വായനശാലകള്‍ സാമൂഹിക പുരോഗതിയുടെ കേന്ദ്രങ്ങളാകണം: മുഖ്യമന്ത്രി പിണറായി വിജയന്‍

വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്നങ്ങള്‍ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി വാര്‍ത്തെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളില്‍ 10 ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങള്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ലൈബ്രറികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളുണ്ട്. അവരെ വായനശാലകളിലേക്ക് ആകര്‍ഷിക്കുക എന്നത് പ്രധാനമാണ്. ഇതിന് സഹായകമായ ഒന്നായി ‘വായനാ വസന്തം’ പദ്ധതി മാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ വായനയുടെ പ്രാധാന്യം ആഴത്തില്‍ വേരൂന്നിയതിന് പിന്നില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം വഹിച്ച പങ്ക് വളരെ വലുതാണ്. നാടിന്റെ മുക്കിലും മൂലയിലും ഇന്ന് കാണുന്ന വായനശാലകള്‍ക്ക് പിന്നില്‍ ഈ പ്രസ്ഥാനം പ്രചോദന ശക്തിയായി നിന്നു. പുതുതലമുറയെ വായനയിലേക്ക് കൈപിടിച്ചു നടത്താന്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം എല്ലാ കാലത്തും ശ്രദ്ധിച്ചിട്ടുണ്ട്. വായനശാലകളില്‍ സ്ഥാപിച്ച എഴുത്തുപെട്ടികള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന വായനോത്സവം, ചില്‍ഡ്രന്‍സ് ഹോം ലൈബ്രറി സര്‍വീസ് തുടങ്ങിയവ ഇതിന്റെ ഉദാഹരണങ്ങളാണ്.

സ്ത്രീകള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ഗ്രന്ഥശാലാ സേവനങ്ങള്‍ എത്തിക്കുന്നതിന് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ശ്രമങ്ങളെ സമൂഹം താല്‍പ്പര്യത്തോടെയാണ് വീക്ഷിക്കുന്നത്. ട്രൈബല്‍ ലൈബ്രറികളും ജയില്‍ ലൈബ്രറികളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പരിപോഷിപ്പിക്കാനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍, വെളിച്ചത്തെ ഭയപ്പെടുകയും ഇരുട്ടില്‍ മാത്രം വളരുകയും ചെയ്യുന്ന ശക്തികള്‍ക്കെതിരെ ജനമനസ്സുകളില്‍ ജാഗ്രത ഉണര്‍ത്തേണ്ടതുണ്ട്. ഇതിന് ‘വായനാ വസന്തം’ പദ്ധതി സഹായകമാകുമെന്നും ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ ഈ വിഷയങ്ങളില്‍ ഗൗരവപൂര്‍വം ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വീടുകളിലേക്ക് എത്തുന്ന പുസ്തകങ്ങള്‍ വായിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം. പൊതുവിടങ്ങളിലെ ചര്‍ച്ചകള്‍ക്കൊപ്പം, ഇന്നത്തെ കാലത്ത് ഓണ്‍ലൈന്‍ ചര്‍ച്ചകളും സാധ്യമാണ്. ഇത്തരം ചര്‍ച്ചകളും സംവാദങ്ങളും സാമൂഹിക പുരോഗതിക്ക് വലിയ സംഭാവന നല്‍കുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ലൈബ്രറികള്‍ പുസ്തകങ്ങള്‍ സൂക്ഷിക്കുന്നതിനും കൈമാറുന്നതിനും മാത്രമുള്ള ഇടങ്ങളല്ല, മറിച്ച് അനൗപചാരിക സര്‍വകലാശാലകളായാണ് അവയെ കാണേണ്ടത്. സാര്‍വത്രിക വിദ്യാഭ്യാസം ലഭ്യമല്ലാതിരുന്ന കാലത്ത് നാട്ടിന്‍പുറങ്ങളില്‍ വിജ്ഞാനം എത്തിക്കുകയും ലോകവീക്ഷണം രൂപപ്പെടുത്തുകയും ചെയ്ത ഇടങ്ങളാണ് ലൈബ്രറികള്‍.

ഇന്ന് വിദ്യാഭ്യാസം സാര്‍വത്രികമായെങ്കിലും, ലോക വിജ്ഞാന ശൃംഖലയിലൂടെ എത്തുന്ന അറിവില്‍ ശരിയും തെറ്റും കലര്‍ന്നിരിക്കുന്നു. ഇത് വേര്‍തിരിച്ചറിയാന്‍ കഴിയുന്ന രീതിയില്‍ പുതുതലമുറയെ പരിശീലിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെ, വിജ്ഞാന വിസ്ഫോടനത്തിന്റെ പുതിയ കാലഘട്ടത്തില്‍ ലൈബ്രറികളെ ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ശരിയായ അറിവിന്റെ കൈമാറ്റം ഇതില്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ലൈബ്രറികളുടെ സാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണെന്നത് അഭിമാനകരമാണെന്ന് ചടങ്ങില്‍ സംസാരിച്ച ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. വായനയിലൂടെ വളര്‍ന്ന ഒരു സമൂഹമാണ് കേരളത്തിലേത്. ഈ ധന്യമായ യാത്ര മുന്നോട്ട് കൊണ്ടുപോകാന്‍ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന് സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. വായനയിലൂടെ ‘ലോകസഞ്ചാരം’ നടത്താന്‍ കഴിയുമെന്നും പുതുതലമുറയെ വായനാശീലത്തിലേക്ക് കൊണ്ടുവരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ചടങ്ങില്‍, വയനാട് ദുരന്തബാധിതര്‍ക്കായി വീടുകളും ലൈബ്രറിയും നിര്‍മിക്കുന്നതിന് ദുരിതാശ്വാസ നിധിയിലേക്ക് 3.41 കോടി രൂപയുടെ ചെക്ക് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ക്കും ലൈബ്രേറിയന്മാര്‍ക്കുമുള്ള സൗജന്യ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് വിതരണം മന്ത്രി ആര്‍. ബിന്ദു നിര്‍വഹിച്ചു.

എം.എല്‍.എ.മാരായ കടകംപള്ളി സുരേന്ദ്രന്‍, വി.കെ. പ്രശാന്ത്, എഴുത്തുകാരായ എന്‍.എസ്. മാധവന്‍, സി.എസ്. ചന്ദ്രിക, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി വി.കെ. മധു, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *