കാസര്‍കോട് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ കമ്മിറ്റി നേരിട്ട് നടത്തുന്ന ചട്ടഞ്ചാല്‍ എം.ഐ. സി ദാറൂല്‍ ഇര്‍ഷാദ് അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയായ ഇമാദ് കമ്മിറ്റിയില്‍ നിന്നും എസ്.കെ.എസ്.എസ്. എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര യെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലെ വാചകങ്ങള്‍ അസത്യവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും എസ്.കെ.എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
എസ്.കെ.എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറിയുടെ മേല്‍ ആരോപിച്ച ലീഗ് വിരുദ്ധതയും പാണക്കാട് വിരോധവും തീര്‍ത്തും അസംബന്ധമാണ്. യൂത്ത് ലീഗ് ശാഖ ജനല്‍ സെക്രട്ടറി കൂടിയായ ഇര്‍ഷാദ് ഹുദവി തികഞ്ഞ ലീഗ് പാരമ്പര്യ കുടുംബത്തിലെ കണ്ണിയും രാഷ്ട്രീയമായി മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് വേണ്ടി ആത്മാര്‍ത്ഥ പ്രവര്‍ത്തനം നടത്തുന്നവരുമാണ്. പാണക്കാട് കുടുംബവുമായി ഊഷ്മള ബന്ധം പുലര്‍ത്തുന്ന ഹുദവിയുടെ ഭാഗത്തു നിന്ന് സമുദായ ഭദ്രതയ്ക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവര്‍ത്തനവും ഉണ്ടാവാതിരുന്നിട്ടും അദ്ദേഹത്തെ വിരുദ്ധ ചേരിയിലെ ആളാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇമാദിന്റെ നീക്കം ജില്ലയില്‍ സ്തുത്യര്‍ഹമായി നടന്നു പോവുന്ന സമസ്ത- ലീഗ് ബന്ധം തകര്‍ക്കാനുള്ള ശ്രമമാണ്. ജില്ലയിലെ ബഹു ഭൂരിഭാഗം എസ്.കെ.എസ്.എസ് എഫ് നേതാക്കളും പ്രവര്‍ത്തകരും പ്രാദേശിക മുസ്ലിംലീഗ് ഭാരവാഹിത്വം വഹിക്കുന്നവരും സജീവ പ്രവര്‍ത്തകരുമാണ്. എന്നിരിക്കെ സംഘടന സെക്രട്ടറിക്കെതിരെ ഇത്തരം വില കുറഞ്ഞ വിരുദ്ധ ആരോപണം ഉന്നയിച്ച് സംഘടന പ്രവര്‍ത്തകര്‍ മുസ്ലിംലീഗിനെതിരാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഇമാദിന്റെ ഗൂഢ തന്ത്രത്തെ ശാഖ യൂത്ത് ലീഗ് നേതൃത്വം ശക്തമായ ഭാഷയില്‍ തന്നെ എതിര്‍ത്തിട്ടുണ്ടെന്നും വിരുദ്ധ ചേരിയില്‍ നിന്ന് വരുന്ന ഇത്തരം നീക്കങ്ങളെ പ്രവര്‍ത്തകര്‍ കരുതിയിരിക്കണമെന്നും സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്ത നടപടിക്രമം സമസ്ത നേതൃത്വം അംഗീകരിച്ചെന്നിരിക്കെ ഒരു റെയ്ഞ്ച് ഭാരവാഹി പോലുമല്ലാത്ത ഇര്‍ഷാദ് ഹുദവിയെ സംസ്ഥാന അദ്ധ്യക്ഷന്റെ സ്ഥാന മാറ്റത്തില്‍ ബന്ധപ്പെടുത്തുന്നത് ബുദ്ധിശൂന്യവും സമസ്ത നേതൃത്വത്തിനെതിരെയുള്ള പക പോക്കലുമാണെന്ന് സെക്രട്ടറിയേറ്റ് വിലയിരുത്തി.
എം.ഐ.സി സ്ഥാപങ്ങളുടെ ഉത്തമ സഹകാരികളും സ്ഥാപനത്തിന്റെ മേഖലാ കമ്മിറ്റികളില്‍ ഭാരവാഹിത്വം വഹിക്കുന്നവരുമാണ് എസ്.കെ. എസ് എസ് എഫ് പ്രവര്‍ത്തകരും നേതാക്കളും. എം. ഐ.സി കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി കൂടിയായ ഇഷാദ് ഹുദവി സ്ഥാപന സമ്മേളനത്തിനടക്കം മികച്ച പ്രവര്‍ത്തനം നടത്തിയവരും മാതൃ സ്ഥാപനവുമായി ബന്ധം പുലര്‍ത്തുന്നവരുമാണ്. ജില്ലാ കമ്മിറ്റിയുടെ പല പരിപാടികളും എം. ഐ.സി യില്‍ നടത്തുകയും മനസ്സറിഞ്ഞ ഒരുക്കവും സ്വീകരണവും സ്ഥാപനം നല്‍കി പോരുകയും ചെയ്യുന്നുണ്ട്. എം. ഐ.സി യുമായുള്ള സംഘടന പ്രവര്‍ത്തകരുടെ ആത്മ ബന്ധത്തെ തകര്‍ക്കാന്‍ മാത്രമേ ഇത്തരം വില കുറഞ്ഞ ആരോപണം കൊണ്ട് സാധിക്കുകയുള്ളൂ . ഇമാദിന്റെ വാര്‍ത്താ കുറിപ്പിലെ ഷജറ പ്രയോഗം കവല ച്ചട്ടമ്പികളുടെ നിലവാരത്തിലേക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയെ കൊണ്ടെത്തിക്കുമെന്ന് സെക്രട്ടറിയേറ്റ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് സുബൈര്‍ ദാരിമി പടന്ന, സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ട്രഷറര്‍ സഈദ് അസഅദി പുഞ്ചാവി, വര്‍ക്കിംഗ് സെക്രട്ടറി സിദ്ധീഖ് ബെളിഞ്ചം വൈസ് പ്രസിഡന്റുമാരായ സയ്യിദ് ഹംദുള്ള തങ്ങള്‍ മൊഗ്രാല്‍, യൂനുസ് ഫൈസി കാക്കടവ്, കബീര്‍ ഫൈസി പെരിങ്കടി, അബ്ദു റസാഖ് അസ്ഹരി പാത്തൂര്‍, അബ്ദുള്ള യമാനി മേല്‍പറമ്പ്, ജോയിന്‍ സെക്രട്ടറിമാരായ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, റാഷിദ് ഫൈസി ആമത്തല, ജമാല്‍ ദാരിമി ആലംപാടി,ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരായ ശരീഫ് മാസ്റ്റര്‍ ബാവ നഗര്‍, ഫൈസല്‍ ദാരിമി ഉപ്പള, അന്‍വര്‍ തുപ്പക്കല്‍, സെക്രട്ടറിയേറ്റ് അംഗങ്ങളായ സ്വാലിഹ് ഹുദവി കടമ്പാര്‍, , ലത്തീഫ് തൈക്കടപ്പുറം, ഉസാം പള്ളങ്കോട്, ഹാഷിം യു.കെ.ഓരിമുക്ക്, ഇല്യാസ് ഹുദവി ഉറുമി, സൂപ്പി മവ്വല്‍, റാസിക്ക് ഹുദവി പേരാല്‍, നാസര്‍ അസ്ഹരി കുഞ്ചത്തൂര്‍ എന്നിവര്‍ സംയുക്തമായി അഭിപ്രായപ്പെട്ടു.