എല്ലാ കാലത്തും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ അഭിമാനം കൊള്ളുകയും ആ സ്വത്വം നിലനിര്‍ത്തുകയും ചെയ്ത വ്യക്തിയായിരുന്നു ഡോ എം അനിരുദ്ധനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കയിലെ പ്രമുഖ പ്രവാസി സംരംഭകനും ശാസ്ത്രഗവേഷകനും നോര്‍ക്ക റൂട്ട്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റുമായിരുന്ന ഡോ. എം. അനിരുദ്ധനെ അനുസ്മരിച്ച് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അധ്യാപന മേഖലയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാതെ ഡോ. എം. അനിരുദ്ധന്‍ ലോകപ്രശസ്ത പോഷകാഹാര ഉല്‍പ്പാദകരായ സാന്റോസിന്റെ ഗവേഷണ വിഭാഗം തലവനായി മാറുകയും പിന്നീട് പോഷകാഹാര ഗവേഷണത്തിലേക്കും ഉല്‍പ്പാദനത്തിലേക്കും ശ്രദ്ധ തിരിക്കുകയും ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം സ്വന്തമായി വ്യവസായ ശൃംഖല കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
കേരളത്തിലെ ഗവണ്‍മെന്റുകളുമായി എല്ലാ ഘട്ടത്തിലും നല്ല ബന്ധമാണ് ഡോ. അനിരുദ്ധന്‍ പുലര്‍ത്തിയിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കന്‍ മലയാളികളുടെ ഏറ്റവും കരുത്തുറ്റ സംഘടനയായ ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായി അദ്ദേഹം പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം ഫൊക്കാനയുടെ പ്രസിഡന്റായി തുടര്‍ന്ന അദ്ദേഹം ജീവിതാവസാനം വരെ ആ സംഘടനയുടെ അവിഭാജ്യ ഭാഗമായി നിലകൊണ്ടു.
പോഷകാഹാര കാര്യത്തില്‍ ഗവേഷകനായി നില്‍ക്കുക മാത്രമല്ല, വലിയ തോതില്‍ പോഷകാഹാരം പ്രചരിപ്പിക്കുന്നതിന് ഒട്ടേറെ ശ്രമങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു. അദ്ദേഹം ഉല്‍പ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക്, പ്രത്യേകിച്ച് കായിക മേഖലയില്‍ ഉള്ളവര്‍ക്ക് അത്യന്തം ഗുണകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ല രീതിയില്‍ വ്യവസായ രംഗത്ത് മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അതിന്റെ ഭാഗമായി കേരളത്തിലും ഒരു വ്യവസായ സ്ഥാപനം അദ്ദേഹം തുടങ്ങിയിരുന്നു.
തന്റെ ധന്യമായ ജീവിതത്തിനിടയില്‍ നോര്‍ക്കയുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. നല്ല നിലയില്‍ ആ രംഗത്ത് സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭ രൂപീകരിച്ചപ്പോള്‍ അതിന്റെ ഭാഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. മാതൃഭൂമിയായ ഇന്ത്യയുമായി അദ്ദേഹത്തിന് നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. ആ ബന്ധം എന്നും അദ്ദേഹം നിലനിര്‍ത്തിപ്പോന്നു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, എം.എം. ഹസ്സന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, നോര്‍ക്ക റൂട്ട്‌സ് സെക്രട്ടറി എസ്. ഹരികിഷോര്‍, സി.ഇ.ഒ. അജിത് കോളശ്ശേരി, ഡോ. അനിരുദ്ധന്റെ മകനും എസ്സെന്‍ ന്യൂട്രിഷന്‍ കോര്‍പ്പറേഷന്‍ പ്രസിഡന്റുമായ അരുണ്‍ അനിരുദ്ധന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.