കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി മാവുങ്കാല്‍ ആനന്ദാശ്രമത്തിലെ സമീപത്തുള്ള മൂന്ന് ഏക്കര്‍ പഞ്ചായത്ത് കൈവശ ഭൂമിയില്‍ ആനന്ദ വനം ഒരുക്കിയിരിക്കുകയാണ്. ഇത് ജില്ലയിലെ തന്നെ ഏറ്റവും വലിയ പച്ച തുരുത്താണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ആയിരം വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്ന് ലഭ്യമാക്കുകയും അവ നട്ടുപിടിപ്പിക്കുകയുമാണ്. വനവല്‍ക്കരണത്തിന്റെ ഭാഗമായുള്ള വൃക്ഷത്തൈ നട്ടുപിടിപ്പിക്കലിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. കാലാവസ്ഥ സന്തുലനത്തിനായി വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ച് വനവല്‍ക്കരണം നടത്താനുള്ള അജാനൂര്‍ പഞ്ചായത്തിന്റെ ശ്രമം ശ്ലാഘനീയ മാണെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.ജി.പുഷ്പ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ. ആര്‍. ശ്രീദേവി, നവ കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, മൂലക്കണ്ടം പ്രഭാകരന്‍, കരീം ചന്തേര, എക്കാല്‍ കുഞ്ഞിരാമന്‍, ബഷീര്‍ വെള്ളിക്കോത്ത്, പ്രസാദ് മിഥില, പി.പി. രാജു എന്നിവര്‍ സംസാരിച്ചു ആജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ സ്വാഗതവും സെക്രട്ടറി കെ.എച്ച്. അനീഷ് കുമാര്‍ നന്ദിയും പറഞ്ഞു