ന്യൂഡല്‍ഹി: ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ ലാന്‍ഡിംഗ് പൈലറ്റ് വൈകിച്ചു. റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന 6E 6313 വിമാനത്തിന്റെ ലാന്‍ഡിംഗാണ് വൈകിയത്. റായ്പൂരില്‍ നിന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 5.05 ന് എത്തിച്ചേരേണ്ട ഇന്‍ഡിഗോ വിമാനമായിരുന്നു ഇത്. ശക്തമായ കാറ്റ് കാരണം 5.43 നാണ് വിമാനം ലാന്‍ഡ് ചെയ്തത്. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ വിമാനം ലാന്‍ഡിംഗ് ചെയ്യാന്‍ കഴിയില്ലയെന്ന് പൈലറ്റ് വ്യക്തമാക്കി.വിമാനം വീണ്ടും ഉയരത്തിലേക്ക് ഉയര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഇന്നലെ ഇടിമിന്നലോടുകൂടി ശക്തമായ മഴയും കാറ്റും ഉണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കിഴക്ക്-തെക്കുകിഴക്ക് ദിശയിലേക്ക് നീങ്ങുന്ന മേഘക്കൂട്ടമാണ് കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായതെന്നും കാലാവസ്ഥാ വകുപ്പ് (IMD) പറഞ്ഞു. ഡല്‍ഹിയിലെ തെക്കന്‍ ഭാഗങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയതായും രണ്ട് മണിക്കൂറിനുള്ളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയതായും റിപ്പോര്‍ട്ടുണ്ട്.