ഥിയായ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. രാജ്യസഭാ സെക്രട്ടറി ജനറലും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറുമായ മുമ്പാകെയാണ് ജസ്റ്റിസ് റെഡ്ഡി നാല് സെറ്റ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. എന്‍സിപി (എസ്പി) മേധാവി ശരദ് പവാര്‍, സമാജ്വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി ശതാബ്ദി റോയ്, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട്, സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസ് എന്നിവരടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഏകദേശം 160 എംപിമാര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്താങ്ങിക്കൊണ്ട് ഒപ്പുവെച്ചിട്ടുണ്ട്.
നാമനിര്‍ദ്ദേശ രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ച റിട്ടേണിംഗ് ഓഫീസര്‍, അതിനുശേഷം ഒരു അംഗീകാര സ്ലിപ്പ് ജസ്റ്റിസ് റെഡ്ഡിക്ക് കൈമാറി. ഓഗസ്റ്റ് 19 നാണ് പ്രതിപക്ഷ സഖ്യത്തിന്റെ യോഗത്തിന് ശേഷം കോണ്‍ഗ്രസ് പ്രസിഡന്റും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജസ്റ്റിസ് റെഡ്ഡിയുടെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 9-ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളും തമ്മിലുള്ള പോരാട്ടം കടുത്തതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.