യു.എ.ഇ.യിലെ തിയേറ്ററുകളില്‍ നിന്ന് സിനിമാരംഗം പകര്‍ത്തിയാല്‍ തടവും പിഴയും

ദുബായ്: യു.എ.ഇ.യിലെ തിയേറ്ററുകളില്‍ സിനിമാരംഗത്തിന്റെ ചിത്രമെടുക്കുകയോ വീഡിയോ പകര്‍ത്തുകയോ ചെയ്യുന്നത് കുറ്റകരമാണെന്ന് അറിയിച്ച് അധികൃതര്‍. ഒരുലക്ഷം ദിര്‍ഹംവരെ പിഴയും രണ്ട് മാസംവരെ തടവും. ലഭിക്കാവുന്ന കുറ്റമാണെന്ന് അപ്പര്‍കേസ് ലീഗല്‍ അഡൈ്വസറിയുടെ മാനേജ്‌മെന്റ് പാര്‍ട്ണര്‍ അലക്സാണ്ടര്‍ കുകുവേവ് പറഞ്ഞു. ബന്ധപ്പെട്ടവരുടെ അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പെരുമാറ്റങ്ങള്‍ രാജ്യത്തെ പകര്‍പ്പവകാശ നിയമപ്രകാരം കുറ്റകരമാണ്. ഇതുസംബന്ധിച്ച് യു.എ.ഇ. യിലെ തീയേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ പലരും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇ.സര്‍ക്കാര്‍ പകര്‍പ്പാവകാശം സംബന്ധിച്ച് 2021- ലാണ് ഫെഡറല്‍ നിയമം പുറപ്പെടുവിച്ചത്. തൊട്ടടുത്തവര്‍ഷം ജനുവരി മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

2004- ലാണ് യു.എ.ഇ.കണ്‍വെന്‍ഷനില്‍ അംഗമായത്. ഇതോടൊപ്പം യു.എ.ഇയിലെ സിനിമാ തിയേറ്ററുകളിലേക്കുള്ള പ്രവേശനത്തിനും പ്രായപരിധിയുണ്ട്. പ്രായപരിധി കര്‍ശനമായി പാലിക്കണം. ഇതിനായി ആവശ്യമെങ്കില്‍ പ്രായപരിധി തെളിയിക്കുന്ന രേഖകളും ഹാജരാക്കേണ്ടതുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സൈബര്‍ ക്രൈം നിയമപ്രകാരം യു.എ.ഇ. യില്‍ അനുമതിയില്ലാതെ പൊതുസ്ഥലത്തുവെച്ച് ഒരാളുടെ ചിത്രം പകര്‍ത്തുന്നതും കുറ്റകരമാണ്. അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ നല്‍കേണ്ടുന്ന കുറ്റകൃത്യമാണത്. ആറുമാസംവരെ തടവും ലഭിക്കും. യു.എ.ഇ. യില്‍ പരിഷ്‌കരിച്ച സൈബര്‍ കുറ്റകൃത്യനിയമം വളര്‍ന്നുവരുന്ന ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കും കൂടുതല്‍ സംരക്ഷണം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *