രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലാണ് അഭിമാനകരവും വിസ്മയകരവുമായ നേട്ടം.
രാജപുരം: ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലൂടെ കണ്ടെത്തിയ പുതിയ ബാക്ടീരിയകള്‍ക്ക് കോളേജിന്റെ പേര് നല്‍കി ഗവേഷകര്‍.
ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള ജീന്‍ ബാങ്കില്‍ സെന്റ് പയസ് മൈക്രോ എന്ന പേര് നല്‍കി നിക്ഷേപിച്ചതിലൂടെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ വിദ്യാര്‍ഥികളും അധ്യാപകരും കരസ്ഥമാക്കിയത് ചരിത്രപരമായ നേട്ടം
അധ്യാപകരായ ഡോ. എന്‍ വി വിനോദ്, ഡോ. സിനോഷ് സ്‌കറിയാച്ചന്‍, ഡോ. കെ എന്‍ അഭിനി എന്നിവരുടെ നേതൃത്വത്തില്‍ മൈക്രോബയോളജി ബിരുദ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗവേഷണ പ്രോജക്ട് പുതിയ 4 ബാക്ടീരിയകള്‍ കണ്ടെത്തിയതാണ് ലോകത്തിന്റെ നെറുകയിലേക്ക് ഈ പാഠ്യ പ്രക്രിയയെ എത്തിച്ചത്. ആഗോള ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ആദ്യ രണ്ട് ശതമാനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതും മികച്ച മൈക്രോബയോളജി അധ്യാപകനായി മുന്‍പ് ദേശീയ തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകനുമായ ഡോ. സിനോഷ് സ്‌കറിയച്ചന്‍ വിദ്യാര്‍ത്ഥികള്‍ കണ്ടെത്തിയ 4 ബാക്ടീരിയകള്‍ക്കും കോളേജിന്റെ പേര് നല്‍കി, ലോകാരോഗ്യ സംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര ജീന്‍ ബാങ്കില്‍ നിക്ഷേപിച്ചതോടെ പ്രസ്തുത പാഠ്യ പ്രക്രിയ വിപ്ലവാത്മകമായി മാറി. എസ് ടി പി മൈക്രോ 1, 2, 3, 4 എന്ന് നാമകരണം ചെയ്യപ്പെട്ട അപകടകാരികളല്ലാത്ത ‘സ്റ്റെഫയലോകോക്കസ്, ബ്രെവിബാസില്‌സ്, ഭാര്‍ഗവായ’ എന്നിവയോടു ജനിതക സാമ്യമുള്ള പുതിയ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തിന്റെ ചര്‍മ്മത്തില്‍ നിന്നും, മത്സ്യ വേസ്റ്റില്‍ നിന്നും ആണ് കണ്ടെത്തിയത്. വി കെ ചന്ദന, എ അനന്യ, ഹാലിമ സിയ , വി ശ്രീക്കുട്ടി, കെ ആര്‍ ഹരികൃഷ്ണന്‍, ടി അര്‍ജുന്‍ , വി അര്‍ജുന്‍, എ അശ്വിന്‍ രാജ്, സി എച് നയീമ, ടി പി അമൃത, അയ്ഷത് മുബീന, മറിയ ടോം, സായിവര്‍ഷ എന്നീ വിദ്യാര്‍ഥികളാണ് നേട്ടത്തിന് പിന്നില്‍. കോളേജിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട നാല് ബാക്ടീരിയകളും അമേരിക്കയിലെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്റെ അന്താരാഷ്ട്ര ജീന്‍ ബാങ്കില്‍ ഡെപ്പോസിറ്റ് ചെയ്തു. പുതുതായി കണ്ടു പിടിക്കപ്പെടുന്ന പല ബാക്ടീരിയകള്‍ക്കും ഗവേഷകരുടെ പേര് നല്‍കുന്ന സമ്പ്രദായത്തില്‍ നിന്നും വ്യത്യസ്തമായി പഠിപ്പിക്കുന്ന സ്ഥാപനത്തോടുള്ള ബഹുമാനപുരസരം സെന്റ് പയസിലെ ഗവേഷകര്‍ സ്ഥാപനത്തിന്റെ പേര് നല്‍കുകയായിരുന്നു. ഭാവിയില്‍ കണ്ടുപിടിക്കപ്പെടാവുന്ന പല മരുന്നുകള്‍ക്കും സെന്റ് പയസ് ബാക്ടീരിയകള്‍ മൂല കാരണമായിത്തീരും എന്നുള്ളതാണ് സവിശേഷത. കാസര്‍ഗോഡിന്റെ ഉള്‍നാടന്‍ മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ എയ്ഡഡ് കോളേജ് ആയ രാജപുരം കോളേജ് ഇതിനുമുമ്പും മികച്ച നേട്ടങ്ങളുമായി വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. സാധാരണക്കാരായ വിദ്യാര്‍ത്ഥികളെ, വലിയ സ്വപ്നസാക്ഷാത്കാരത്തിലേക്ക് കൈപിടിച്ചുയര്‍ത്തുവാന്‍ ഉന്നത യോഗ്യതയുള്ള അധ്യാപകര്‍ക്കാകുന്നു എന്നുള്ളതാണ് കോളേജിന്റെ ഏറ്റവും വലിയ സവിശേഷതയായി കാണുന്നത് എന്ന് പ്രിന്‍സിപ്പല്‍ ഡോ.ബിജു ജോസഫ് അഭിപ്രായപ്പെട്ടു. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകരെ കോട്ടയം അതിരൂപത സഹായ മെത്രാനും കോളേജ് മാനേജരുമായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അഭിനന്ദിച്ചു.