ഡിജിറ്റല്‍ അറസ്റ്റു ഭയന്ന വയോധികനു തുണയായി ഫെഡറല്‍ ബാങ്ക്

തന്റെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ടുകൊണ്ട് എഴുപത്താറുകാരനായ ഇടപാടുകാരന്‍ സമീപിച്ചപ്പോള്‍ ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ, തന്റെ മുംബൈ ശാഖയിലുള്ള അക്കൗണ്ടിലെ പണവും ചേര്‍ത്ത് മുഴുവനായി ഉടനടി ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എന്തോ പന്തികേട് തോന്നി. രണ്ട് അക്കൗണ്ടിലുമായി ആറുലക്ഷത്തിലധികം രൂപയുണ്ടായിരുന്നു.

പണമയക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥര്‍ മാനേജരുമായി സംസാരിക്കാന്‍ വയോധികനോട് ആവശ്യപ്പെട്ടു. എന്താവശ്യത്തിനാണ്, ആര്‍ക്കാണ് പണമയക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ മാനേജര്‍ ചോദിക്കുന്നതിനിടയില്‍ വയോധികന് ഒരു വീഡിയോ കോള്‍ വന്നു. ആകെ ഭയന്ന് വിറച്ചാണ് വയോധികന്‍ കോള്‍ എടുത്തത്. ആരാണ് കോള്‍ ചെയ്തതെന്ന് മാനേജര്‍ ചോദിച്ചതിന് മുംബൈ പോലീസ് ആണെന്നായിരുന്നു വയോധികന്റെ മറുപടി.

ഈ ഘട്ടത്തില്‍ മാനേജര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള യൂണിഫോം ധരിച്ച്, ഓഫീസ് പശ്ചാത്തലിരുന്നാണ് അയാള്‍ സംസാരിച്ചത്.

4 കോടി രൂപയുടെ ഒരു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതിയാണ് വയോധികന്‍ എന്നും കേസ് കഴിയുന്നത് വരെ അക്കൗണ്ടിലെ തുക കേന്ദ്ര പൂള്‍ അക്കൗണ്ടിലേക്ക് മാറ്റേണ്ടതുണ്ടെന്നും അയാള്‍ മാനേജരെ അറിയിച്ചു. കേസുണ്ടെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കാനാണല്ലോ പൊലീസോ കോടതിയോ ആവശ്യപ്പെടാറുള്ളതെന്ന് മാനേജര്‍ അയാളോട് പറഞ്ഞു. അക്കൗണ്ടില്‍ നിന്ന് ഉടനടി പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്തില്ലെങ്കില്‍ മാനേജര്‍ക്കെതിരെയും കേസെടുക്കുമെന്ന് അയാള്‍ ഭീഷണി മുഴക്കി.

അത്രയുമായപ്പോള്‍ മാനേജര്‍ ബാങ്കിന്റെ മലപ്പുറം റീജിയണല്‍ ഹെഡ് ആയ അനൂപ് ലാലിനെ ബന്ധപ്പെട്ടു. വിവരം എത്രയും വേഗം പോലീസില്‍ അറിയിക്കാനും അക്കൗണ്ടുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാനുമാണ് റീജിയണല്‍ ഹെഡ് നിര്‍ദ്ദേശിച്ചത്. രണ്ട് കാര്യങ്ങള്‍ക്കും വയോധികന്‍ സമ്മതം അറിയിച്ചു. തുടര്‍ന്ന് തവനൂരിലെയും മുംബൈയിലെയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും പോലീസ് സ്റ്റേഷനില്‍ ചെന്ന് വിവരം അറിയിക്കുകയും ചെയ്തു.

തട്ടിപ്പുകാരുമായി ബന്ധപ്പെടാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ചോഫ് ആയിരുന്നു. പരാതി രേഖപ്പെടുത്തിയതിനു ശേഷം വയോധികനും മാനേജരും ബ്രാഞ്ചിലേക്കു മടങ്ങി. അക്കൗണ്ടിലെ പണം നഷ്ടപ്പെടാതെ സംരക്ഷിച്ചതിന് ഫെഡറല്‍ ബാങ്ക് തവനൂര്‍ ശാഖയിലെ ഉദ്യോഗസ്ഥര്‍ക്കും മാനേജരായ പി കെ ശശികുമാറിനും നന്ദി പറഞ്ഞുകൊണ്ടാണ് വയോധികന്‍ ബ്രാഞ്ചില്‍ നിന്ന് മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *