കാഞ്ഞങ്ങാട്: തുളുനാട് മാസിക, പുരോഗമന കലാസാഹിത്യസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി, സി.പി.ഐ.എം നാലപ്പാടം ബ്രാഞ്ച് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വിനോദിനി നാലപ്പാടം തുളുനാട് അവാര്‍ഡ് വിതരണവും അനുസ്മരണ പ്രഭാഷണവും പുസ്തക പ്രകാശനവും നവ കേരളാ സദസിന്റെ പ്രചരണാര്‍ത്ഥം ഒരുക്കിയ ഒപ്പരം ഡോക്യുഫിക്ഷന്റെ സംവിധായകന്‍ പി. രാധാകൃഷ്ണനെ ആദരിക്കല്‍ ചടങ്ങും നാലപ്പാടത്ത് വച്ച് നടന്നു. സമത മാനേജിങ് ട്രസ്റ്റി പ്രൊഫസര്‍ ടി. എ. ഉഷ കുമാരിക്കാണ് ഇത്തവണത്തെ വിനോദിനി നാലപ്പാടം അവാര്‍ഡ് സമ്മാനിച്ചത്. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉഷാകുമാരിക്ക് അവാര്‍ഡ് സമ്മാനിച്ചു.
അര്‍ഹതയ്ക്കുള്ള കൈകളില്‍ തന്നെയാണ് വിനോദിനി നാലപ്പാടം അവാര്‍ഡ് എത്തിച്ചേര്‍ന്നിരിക്കുന്നത് എന്ന് ജയരാജന്‍ പറഞ്ഞു. തന്റെ പ്രസംഗത്തില്‍ സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഒരു പ്രത്യേക മത വിഭാഗത്തിലുള്ള അമ്പലത്തിന്റെ മുഖ്യ യജമാനനായി രാജ്യത്തിന്റെ പ്രധാനമന്ത്രി മാറുന്നത് ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അപഹാസ്യമാക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തികച്ചും രാഷ്ട്രീയ താല്‍പര്യത്തെ മുന്നില്‍ കണ്ടുകൊണ്ട് തന്നെയാണ് കേന്ദ്രഭരണം കൈയാ ളുന്ന ആര്‍എസ്എസിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചരിത്രത്തെ കൃത്യമായി ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കണമെന്നും ചരിത്രത്തെ നമസ്‌കരിക്കുന്ന വര്‍ത്തമാന കാഴ്ചയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. നാലപ്പാടം കുമാരന്‍ ആമുഖഭാഷണം നടത്തി. ഇ. പത്മാവതി അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോക്ടര്‍ സി. ബാലന്‍ വിനോദിനി നാലപ്പാടം അനുസ്മരണം നടത്തി. ഒപ്പരം ഡോക്യൂ ഫിക്ഷന്‍ സംവിധായകന്‍ പി. രാധാകൃഷ്ണനെ അഡ്വക്കേറ്റ് കെ. രാജ് മോഹനന്‍ ആദരിച്ചു. ആനക്കൈ ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായി. കുമാരന്‍ നാലപ്പാടം എഡിറ്റ് ചെയ്ത കലഹിക്കുന്ന അക്ഷരങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോക്ടര്‍ കെ. വി. സജീവന്‍ നിര്‍വഹിച്ചു.വി. പി. പ്രശാന്ത് ഏറ്റുവാങ്ങി. അഡ്വക്കറ്റ് കെ. രാജ് മോഹന്‍, കെ. വി. വിശ്വനാഥന്‍, ടി. കെ. ഡി മുഴപ്പിലങ്ങാട്,കെ. എം. സുധാകരന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. പ്രൊഫസര്‍ പി. എ. ഉഷ കുമാരി മറുപടി പ്രസംഗം നടത്തി. എം. വി. രാഘവന്‍ സ്വാഗതവും കെ. മോഹനന്‍ നന്ദിയും പറഞ്ഞു.