കുടുംബശ്രീയുടെ സംസ്ഥാനതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയ്ക്ക് അഭിമാനമായി നാല് സിഡിഎസുകള്‍. 17 വിഭാഗങ്ങളിലായി അവാര്‍ഡിന് വേണ്ടിയുള്ള മൂല്യനിര്‍ണയം നടത്തിയപ്പോള്‍ ചെറുവത്തൂര്‍, കിനാനൂര്‍ കരിന്തളം, ബേഡഡുക്ക എന്നീ സിഡിഎസ്സുകള്‍ കൂട്ടായ്മയില്‍ യഥാക്രമം ഒന്നും രണ്ടും രണ്ടും സ്ഥാനങ്ങള്‍ നേടി, നേട്ടം കൊയ്തപ്പോള്‍ പനത്തടി പഞ്ചായത്തിലെ ഏലിയാമ്മ ഫിലിപ്പ് വ്യക്തിഗത സംരംഭക വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി.
താരമായി തിളങ്ങി ചെറുവത്തൂര്‍ സി.ഡി.എസ്
സംയോജകപ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണനിര്‍വഹണം, മൈക്രോ ഫിനാന്‍സ് എന്നി മേഖലകളിലേ പ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തെ മികച്ച സിഡിഎസ് ആയി ചെറുവത്തൂര്‍ സി ഡി എസ് തെരഞ്ഞെടുക്കപ്പെട്ടു. കൃഷി, മൃഗ സംരക്ഷണം, പിന്നോക്ക വിഭാഗം വായ്പ വിതരണം, വനിത വികസന വായ്പ വിതരണം വ്യവസായം, സംരംഭ പ്രവര്‍ത്തനങ്ങള്‍, എസ്.വി.ഇ.പി, വനിത ഘടക പദ്ധതികള്‍, പാലിയേറ്റീവ് പരിചരണം, വയോജന ക്ഷേമം, ഹരിതകര്‍മ്മസേന, ബാലസഭ പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങള്‍, പൊതു പരിപാടികളിലെ പങ്കാളിത്തം, അയല്‍ക്കൂട്ട എ.ഡി.എസ് തല പ്രവര്‍ത്തനങ്ങള്‍, ഇന്‍ഷൂറന്‍സ് പദ്ധതികള്‍ തുടങ്ങി വിവിധ പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് തലത്തില്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുകയും ലക്ഷ്യം കൈവരിക്കുകയും ചെയ്തതിനാണ് മികവിനുള്ള അംഗീകാരം ചെറുവത്തൂര്‍ സിഡിഎസ്നെ തേടിയെത്തിയത്.
ചെറുവത്തൂര്‍ സി ഡി എസ് കുടുംബശ്രീ യൂണിറ്റുകള്‍ക്കായി പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള വായ്പ ഇനത്തില്‍ ഒരു കോടി 90 ലക്ഷം രൂപയുടെ സഹായവും വനിത വികസനത്തിനായി രണ്ട് കോടി 62 ലക്ഷം രൂപയൂടെ വായ്പ സഹായവും വിവിധ വ്യവസയ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപയുടെ വായ്പ സഹായവും സി.ഡി.എസ് മുഖാന്തരം വിതരണം ചെയതിട്ടുണ്ട്. ഇതിലൂടെ സി.ഡി.എസ്സിന്റെ തനത് ഫണ്ടില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാക്കാന്‍സാധിച്ചതായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ ശ്രീജ പറഞ്ഞു.
ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീയുടെ സ്റ്റാര്‍ട്ട് അപ് വില്ലേജ് എന്‍ട്രെപ്രന്യൂര്‍ഷിപ്പ് പ്രോഗ്രാം സംരംഭങ്ങള്‍ 384 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്.കാര്‍ഷിക മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി പൂകൃഷി,മോഡല്‍ പ്ലോട്ട് 14 ഏക്കര്‍ സ്ഥലത്ത് വ്യാപിപ്പിക്കുന്നതിനും ചെറുവത്തൂരിലെ സി ഡി എസ് അംഗങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. വയോജന കുടുംബശ്രീ, ഓക്സിലറി കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ എന്നിവ സിഡിഎസിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളില്‍ പെടുന്നു. ത്രിതല പഞ്ചായത്തുകളുമായും പഞ്ചായത്തിന്റെ ഘടകസ്ഥാപനങ്ങള്‍ ആയ ആരോഗ്യ, കൃഷി, മൃഗസംരക്ഷണ എന്നീ വകുപ്പുകളുമായി സംയോജിച്ച് കൊണ്ടുള്ള ചെറുവത്തൂര്‍ സിഡിഎസിന്റെ പ്രവര്‍ത്തനങ്ങളും അവാര്‍ഡ് തിളക്കത്തിന് മാറ്റു കൂട്ടി.
സാമൂഹ്യ വികസനത്തില്‍ നേട്ടം കൊയ്ത് കിനാനൂര്‍ കരിന്തളം സി.ഡി.എസ്
ജില്ലയ്ക്ക് ലഭിച്ച മറ്റൊരു അവാര്‍ഡ് കിനാനൂര്‍ കരിന്തളം സിഡിഎസിന്റേതാണ്. സാമൂഹ്യ വികസനം, ജെന്‍ഡര്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് കിനാനൂര്‍-കരിന്തളം സിഡിഎസിന് മികച്ച സിഡിഎസിനുള്ള രണ്ടാം സ്ഥാനം ലഭിച്ചത്. ഒറ്റപ്പെട്ട് കഴിയുന്നവരുടെ സംരക്ഷണവും അവര്‍ക്ക് ആവശ്യമായ സേവനവും ഉറപ്പുവരുത്തുന്നതിന് വേണ്ടി ആരംഭിച്ച സ്നേഹിത കോളിംഗ് ബെല്‍ പദ്ധതിയുടെ പ്രവര്‍ത്തന മികവിനും ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയമാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമപരിരക്ഷ അടക്കം നല്‍കുന്നതിന് വേണ്ടിയുള്ള പദ്ധതിയായ സ്നേഹിത ഹെല്‍പ്പ് ഡെസ്‌കിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുമാണ് ജെന്‍ഡര്‍ മേഖലയില്‍ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സിഡിഎസിന് അവാര്‍ഡിന് അര്‍ഹമാക്കിയത്. അതിദാരിദ്ര വിഭാഗത്തില്‍പെട്ടവരെ സംരംഭകരാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സി ഡി എസ് ചുക്കാന്‍ പിടിച്ചു. കൂടാതെ ത്രിതല പഞ്ചായത്തുകളുമായി സംയോജിച്ച്ച് നല്ല രീതിയില്‍ നടപ്പിലാക്കുന്ന വീട് പുനരുദ്ധാരണം അടക്കമുള്ള സിഡിഎസിന്റെ പ്രവര്‍ത്തനങ്ങളും ശ്രദ്ധ നേടി. പഞ്ചായത്തിലെ 393 അയല്‍ക്കൂട്ടങ്ങള്‍, 5971 അയല്‍ക്കൂട്ട അംഗങ്ങള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനം, 283 സംരംഭങ്ങള്‍, 446 സംഘകൃഷി ഗ്രൂപ്പുകള്‍, എന്നിവ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം,കാര്‍ഷിക-മൃഗസംരക്ഷണമേഖലയിലെ മികച്ച പ്രവര്‍ത്തനം, സംരംഭ മേഖലയിലെ, സാമൂഹ്യ വികസന മേഖലയില്‍ മികച്ച പ്രവര്‍ത്തനം ബാല സഭ പ്രവര്‍ത്തനം, ജോബ് കഫെ സ്‌കില്‍ ആന്റ് മാനേജ്മെന്റ് പരിശീലനകേന്ദ്രവുമായി സഹകരിച്ച് വിവിധ പരിശീലനങ്ങള്‍ ലഭ്യമാക്കി. നൂതന പദ്ധതികളായി മാ കെയര്‍ സെന്റര്‍, അപ്പാരല്‍ പാര്‍ക്ക് എന്നിവ ആരംഭിച്ചു എന്നീ പ്രവര്‍ത്തനങ്ങളും അവാര്‍ഡിനു വഴിയൊരുക്കി. 2023 ല്‍ ദേശീയതലത്തില്‍ മികച്ച കുടുംബശ്രീ സി.ഡി.എസ്സിനുള്ള പുരസ്‌കാരം കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിനു ലഭിച്ചിരുന്നു.
കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ബേഡക പെരുമ
കാര്‍ഷികം, മൃഗസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന് മികച്ച സിഡിഎസിനുള്ള രണ്ടാം സ്ഥാനം ലഭിച്ചത്. സിഡിഎസിനെ അവാര്‍ഡിന് അര്‍ഹമാക്കിയതില്‍ വലിയൊരു പങ്കും കുടുംബശ്രീ ജില്ലാ മിഷന്‍,ബേഡഡുക്ക ഗ്രാമപഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ സിഡിഎസ് നടത്തുന്ന ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് എന്ന കമ്പനിക്കാണ്. ആയിരം രൂപ ഓഹരി വിഹിതം നിശ്ചയിച്ച് കുടുംബശ്രീ പ്രവര്‍ത്തകരെ അംഗങ്ങളാക്കി കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പാദനം ,സംസ്‌കരണം,സംഭരണം ,വിപണനം എന്നിവ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നു. നിലവില്‍ വട്ടംതട്ട ആനന്ദമഠത്തില്‍ 28 ഏക്കര്‍ സ്ഥലം സ്വന്തമായി വാങ്ങിയ ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡ് ആ പ്രദേശം മാതൃക കാര്‍ഷിക ഗ്രാമം ആക്കാനും അഞ്ചുവര്‍ഷത്തിനുള്ളില്‍ പ്രത്യക്ഷമായും പരോക്ഷമായും വലിയ രീതിയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു. ചെറുതും വലുതുമായ നിരവധി സംരംഭങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. സി.പി.സി,ആര്‍,ഐയുടെയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സവിശേഷ തെങ്ങിനം ആയ ബേഡകം തെങ്ങ് ഉള്‍പ്പെടെയുള്ള അത്യുല്പാദനശേഷിയുള്ള ഫലവൃക്ഷത്തൈകളും സിഡിഎസിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്തു വരുന്നു.
കാര്‍ഷിക മേഖലയില്‍ സംസ്ഥാന യുവജന കമ്മീഷന്റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ് നേടിയ ശ്രീവിദ്യ നെടുവോട്ട് നേതൃത്വം നല്‍കുന്ന കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പ് നടത്തിയ നെല്ല്, പച്ചക്കറി, ധാന്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, ചെണ്ടുമല്ലി, സൂര്യകാന്തി പൂക്കള്‍, തണ്ണിമത്തന്‍ എന്നീ കൃഷികളും അവാര്‍ഡ് ലഭിക്കാന്‍ സഹായകമായി.
ഏലിയാമ്മ ഫിലിപ്പ് മികച്ച രണ്ടാമത്തെ സംരംഭക
സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സംരംഭകയായിതെരഞ്ഞെടുക്കപ്പെട്ട ഏലിയാമ്മ ഫിലിപ്പ് പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ സഹകരണത്തോടെയാണ് മാതാ ഹണി ആന്‍ഡ് ബി ഫാം എന്ന സ്ഥാപനം ആരംഭിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ 12 കുടുംബങ്ങള്‍ക്ക് ജീവിത വരുമാനം ലഭ്യമാക്കാനും അത്യാധുനിക മിഷനറി സംവിധാനങ്ങള്‍ ഉള്ള മാതാ ഹണി പ്രോസസിംഗ് ആന്‍ഡ് ഫുഡ് പ്രോഡക്റ്റ് എന്ന കമ്പനിയായി ഉയര്‍ത്തിക്കൊണ്ടു വരാനും കുടുംബശ്രീയുടെയൂം വ്യവസായ വകുപ്പിന്റെയൂം സഹകരണത്തോടെ ഏലിയാമ്മക്ക് സാധിച്ചു. കുടുംബശ്രീയില്‍ നിന്ന് ലഭിച്ച ഈ അംഗീകാരം വലിയ അഭിമാനമായി കരുതുന്നു ഇവര്‍ കുടുംബശ്രീ ദിനമായ മെയ് 17ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും