പാലക്കുന്ന് കലംകനിപ്പിന് സ്വന്തമായി കൊയ്‌തെടുത്ത അരി : നെല്‍കൃഷിക്കായി രണ്ടര ഏക്കര്‍ തരിശു ഭൂമി വിളനിലമാക്കി പടിഞ്ഞാര്‍ക്കര പ്രാദേശിക സമിതി

പാലക്കുന്ന്: കഴകം ഭഗവതി ക്ഷേത്രത്തില്‍ ധനു, മകര മാസങ്ങളില്‍ നടക്കുന്ന കലംകനിപ്പ് മഹാനിവേദ്യത്തിന് സ്വന്തമായി വിളയിച്ചെടുത്ത നെല്ല് കുത്തിയ അരി യായിരിക്കും ഉദുമ പടിഞ്ഞാര്‍ക്കര പ്രദേശത്തെ വീടുകളില്‍ നിന്ന് സമര്‍പ്പിക്കുക. നിവേദ്യ കലങ്ങളില്‍ അരിപ്പൊടി,തേങ്ങ, വെല്ലം, വെറ്റില, അടക്ക എന്നിവയോടൊപ്പം നെല്ല് കുത്തിയ പച്ചരിയ്ക്കാണ് പ്രാധാന്യം. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന ചെറുതും വലുതുമായ കലം കനിപ്പുകള്‍ക്കായി 500 ഓളം നിവേദ്യക്കലങ്ങള്‍ ഈ പ്രദേശത്ത് നിന്ന് മാത്രം സമര്‍പ്പിക്കാറുണ്ട്. 850 കിലോ പച്ചരി അതിനായി വേണ്ടിവരുമെന്ന് പ്രാദേശിക സമിതി പ്രസിഡന്റ് വിനോദ് കൊപ്പലും സെക്രട്ടറി എ. കെ. സുകുമാരനും പറയുന്നു. അതിനുവേണ്ടിയാണ് കൊപ്പല്‍ വയലിലെ രണ്ടര ഏക്കര്‍ തരിശ് ഭൂമിയില്‍ ഉദുമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കൃഷിയിറക്കിയത്.
കൃഷി ചെയ്യാനും കൃഷിയെ കുറിച്ച് പഠിക്കാനും അംബിക എ എല്‍ പി സ്‌കൂളിലെ കുട്ടികളും അധ്യാപകരും നാട്ടുകാരോടൊപ്പം പാടത്തിറങ്ങിയതും
കൗതുകമായി.
നെല്‍കൃഷി ചെയ്യുന്നവര്‍ പടിഞ്ഞാര്‍ക്കര പ്രദേശത്ത് അധികമില്ല. ക്ഷേത്രത്തില്‍ കലം സമര്‍പ്പിക്കുവാനുള്ള അരിക്കായി ഭക്തര്‍ സമീപത്തെ മില്ലുകളെയും ദൂരെയുള്ള കൃഷിക്കാരെയുമാണ് ആശ്രയിക്കുന്നത്. അതുകൊണ്ടാണ്, തങ്ങളുടെ പ്രദേശത്തു നിന്നും കൊണ്ടുപോകുന്ന കലങ്ങളില്‍ നിറയ്ക്കുവാന്‍ ആവശ്യമായ അരി സ്വന്തമായി വിളയിച്ചെടുക്കണമെന്ന തീരുമാനം സമിതിയില്‍ ഉണ്ടായത്. ശേഷിക്കുന്ന അരി വയനാട്ടുകുലവന്‍ തറവാടുകളില്‍ പുത്തരിയ്ക്ക് അട ഉണ്ടാക്കാന്‍ ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കും. നടീല്‍ ഉത്സവം പ്രാദേശിക സമിതി പ്രസിഡണ്ട് വിനോദ് കൊപ്പല്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. കെ.സുകുമാരന്‍, ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കെ. വി. അപ്പു, മുന്‍ ജനറല്‍ സെക്രട്ടറി പി. പി. ചന്ദ്രശേഖരന്‍, മനോജ് കണ്ടത്തില്‍, കൃഷ്ണന്‍ കടപ്പുറം, കെ. വി. ചന്ദ്രസേന, കണ്ണന്‍ കടപ്പുറം, അശോകന്‍ കക്കന്‍സ്, കുമാരന്‍ തായത്ത്, വി. വി. ശാരദ, രമ ചന്ദ്രശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *