ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 സജീവ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ-ക്ഷേമ മന്ത്രാലയം (MoHFW) തിങ്കളാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 203 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 3,961 ആയി ഉയര്‍ന്നു.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്. 1,435 സജീവ കേസുകളാണ് കേരളത്തിലുള്ളത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്ര (506), ഡല്‍ഹി (483), ഗുജറാത്ത് (338), പശ്ചിമ ബംഗാള്‍ (331) എന്നിവയാണ്. കര്‍ണാടക (253), തമിഴ്നാട് (189), ഉത്തര്‍പ്രദേശ് (157), രാജസ്ഥാന്‍ (69) എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുണ്ട്.
മെയ് 22-ന് 257 സജീവ കേസുകളുണ്ടായിരുന്നത് മെയ് 26 ആയപ്പോഴേക്കും 1,010 ആയി ഉയര്‍ന്നു. പിന്നീട് ജൂണ്‍ 2 ആയപ്പോഴേക്കും ഇത് മൂന്നിരട്ടിയായി 3,961 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് കോവിഡ്-19 കേസുകള്‍ വീണ്ടും കൂടുന്ന പ്രവണതയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.