ബെംഗളൂരു: ബെംഗളൂരുവില്‍ കനറാ ബാങ്കില്‍ വന്‍ കവര്‍ച്ച. ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 59 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം രൂപയുമാണ് മോഷണം പോയത്. ബാങ്കില്‍ സംഘടിപ്പിച്ച ആഭ്യന്തര കണക്കെടുപ്പിലാണ് 59 കിലോ ഗ്രാം സ്വര്‍ണ്ണം നഷ്ടപ്പെട്ട വിവരം പുറത്ത് വന്നത്. തുടര്‍ന്ന് മെയ് 26-ാം തീയതി ബാങ്ക് മാനേജര്‍ അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി.
അതേസമയം മെയ് 23 നും 25 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് വിവരം. മെയ് 23 ന് വൈകുന്നേരം പതിവുപോലെ ബാങ്ക് അടച്ച് ജീവനക്കാര്‍ ഇറങ്ങി. 24, 25 തീയതികള്‍ നാലാം ശനിയും ഞായറുമായിരുന്നതിനാല്‍ ബാങ്ക് പ്രവര്‍ത്തിച്ചിരുന്നില്ല. മെയ് ആറാം തീയതി ശുചീകരണ തൊഴിലാളി എത്തിയപ്പോഴാണ് ബാങ്കിന്റെ ഷട്ടര്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബാങ്കില്‍ മോഷണം നടന്നതായി മനസ്സിലാവുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി എട്ട് അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു.