കാഞ്ഞങ്ങാട്: പഴയ ബസ്സ് സ്റ്റാന്റ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തു ബസുകള്‍ക്ക് തുറന്നുകൊടുക്കാതെ പൊതുജനങ്ങളെയും മോട്ടോര്‍ തൊഴിലാളികളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുകയും വാഹനങ്ങള്‍ മണിക്കൂറുകളോളം നിര്‍ത്തിയിടേണ്ട സാഹചര്യവും ഉണ്ടാവുകയാണ്. കൂടാതെ ബസ്സ് സ്റ്റാന്റിന് അനുബന്ധറോഡായ ശ്രീകൃഷ്ണമന്ദിര്‍ റോഡും ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയാണ്. നഗരസഭയുടെ ഈ കെടുകാര്യസ്ഥതയില്‍ ഭാരതീയ മസ്ദൂര്‍ സംഘം ഹോസ്ദുര്‍ഗ് മേഖലകമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഈ വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഇനിയും നടത്തിയില്ലെങ്കില്‍ നഗരസഭ സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും, ആശാസ്ത്രീയമായ ട്രാഫിക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെയും ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ബി. എം.എസ് ഹോസ്ദുര്‍ഗ് മേഖല കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ബിഎംഎസ് സംസ്ഥാന സമിതി അംഗം വി. ബി സത്യനാഥ് ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു.ബി. എം. എസ് ഹോസ്ദുര്‍ഗ് മേഖല പ്രസിഡണ്ട് ഭാസ്‌കരന്‍ ചെമ്പിലോട്ട് അധ്യക്ഷത വഹിച്ചു. ബി. എം. എസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു, ജില്ലാ ഉപാധ്യക്ഷന്‍ ഭരതന്‍ കല്യാണ്‍റോഡ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ വാഴക്കോട്, പ്രദീപ് കേളോത്ത്, മടിക്കൈ മേഖല പ്രസിഡന്റ് മണി വാഴക്കോട് എന്നിവര്‍ സംസാരിച്ചു.പുതിയ കോട്ടയില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് സുധീഷ് മുത്തപ്പന്‍ തറ, സുനില്‍ ശിവജിനഗര്‍, ഗിരീഷ് കാട്ടുകുളങ്ങര,ബാലകൃഷ്ണന്‍ സൂര്യോദയം, കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര, രാകേഷ്, തങ്കമണി പുതിയകണ്ടം, വാസന്തി പുതിയകണ്ടം, മനോജ് കല്യാണം, ഗോപാലകൃഷ്ണന്‍,ശാന്തി ചെമ്മട്ടം വയല്‍,എന്നിവര്‍ നേതൃത്വം നല്‍കി. കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍ സ്വാഗതവും രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു