പാലക്കുന്നിലെ ഓവുചാലിന് സ്ലാബിട്ട് അപായം ഒഴിവാക്കി ; പക്ഷേ ഓവുചാലിലൂടെ ഒഴുകേണ്ട അഴുക്കു വെള്ളം റോഡിലൂടെ തന്നെ ഒഴുകുമെന്ന് നാട്ടുകാര്‍

പാലക്കുന്ന്: അപകട ഭീഷണിയായ പാലക്കുന്നിലെ ഓവുചാലിന് താല്‍ക്കാലിക ആശ്വാസമെന്നോണം സ്ലാബുകള്‍ നിരത്തി അടപ്പ് ഒരുക്കി. കാഞ്ഞങ്ങാട് പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഏര്‍പ്പെടുത്തിയ കോണ്‍ട്രാക്ടറും ജോലിക്കാരും ജെസിബിയുമായെത്തി ഏതാനും മണിക്കൂറില്‍ സ്ലാബുകളിട്ടു. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്ത്, പാലക്കുന്ന് ക്ഷേത്ര ഗോപുരം മുതല്‍ മര്‍ച്ചന്റ് നേവി ക്ലബ്ബിലേക്കുള്ള കപ്പണക്കാല്‍ റോഡിലേക്ക് തിരിയുന്ന ഇടം വരെയുള്ള
ഓവുചാലിന്റെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളക്കി മാറ്റിയിട്ട് മാസങ്ങളായി. അടപ്പുകള്‍ ഇല്ലാത്ത ഈ ഓവുചാലിനോട് ചേര്‍ന്നാണ് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കുള്ള പ്രധാന ഗേറ്റും സ്‌കൂള്‍ മതിലും. സ്‌കൂള്‍ ബസ്സുകളും കുട്ടികളും പോകേണ്ടുന്ന ഇടത്ത് അടപ്പുകള്‍ ഇല്ലാത്ത ഓവുചാല്‍ അപായ ഭീഷണിയായിരുന്നു. ഇതേപ്പറ്റി പത്രവാര്‍ത്തകളും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ തുടര്‍ച്ചയായ ഇടപെടലുകളും ശക്തമായപ്പോള്‍ റോഡിന്റെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പാണ് ഓവുചാലിന് സ്ലാബുകള്‍ നിരത്തി താല്‍ക്കാലിക പരിഹാരം തീര്‍ത്തത്. പക്ഷേ വെള്ളം ഒഴുകേണ്ട ഓവുചാലില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. അത് ആര് എപ്പോള്‍ നീക്കം ചെയ്യുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

സ്ലാബിട്ടെങ്കിലും അഴുക്ക് വെള്ളം
ഒഴുകില്ല

തിങ്കളാഴ്ച സ്‌കൂളുകള്‍ തുറക്കാനിരിക്കെ മര്‍ച്ചന്റ്‌നേവി ക്ലബിലേക്ക് തിരിയുന്ന ഇടംവരെ ഓവുചാല്‍ സ്ലാബിട്ട് മൂടിയെങ്കിലും കാലവര്‍ഷം തുടങ്ങിയാല്‍ അതിലൂടെയുള്ള അഴുക്കു വെള്ളം തിരക്കേറിയ സംസ്ഥാന പാതയിലേക്ക് വഴിമാറി ഒഴുകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. പാലക്കുന്ന് ക്ഷേത്ര ഗോപുരം മുതല്‍ കോട്ടിക്കുളം ജുമാമസ്ജിദ് റോഡ് വരെയുള്ള ഓവുചാലില്‍ മാലിന്യം നിറഞ്ഞിരിക്കുകയാണ്. പിന്നെങ്ങിനെ ഇതിലൂടെ വെള്ളം ഒഴുകുമെന്നാണ് ആ ഭാഗത്തുള്ളവരുടെയും ചോദ്യം.അവിടെ ഓവുചാലില്‍ ആദ്യം മുതലേ അടപ്പുകള്‍ ഇല്ലെത്രെ. ഓവുചാലിനോട് ചേര്‍ന്നുള്ള ഓരം കാടുകള്‍ കയറി വൃത്തികേടായി കിടക്കുന്നു. ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി മടുത്തുവെന്നാണ് അവരുടെ പരാതി. ജില്ലാ-ബ്ലോക്ക് പഞ്ചായത്തുകളുടെ ക്ളീന്‍ സിറ്റി അവാര്‍ഡ് നേടിയ ടൗണ്‍ ആണ് പാലക്കുന്ന്.

Leave a Reply

Your email address will not be published. Required fields are marked *