പാലക്കുന്ന് : പതിറ്റാണ്ടുകള്‍ക്കപ്പുറം നാല് പഞ്ചായത്തുകളിലെ കുട്ടികള്‍ക്ക് ഹൈസ്‌കൂള്‍ പഠനത്തിനുള്ള ഏക ആശ്രയമായിരുന്നു ബേക്കല്‍ ഗവ.ഫിഷറീസ് ഹൈസ്‌കൂള്‍. പിന്നീട് ഉദുമയിലും പള്ളിക്കരയിലും, ചെമ്മനാടും തച്ചങ്ങാടും ഹൈസ്‌കൂള്‍ തല വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങിയ പ്പോള്‍ സ്‌കൂളിലെ പെരുമയുടെ ഗ്രാഫ് താഴോട്ടിറങ്ങി. നിലവില്‍ ഹയര്‍ സെക്കന്ററിയാണിത്.
പത്താം തരം പരീക്ഷാ ഫലം മറ്റു സ്‌കൂളു കളെക്കാള്‍ പിന്നോട്ടായതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞു.
സ്‌കൂളിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ പി ടി എ യുടെയും പൂര്‍വ വിദ്യാര്‍ത്ഥികളുടെയും പ്രവാസി സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ‘ടെയ്‌ക്കോഫ്- കനവില്‍ നിന്ന് നിറവിലേക്ക്’ എന്ന് പേരിട്ട ഒരു വര്‍ഷം നീളുന്ന പ്രവര്‍ത്തന പദ്ധതികള്‍ക്ക് സ്‌കൂളില്‍ തുടക്കമിട്ടു. ഭൗതിക സാഹചര്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി അപ്പര്‍ പ്രൈമറി ക്ലാസ്സ് മുറികള്‍ ഹൈടെക്, പെണ്‍ കുട്ടികള്‍ക്ക് വിശ്രാന്തി മുറി, ഹയര്‍ സെക്കന്ററിയില്‍ ലൈബ്രറി, മുറ്റത്ത് ഷീറ്റ് പന്തല്‍, ഇന്റര്‍ ലോക്ക് വിരിക്കല്‍, ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഗാലറി, പ്ലസ് 2 ഓഫീസിന് മേല്‍ക്കൂര തുടങ്ങിയ ബ്രുഹ് ത്തായ പദ്ധതികള്‍ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനുള്ള വിശദീകരണ യോഗം ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍മാന്‍ കെ. ജി. അച്യുതന്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ബാലകൃഷ്ണന്‍, വാര്‍ഡ് അംഗങ്ങളായ പി. സുധാകരന്‍ ചിറമ്മല്‍,കെ. വിനയകുമാര്‍, ഷൈനിമോള്‍, പി ടി എ പ്രസിഡന്റ് വി. പ്രഭാകരന്‍, എ. കെ. ജയപ്രകാശ്,
പ്രിന്‍സിപ്പല്‍ കെ. അരവിന്ദ, പ്രഥമാധ്യാപിക എല്‍. ഷില്ലി, ഡോ. കിഷോര്‍ കുമാര്‍, കെ. രാഘവന്‍ എന്നിവര്‍ പ്രസംഗിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ചതില്‍ മുഴുവന്‍ എ പ്ലസ് നേടിയ 10 പേരെയും എന്‍ എം എം എസ് നേടിയവരെയും യോഗത്തില്‍ അനുമോദിച്ചു.