കാസര്‍ഗോഡ് ചികിത്സ അപര്യാപ്തത ഏറ്റവും കൂടുതലുള്ള ജില്ല, ഇവിടെ എയിംസ് അനുവദിക്കണം; ദയാബായി.

രാജപുരം: കേരളത്തില്‍ എയിംസിന് ഏറ്റവും അര്‍ഹതയുള്ള ജില്ല കാസര്‍ഗോഡ് ആണ് എന്നും, മറ്റേത് ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് കാസര്‍ഗോഡ് ആണ് എന്നും ദയാബായി. രാജപുരം സെന്റ് പയസ് ടെന്ത് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമ്പോള്‍ അഭിപ്രായപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സമാനതകള്‍ ഇല്ലാത്തതാണ്. ഗുരുതരമായ ചികിത്സാ പിഴവുകള്‍ കാസര്‍ഗോഡ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത മൂലമാണ്. കാസര്‍ഗോഡ് അനുവദിക്കപ്പെട്ട മെഡിക്കല്‍ കോളേജ്, മെഡിക്കല്‍ കോളേജിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ പറ്റിയതല്ല. ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ അവിടെയില്ല. ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ല കൂടിയാണ് കാസര്‍ഗോഡ്. രോഗികള്‍ക്ക് കൂടുതലായി കര്‍ണാടക സംസ്ഥാനത്തെ ആശുപത്രികളെ ആശ്രയിക്കേണ്ടതായി വരുന്നു. പുതുതലമുറയില്‍ പെട്ട വിദ്യാര്‍ത്ഥികള്‍, സമൂഹത്തില്‍ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് പൂര്‍ണ്ണ ബോധവാന്മാരാകണം.

ഗ്രാമീണ മേഖലകളിലെ ജീവിതം മെച്ചപ്പെടുന്നതിന് ഉപോല്‍ബലകം ആകുന്ന രീതിയില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സിലബസ് പൊളിച്ചെഴുതണം. സോഷ്യല്‍ വര്‍ക്ക് കോഴ്‌സിന് പഠിക്കുന്ന കാലത്ത്, ഗ്രാമീണ മേഖലയിലെ ജീവിത മാറ്റത്തെക്കുറിച്ച് സ്പര്‍ശിക്കാത്ത സിലബസ് കണ്ട് ദുഃഖിതയായി കോഴ്‌സ് പഠനം അവസാനിപ്പിച്ച അനുഭവവും, പിന്നീട് പ്രസ്തുത കോളേജ് തന്നെ സിലബസ് പൊളിച്ചെഴുതി മാറ്റങ്ങള്‍ കൊണ്ടുവന്നതും ദയാബായി അനുഭവത്തിന്റെ ഭാഗമായി ഓര്‍മ്മിച്ചെടുത്തു. രാജപുരം കോളേജിലെ വിദ്യാര്‍ത്ഥികളുമായി ഒരു മണിക്കൂര്‍ ദയബായി സംവദിച്ചു. ദയാബായിയുമായി സംവദിക്കുവാനുള്ള പരിപാടി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയത് നാഷണല്‍ സര്‍വീസ് സ്‌കീം, നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *