കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: കേരളാ പൊലീസില്‍ അത്യാധുനിക സൈബര്‍ ഡിവിഷന്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കി ആഭ്യന്തര വകുപ്പ്. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയിലാണ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്. സൈബര്‍ ഡിവിഷന്‍ ആസ്ഥാനം, സൈബര്‍ പട്രോളിംഗ്, സൈബര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവ ആരംഭിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ കണ്ടത്താനും അനുമതി നല്‍കിയിട്ടുണ്ട്.

അതിനാല്‍ എത്തിക്കല്‍ ഹാക്കിംഗ്, നെറ്റ് വര്‍ക്ക് സുരക്ഷ, റിസ്‌ക് മാനേജ്മെന്റ്, ഡിജിറ്റല്‍ ഫോറന്‍സിക് മുതലായ മേഖലകളില്‍ പ്രാവീണ്യമുള്ളവരെ അടക്കം കണ്ടെത്താനായി പുതിയ തസ്തികകയ്ക്കും അനുമതിയുണ്ട്. സൈബര്‍ ഡിവിഷന്‍ ആസ്ഥാനം, സൈബര്‍ പട്രോളിംഗ്, സൈബര്‍ പോലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് ആവശ്യമായാണ് തസ്തികകള്‍ നിശ്ചയിക്കുക. സൈബര്‍ മേഖലയില്‍ വേണ്ടത്ര അറിവ് ഇല്ലാത്തതിനാല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടപടികള്‍ക്കുള്ളില്‍പ്പോലും മനഃപൂര്‍വ്വമല്ലാത്ത നിയമലംഘനം അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാനുള്ള സാധ്യത വളരെ വലുതാണെന്നും സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ മാറ്റത്തിനായ് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയത്.

കാലാകാലങ്ങളിലായി പൊലീസും മറ്റ് കുറ്റാന്വേഷണ ഏജന്‍സികളും തുടരുന്ന രീതികളും അതിന്മേലുള്ള അറിവും കൊണ്ട് മാത്രം സൈബര്‍ മേഖലയിലെ പ്രശ്നപരിഹാരം സാധ്യമാകില്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ മിക്കതും സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിലായതിനാല്‍ പരാതി പരിഹാരത്തിന് നിലവിലുള്ള ജീവനക്കാരുടെ എണ്ണവും പര്യാപ്തമല്ലന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *