രാജപുരം : ശമ്പള പരിഷ്‌കരണം കുടിശ്ശികയായിട്ടു ഒരു വര്‍ഷം കഴിഞ്ഞിട്ടും അതിനെപ്പറ്റി ആലോചന പോലും തുടങ്ങാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കേരള ഗസറ്റെഡ് ഓഫീസഴ്‌സ് യൂണിയന്‍ സെക്രട്ടറിയറ്റ് അംഗം കൊളത്തൂര്‍ നാരായണന്‍ പ്രസ്താവിച്ചു. പങ്കാളിത്ത പെന്‍ഷന്‍ വാഗ്ദാന വഞ്ചന, ക്ഷാമ ബത്ത കുടിശ്ശിക, ലീവ് സറണ്ടര്‍ കവര്‍ന്നത്, ചികിത്സ സഹായം നിര്‍ത്തലാക്കി ഇന്‍ഷുറന്‍സ് കമ്പനിയുടെ കൊള്ള ലാഭത്തിനു ജീവനക്കാരെ എറിഞ്ഞു കൊടുത്തത്, ലഭിക്കുന്ന ശമ്പളത്തില്‍ നിന്ന് പോലും കൈയിട്ടു വാരാനുള്ള വിഫല ശ്രമങ്ങള്‍, പ്രധാന അധ്യാപകരുടെ തലയില്‍ വീണ്ടും ഉച്ചക്കഞ്ഞിയുടെ ഭാരം കയറ്റി വെക്കാന്‍ ശ്രമിക്കുന്നത്, ആശുപത്രി ഉപകരണങ്ങളും ആവശ്യമരുന്നുകളും വാങ്ങാന്‍ നീക്കിവെച്ച ബജറ്റ് വിഹിതം മുക്കി ചികിത്സ അപര്യാപ്തകളുടെ ഉത്തരവാദിത്തം ഡോക്ടര്‍മാരുടെ തലയില്‍ കെട്ടി വെക്കുന്നത് മുതലായ ദ്രോഹ നടപടികള്‍ പാടെ തമസ്‌കരിച്ചു സര്‍ക്കാരിന് വാഴ്ത്തു പാട്ടെഴുതുന്ന സംഘടനകള്‍ ജീവനക്കാരോടൊപ്പം നില്‍ക്കാന്‍ തയ്യാറാകണം. ശമ്പള പരിഷ്‌കരണ നടപടികള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ആരംഭിക്കാത്തത്തില്‍ പ്രതിഷേധിച്ചു സംഘടന ആചരിച്ച വഞ്ചനാ ദിന പൊതുയോഗം കാസറഗോഡ് ജില്ലാ കള്ളക്ടറേറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. കെ വി പ്രമോദ് അധ്യക്ഷത വഹിച്ചു. സി സുനില്‍ കുമാര്‍, വി ശ്രീവിദ്യ, സി ജി രവീന്ദ്രന്‍, വിനോദ് രാജ് എറുവാട്ട്, എസ്. കണ്ണന്‍, കെ ബി രാമു, ജോര്‍ജ് ജോസഫ്, മുഹമ്മദ് സ്വാലിഹ് മുതലായവര്‍ പ്രസംഗിച്ചു. രാജീവന്‍ പെരിയ സ്വാഗതവും കെ ആര്‍ വിമല നന്ദിയും പറഞ്ഞു.