സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിനായി കേന്ദ്രം നല്‍കേണ്ട സംഭരണ വില വിഹിതം ലഭിക്കുന്നില്ലെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2017-18 മുതല്‍ കേന്ദ്രവിഹിതം ലഭിക്കാത്തതിനാല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയാണ് നേരിടേണ്ടി വരുന്നത്. കര്‍ഷകര്‍ക്ക് നെല്ലിന്റെ വിലകൊടുക്കാന്‍ പൂര്‍ണ്ണമായും പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയാണെന്നും ഓണത്തിന് മുന്‍പ് കേന്ദ്ര വിഹിതം പൂര്‍ണ്ണമായും നല്‍കണമെന്നും മന്ത്രി പറഞ്ഞു.
2017 -18 സാമ്പത്തിക വര്‍ഷം മുതല്‍ 1259 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ട്. 2024-25 സംഭരണ വര്‍ഷത്തില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ചിട്ടുള്ള നെല്ലിന്റെ എം.എസ്.പി ഇനത്തില്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ടത് 1342 കോടി രൂപയാണ്. ആകെ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ലഭിക്കേണ്ടത് 2601 കോടി രൂപയാണ്. മൂന്ന് മാസം കൂടുമ്പോള്‍ ക്ലയിമുകള്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന പതിവാണ് നിലവിലുണ്ടായിരുന്നത്. അഡ്വാന്‍സ് നല്‍കുന്നതിനുള്ള പ്രൊവിഷനും ഉണ്ടായിരുന്നു. 2025-26 സംഭരണ വര്‍ഷം മുതല്‍ അഡ്വാന്‍സ് പ്രൊവിഷന്‍ പൂര്‍ണ്ണമായും പിന്‍വലിച്ചു പ്രതിമാസം ക്ലയിം നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ വ്യവസ്ഥ. ഇതുപ്രകാരം 2025 ഏപ്രില്‍ – മെയ് മാസങ്ങളിലെ 159 കോടി രൂപയുടെ ക്ലയിമും നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ വികേന്ദ്രീകൃതധാന്യ സംഭരണ പദ്ധതിയുടെ കീഴിലാണ് രാജ്യത്ത് മുഴുവന്‍ ധാന്യ സംഭരണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലെയും നെല്ല് സംഭരണം. താങ്ങുവില നിശ്ചയിക്കുന്നതും നല്‍കുന്നതും കേന്ദ്ര സര്‍ക്കാരാണ്. കേരളത്തിലെ കര്‍ഷകരെ സഹായിക്കുന്നതിന് വേണ്ടി അധികമായി ഒരു പ്രോത്സാഹന ബോണസ് കൂടി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കുന്നു. ഇത് രണ്ടും ചേര്‍ന്നതുകൊണ്ടാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന വില സംസ്ഥാനത്ത് ലഭിക്കുന്നത്.
2024-25 ലെ ഒന്നാം വിളയില്‍ 57,529 കര്‍ഷകരില്‍ നിന്നായി 1.45 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇതിന്റെ വിലയായ 412.4 കോടി രൂപ പൂര്‍ണ്ണമായും കര്‍ഷകര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. രണ്ടാം വിള സംഭരണം ഈ ജൂലൈയിലാണ് അവസാനിച്ചത്. 1,49,615 കര്‍ഷകരില്‍ നിന്നായി 4.35 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ചു. ഇതിന്റെ വിലയായി നല്‍കേണ്ട 1232 കോടി രൂപയില്‍ 873 കോടിയും നല്‍കിക്കഴിഞ്ഞു. ഈ സംഭരണ വര്‍ഷം ആകെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യേണ്ട 1645 കോടി രൂപയില്‍ 1285 കോടി രൂപയും വിതരണം ചെയ്തു. ഇനി നല്‍കാന്‍ അവശേഷിക്കുന്ന 359.36 കോടി രൂപ പൂര്‍ണമായും ഓണത്തിന് മുന്‍പ് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാന പ്രോത്സാഹന ബോണസ്സ് ഇനത്തില്‍ കേരള സര്‍ക്കാര്‍ ബഡ്ജറ്റില്‍ വകയിരുത്തിയ 577.5 കോടി രൂപയും 2025 – 26 സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയ 606 കോടി രൂപയും കര്‍ഷകര്‍ക്ക് സംഭരണ വില നല്‍കാനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇപ്രകാരം പ്രോത്സാഹന ബോണസ് നല്‍കുന്നതിനു വേണ്ടി വകയിരുത്തിയ തുക കര്‍ഷകര്‍ക്ക് സംഭരണ വില പൂര്‍ണ്ണമായും നല്‍കാന്‍ ഉപയോഗപ്പെടുത്തേണ്ട സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു.
ഗുണനിലവാരവുമായി ബന്ധപ്പെട്ടു കൊണ്ടും OTR മായി ബന്ധപ്പെട്ടുകൊണ്ടും കേന്ദ്രത്തിന്റെ മാനദണ്ഡങ്ങള്‍ കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിയ്ക്കും ചേരാത്തതാണ്. ഇതുകൊണ്ട് കുട്ടനാട് ഉള്‍പ്പെടെയുള്ള കര്‍ഷകരുടെ നെല്ല് സംഭരിക്കുമ്പോള്‍ എഫ്.സി.ഐയുടെ ഗുണനിലവാരം (Fair Average Quality) പാലിക്കാന്‍ കഴിയാത്തതിനാല്‍ ഒട്ടേറെ പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതമായ ഇടപെടലിലൂടെ അവ പരിഹരിച്ച് പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.