നീലേശ്വരം : ആധുനിക രീതിയില്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ബഹു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ചു. ബഹു തക്കരിപ്പൂര്‍ എം എല്‍ എ എം രാജഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കിഫ്ബിയില്‍ നിന്ന് 13 കോടി രൂപ വകയിരുത്തി 3 നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയാണ് കെട്ടിട സമുഛയം യാഥാര്‍ത്ഥ്യമാവുക. താഴത്തെ നിലയില്‍ കാഷ്യാലിറ്റി ,പ്ലാസ്റ്റര്‍ റൂം, പരിശോധന മുറി, ഫാര്‍മസി, ഫാര്‍മസി സ്റ്റോര്‍, ഇസിജി, നെബുലൈസേഷന്‍ റൂം , നഴ്‌സ് റൂം എന്നിവയും ഒന്നാം നിലയില്‍ മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, അനസ്‌തേഷ്യ, സ്റ്റാഫ് റൂം ഡോക്ടേഴ്‌സ് ലോഞ്ച്, വിശ്രമമുറി , നഴ്‌സ് സ്റ്റേഷന്‍ എന്നിവയും രണ്ടാം നിലയില്‍ വെയിറ്റിങ്ങ് ഏരിയ , ദന്തല്‍, ജനറല്‍ മെഡിസിന്‍, സൈക്കാട്രി, ഗൈനക്കോളജി ഇ എന്‍ ടി ,സര്‍ജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളുടെ കണ്‍സള്‍ട്ടേഷന്‍ മുറികളും ലാബ് സാമ്പിള്‍ കളക്ഷന്‍ റൂം , നഴ്‌സിംഗ് സ്റ്റേഷന്‍ എന്നിവയുമാണ് ഉണ്ടാവുക. നഗരസഭാ വൈസ് ചെയര്‍മാന്‍ പി എം സന്ധ്യ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എവി സുരേന്ദ്രന്‍, കൗണ്‍സിലര്‍മാരായ അനീഷ് ഇ , പി വി സതീശന്‍, കാസര്‍ഗോഡ് ഡെപ്യൂട്ടി ഡി എം ഒ ഡോ. സന്തോഷ് കെ,രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ടിജി ഗംഗാധരന്‍ മാസ്റ്റര്‍, രമേശന്‍ കാര്യങ്കോട്, അഡ്വ. കെ പി നസീര്‍ , മൊഹിയുദ്ദീന്‍ പി, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, രാജീവന്‍ പുതുക്കുളം, കെ വി ചന്ദ്രന്‍ ,എം ജെ ജോയ്, പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം എന്നിവര്‍ ആശംസ അര്‍പ്പിച് സംസാരിച്ചു. ഹോസ്പിറ്റല്‍ സൂപ്രണ്ട് സോനു ബി നായര്‍ നന്ദി പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോട് കൂടി ജില്ലയിലെ തന്നെ മികച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ ആശുപത്രിയായി നീലേശ്വരം താലൂക്ക് ആശുപത്രി മാറും.