കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ പ്രതീകമാണ് കുടുംബശ്രീ; മന്ത്രി എ കെ ശശീന്ദ്രന്‍

സര്‍ഗോത്സവം അരങ്ങ് 2025 മന്ത്രി ഉദ്ഘാടനം ചെയ്തു

സാംസ്‌കാരിക, സാമൂഹിക, സാമ്പത്തിക മേഖലയില്‍ കേരളത്തിലെ വനിതാ വിമോചന മുന്നേറ്റത്തിന്റെ ഭൂമികയാണ് കുടുംബശ്രീയെന്ന് വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബശ്രീ-അയല്‍ക്കൂട്ട ഓക്സിലറി അംഗങ്ങളുടെ സര്‍ഗോത്സവം അരങ്ങ് 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഒരുകാലത്ത് സാമൂഹിക വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന ആധിപത്യത്തിനെതിരെ പോരാട്ടങ്ങള്‍ നടത്തി വീര ഇതിഹാസങ്ങള്‍ രചിച്ച കയ്യൂര്‍ പോലൊരു മണ്ണില്‍ കുടുംബശ്രീ പോലൊരു പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സര്‍ഗോത്സവം സംഘടിപ്പിക്കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998ല്‍ തുടക്കം കുറിച്ച് ഇന്ന് ഇവിടെ എത്തിനില്‍ക്കുമ്പോള്‍ ഏഷ്യയിലെ തന്നെ ഏറ്റവും കരുത്തുള്ള വനിത സംഘടിത പ്രസ്ഥാനമായി മാറാന്‍ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രാതിനിധ്യ നിയമമനുസരിച്ചുള്ള തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 51 ശതമാനം വരുന്ന വനിതകള്‍ ഭരണാധികാരികളായി മാറിയ വലിയ വിപ്ലവം നമ്മുടെ നാട്ടില്‍ ഉണ്ടായി. മൂന്നു ലക്ഷത്തിപതിനായിരത്തോളം സംരംഭങ്ങള്‍ കേരളത്തില്‍ ഉടനീളം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരങ്ങള്‍, ലഹരി, മയക്കുമരുന്ന് ഉപയോഗങ്ങള്‍ തുടങ്ങി തുടങ്ങിയവയ്‌ക്കെതിരെ എല്ലാ മേഖലകളിലും ഇടപെട്ട് കേരളത്തെ മാതൃകയായി വളര്‍ത്തുന്നതില്‍ കുടുംബശ്രീക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.

മൂന്ന് ദിവസത്തെ കലോത്സവത്തില്‍ 49 ഇനങ്ങളിലായി ജില്ലയിലെ നാല് താലൂക്കുകളിലായി നടന്ന താലൂക്ക് തല കലോത്സവത്തില്‍ വിജയികളായ 1500 പ്രതിഭകള്‍ മാറ്റുരയ്ക്കും. 33 സ്റ്റേജ് മത്സരങ്ങളും 16 സ്റ്റേജിതര മത്സരങ്ങളും ആണ് നടക്കുന്നത്. സ്‌കൂള്‍ അങ്കണത്തില്‍ ക്രമീകരിച്ചിട്ടുള്ള തേജസ്വിനി, ചന്ദ്രഗിരി എന്നീ വേദികളിലാണ് സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

എം. രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച് ഇക്ബാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരിപാടിയില്‍ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ കെ.വി സുജാത, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. എ.പി ഉഷ, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.ജി അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.സുമേഷ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ബി ഷീബ, എം കുഞ്ഞിരാമന്‍, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാരായ കെ.സുകുമാരന്‍, പി.ശശിധരന്‍, സി.യശോദ,വാര്‍ഡ് മെമ്പര്‍ പി.ലീല, കുടുംബശ്രീ ജില്ലാ മിഷന്‍ പ്രതിനിധി കിഷോര്‍കുമാര്‍, പിലിക്കോട് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ പി.ശാന്ത, നീലേശ്വരം കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പി.എം സന്ധ്യ, പടന്ന കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയര്‍പേഴ്സണുമായ പി.ബേബി ബാലകൃഷ്ണന്‍ സ്വാഗതവും കയ്യൂര്‍ ചീമേനി കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആര്‍.രജിത നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *