കപ്പലില്‍ മരണപ്പെട്ടാല്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം: കോട്ടിക്കുളം മര്‍ച്ചന്റ്‌നേവി ക്ലബ് പൊതുയോഗം പ്രതിഷേധിച്ചു

പാലക്കുന്ന്: മര്‍ച്ചന്റ് നേവി കപ്പലുകളില്‍ നിന്ന് ജീവനക്കാര്‍ മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതില്‍ നിലവിലുള്ള കാലവിളംബം ഒഴിവാക്കണമെന്ന് കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലൂടെയുള്ള യാത്രാമധ്യേ വിവിധ കാരണങ്ങളാല്‍ കപ്പലുകളില്‍ മരണപ്പെടുന്ന ജീവനക്കാരുടെ മൃതദേഹം സാങ്കേതിക കുരുക്കുകളില്‍ പെട്ട് അവകാശികള്‍ക്ക് വിട്ടുകിട്ടാന്‍ നിലവില്‍ ദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുന്നുണ്ട്. ഒന്നിലേറെ മാസം കത്തിരിക്കേണ്ട അനുഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെന്ന് യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെയിലേഴ്‌സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കോഡിനേറ്റര്‍ ക്യാപ്റ്റന്‍ മനോജ് ജോയ് മെര്‍ച്ചന്റ് നേവി ക്ലബ്ബിനെ അറിയിച്ചിട്ടുണ്ട്.

ജപ്പാനില്‍ നിന്ന് യു എസ് ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടെ വില്യംസം കമ്പനിയുടെ ചരക്കു കപ്പലില്‍ നിന്ന് ഉദുമ സ്വദേശിയായ യുവനാവികന്‍ മരണപ്പെട്ട് 10 ദിവസം പിന്നിട്ടെങ്കിലും മൃതശരീരം ഇതുവരെയും നാട്ടിലെത്തിയിട്ടില്ല. ബന്ധുക്കളും കപ്പലോട്ടക്കാരും ആശങ്കയിലാണ്. കപ്പലില്‍ നിന്ന് ഇറക്കിയ മൃതശരീരം യു എസ്സിലെ ഹവായിയുടെ തലസ്ഥാനമായ ഹോണോലുലുവിലാണ് ഇപ്പോഴുള്ളത്. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായെന്നാണ് അറിയാന്‍ സാധിച്ചത്. മൃതദേഹം ഉടനെ നാട്ടിലെത്തിച്ച് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കാത്തിരിപ്പിന് അറുതി വരുത്തണമെന്ന് ജില്ലയിലെ കപ്പലോട്ടക്കാരുടെ സംഘടനയായ കോട്ടിക്കുളം മര്‍ച്ചന്റ് നേവി ക്ലബ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

പാലക്കുന്നിലെ റെയില്‍വേ മേല്‍പ്പാലം

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനുമായി കെട്ടുപിണഞ്ഞു കിടക്കുന്ന പാലക്കുന്നിലെ റെയില്‍വേ ഗേറ്റിലെ ഗതാഗത കുരുക്കും അപ്പുറം കടക്കാനുള്ള വാഹനങ്ങളുടെ അനിയന്ത്രിതമായ തിക്കും തിരക്കും ഒഴിവാക്കാന്‍ ഇവിടെ മേല്‍പ്പാലത്തിന് വേണ്ടിയുള്ള മുറവിളിക്ക് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. തറക്കല്ലിടല്‍ മാസങ്ങള്‍ മുന്‍പേ നടന്നെങ്കിലും മേല്‍പ്പാല നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ മര്‍ച്ചന്റ് നേവി ക്ലബ് വാര്‍ഷിക യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി.

പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി അധ്യക്ഷത വഹിച്ചു. യു.കെ. ജയപ്രകാശ്, പി.വി. കുഞ്ഞിക്കണ്ണന്‍, കെ. പ്രഭാകരന്‍, കൃഷ്ണന്‍ മുതിയക്കാല്‍, ഇബ്രാഹിം കാഞ്ഞങ്ങാട്, നാരായണന്‍ കുന്നുമ്മല്‍, സി. ആണ്ടി എന്നിവര്‍ പ്രസംഗിച്ചു.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളായി പാലക്കുന്നില്‍ കുട്ടി (പ്രസിഡന്റ്), പി. വി. കുഞ്ഞിക്കണ്ണന്‍,കെ.ഇബ്രാഹിം കാഞ്ഞങ്ങാട് (വൈ. പ്രസിഡന്റുമാര്‍), യു. കെ. ജയപ്രകാശ് (ജന. സെക്രട്ടറി), നാരായണന്‍ കുന്നുമ്മല്‍ (ഓര്‍ഗനൈസിങ് സെക്രട്ടറി), ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്, ബി.എ. രാധാകൃഷ്ണന്‍ (സെക്രട്ടറി.), കൃഷ്ണന്‍ മുതിയക്കാല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *