കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ഗേറ്റിന് സാമാന്തരമായ ബോഗിയില്‍ നിന്ന്ഇറങ്ങുന്നവര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും

പാലക്കുന്ന് : കഴിഞ്ഞ ദിവസം കോട്ടിക്കുളം റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ ഇറങ്ങാനുള്ള ശ്രമത്തിനിടെ ഒരു വയോധിക റെയില്‍ പാളത്തില്‍ വീഴാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇറങ്ങാന്‍ സാധിക്കാത്ത സഹയാത്രികര്‍ക്ക് കാസര്‍കോട് വരെ അധികയാത്ര ചെയ്യേണ്ടിയും വന്നു.

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ഗേറ്റുകള്‍ക്ക് സമാന്തരമായി വരുന്ന ബോഗിയില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍, പ്രത്യേകിച്ച് പ്രായാധിക്യം ഉള്ളവര്‍ ഏറെ ശ്രദ്ധിച്ചേ മതിയാകൂ. പ്ലാറ്റ്‌ഫോമിനെ രണ്ടായി മുറിച്ചു കൊണ്ട് പാളം കടന്നുപോകുന്ന സ്റ്റേഷനാണ് കോട്ടിക്കുളം. ട്രെയിനിന്റെ സുഗമമായ തുടര്‍ യാത്രയ്ക്ക് വേണ്ടി ഈ പാളത്തിന് ഇരുവശത്തുമുള്ള റെയില്‍വേ ഗേറ്റുകള്‍ അടച്ചിടേണ്ടി വരുന്നത് ഇവിടെ മേല്‍പ്പാലം ഇല്ലാത്തതുകൊണ്ടാണ്. സ്റ്റോപ്പുള്ള ട്രെയിനുകള്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിടുമ്പോള്‍ ഗേറ്റിന് സമാന്തരമായി വരുന്ന ബോഗികളില്‍ നിന്നാണ് നിങ്ങള്‍ക്ക് ഇറങ്ങേണ്ടതെങ്കില്‍ പണി പാളും. അവിടെ മാത്രം ട്രെയിനില്‍ നിന്നിറങ്ങാന്‍ പ്ലാറ്റ്‌ഫോം സൗകര്യം ലഭ്യമല്ല. ഗേറ്റുകള്‍ തുറന്നാല്‍ വാഹനങ്ങള്‍ക്കും കാല്‍നട യാതക്കാര്‍ക്കും ഇത് റോഡാണ്. അതാണ് ആ ഇടം മാത്രം റോഡിന് സമമായി ക്രമീകരിച്ചിട്ടുള്ളത്. അതിനാലാണ് ജീവനില്‍ കൊതിയുള്ളവര്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്ന്
പറയുന്നത്. റോഡിലേക്കുള്ള ഫ്‌ലാറ്റ്‌ഫോമിന്റെ തെക്കും വടക്കും ഭാഗങ്ങള്‍ ചരിവോടെയാണ് റോഡിനോട് ക്രമപ്പെടുത്തിയിട്ടുള്ളത്. യാത്രക്കാര്‍ ഇറങ്ങുന്ന ഈ ബോഗിയിലെ വാതില്‍ പലപ്പോഴും ഈ ചരിവുള്ള ഇടത്താണ് പെടുന്നതും. ഒരു കാരണവശാലും പ്രായാധിക്യം ഉള്ളവര്‍ക്ക് ആ വാതിലിലൂടെ ചുരുങ്ങിയ സമയത്തിനകം ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ സാധ്യമല്ല. ട്രെയിനില്‍ നിന്ന് യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയെന്ന് ഉറപ്പ് വരുത്തിയ ശേഷം പച്ചക്കോടി കാണിച്ചാല്‍ അപകടം ഒരു പരിധിവരെ ഒഴിവാക്കാം എന്നാണ് നാട്ടുകാരും യാത്രക്കാരും പറയുന്നത്.
തലശ്ശേരിയില്‍ നിന്നുള്ള യാത്രക്കാരില്‍ ഒരു ഒരു മധ്യവയസ്‌ക്ക തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് സഹയാത്രികന്‍ അവരെ താങ്ങി എടുത്ത് ഇറങ്ങാന്‍ സഹായിച്ച തിനാലായിരുന്നു. യാത്രക്കാര്‍ പൂര്‍ണ മായും ഇറങ്ങും മുന്‍പേ ട്രെയിന്‍ നീങ്ങി ത്തുടങ്ങിയതിനാല്‍ ചിലര്‍ക്ക് കാസര്‍കോട് വരെ അധികം യാത്ര ചെയ്യേണ്ടിവന്നു. ഇത് ഇവിടുത്തെ പതിവ് കാഴ്ചയാണെന്ന് ഗേറ്റ് തുറന്ന് കിട്ടാന്‍ കാത്തിരിക്കുന്ന വാഹന യാത്രക്കാരും സമീപവാസികളും യാത്രക്കാരും പറയുന്നു. ഒപ്പം ഒരു ചോദ്യം കൂടി അവര്‍ ആവര്‍ത്തിക്കുന്നു – രണ്ടു പതിറ്റാണ്ടുകളോളമായുള്ള മേല്‍പ്പാലമെന്ന ആവശ്യത്തിന് ഇനിയും എത്ര നാള്‍ കാത്തിരിക്കണം?

Leave a Reply

Your email address will not be published. Required fields are marked *