കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആളൊഴിഞ്ഞ പറമ്പില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചവരെ കണ്ടെത്തി ജില്ലാ എന്‍ഫോസ്‌മെന്റ് സ്‌ക്വാഡ് നടപടിയെടുത്തു. റസിഡന്‍സിയില്‍ നിന്നും പാര്‍ലറില്‍ നിന്നുമുള്ള പ്ലാസ്റ്റിക്, പേപ്പര്‍, കുപ്പിമൂടികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ മതിലിനു മുകളില്‍ പ്രത്യേകം തയ്യാറാക്കിയ ഡോറിലൂടെയാണ് പറമ്പിലേക്ക് തള്ളിയത്. ഉടമയ്ക്ക് 15000 രൂപ പിഴ ചുമത്തുകയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. നയാ ബസാറിലെ കോംപ്ലക്സില്‍ നിന്നുള്ള മാലിന്യങ്ങള്‍ കൂട്ടിയിട്ടതിന് കെട്ടിട ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. കോംപ്ലക്സിലെ ഫിനാന്‍സ് സ്ഥാപനത്തില്‍ നിന്നുള്ള മാലിന്യങ്ങള്‍ തുറസ്സായ സ്ഥലത്ത് കൂട്ടിയിട്ടതിനാല്‍ 5000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലമുടമയെ ബന്ധപ്പെട്ട് മാലിന്യം നീക്കം ചെയ്യുന്നതിനും മാലിന്യം നിക്ഷേപിക്കാതിരിക്കുവാനുള്ള മറ്റു നടപടികള്‍ കൈക്കൊള്ളുവാനും നിര്‍ദ്ദേശം നല്‍കി. റസ്റ്റോറന്റില്‍ നിന്നുള്ള ഉപയോഗജലം സംസ്‌കരണത്തിനു ശേഷം മറ്റു മാലിന്യങ്ങളോടൊപ്പം തുറസ്സായ കുഴിയിലേക്ക് ഒഴുക്കി വിട്ടതിന് ഹോട്ടല്‍ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തുകയുണ്ടായി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ കെ വി മുഹമ്മദ് മദനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോയസ് ജോസഫ്, സ്‌ക്വാഡ് അംഗം ഫാസില്‍ ഇ കെ എന്നിവര്‍ പങ്കെടുത്തു.