ചേര്‍ത്തല: യുകെജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസില്‍ രണ്ടാനച്ഛന്‍ പൊലീസ് പിടിയില്‍. ഇടുക്കി ആലങ്കോട് ജെയ്‌സണ്‍ ഫ്രാന്‍സീസ് (45) ആണ് ചേര്‍ത്തല പൊലീസിന്റെ പിടിയിലായത്. ഇയാള്‍ കുട്ടിയെ ഉപദ്രവിച്ചുവെന്ന് കാട്ടി ഗവണ്‍മെന്റ് ടൗണ്‍ എല്‍ പി സ്‌കൂള്‍ പി ടി എ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചും അവശനായി സ്‌കൂളില്‍ എത്തിയ കുട്ടിയോട് അധ്യാപകര്‍ കാര്യങ്ങള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടിയുടെ വീടിന്റെ പരിസരത്ത് കഴിയുന്നവരോട് പി ടി എ ഭാരവാഹികള്‍ അന്വേഷിക്കുകയും രാത്രികാലങ്ങളില്‍ കുട്ടിയുടെ നിലവിളി കേള്‍ക്കാറുണ്ടെന്ന് അയല്‍വാസികള്‍ പറയുകയും ചെയ്തു. തുടര്‍ന്നാണ് പി ടി എ പ്രസിഡന്റ് ദിനൂപ് വേണു പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം കുലി പണിക്കാരനായ ഇയാള്‍ മദ്യലഹരിയിലാണ് കുട്ടിയെ മര്‍ദ്ദിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കണ്ടെത്തുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.