പാലക്കുന്ന് : പാലക്കുന്ന് കഴകം നിര്‍ധന കുടുംബ പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി
ഉദുമ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉടമയും പ്രവാസിയുമായ വി.വി.ബാലന്‍ പണിയിച്ചു നല്‍കിയ സ്‌നേഹവീടിന്റെ ഗൃഹപ്രവേശം വ്യാഴാഴ്ച നടന്നു. അന്തിയുറങ്ങാന്‍ വീടില്ലാത്ത
അരവത്ത് കുതിരക്കോട് കണ്ടപ്പാട് കാനത്തില്‍ പ്രേമലതയുടെ കുടുംബത്തിന് വേണ്ടി ‘പാലക്കുന്ന് അമ്മ’ എന്ന് പേരിട്ട വീടിന്റെ താക്കോല്‍ ബാലന്റെ അമ്മ കെ. വി. വെള്ളച്ചി പ്രേമലതയ്ക്ക് കൈമാറി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികര്‍, ക്ഷേത്ര ഭരണ സമിതിയുടെയും
അരവത്ത് പ്രാദേശിക സമിതിയുടെയും ഭാരവാഹികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്തു.
അര്‍ഹതയുള്ള നിര്‍ധന കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്വന്തമായി ഒരു വീട് നിര്‍മിച്ചു നല്‍കണമെന്ന ആഗ്രഹം ഭണ്ഡാര വീട്ടിലെ കൂട്ടം അടിയന്തിര ദിവസം ബാലന്‍ ദേവി സമക്ഷം അറിയിച്ചതനുസരിച്ച് ഭരണ സമിതിയുടെ കീഴില്‍ പാര്‍പ്പിട പദ്ധതിയുടെ സ്‌ക്രീനിംഗ് കമ്മിറ്റിയാണ് കണ്ടപ്പാട് കാനത്തിലെ പ്രേമലതയുടെ പേര് നിര്‍ദ്ദേശിച്ചത്. പിന്നീടെല്ലാം ധൃതഗതിയിലായിരുന്നു. സെപ്റ്റംബര്‍ 8 ന് കുറ്റിയടിച്ചു. ബാലന്റെ ഹിതമനുസരിച്ച് വീടിന്റെ പ്ലാനും നിര്‍മാണ മേല്‍നോട്ടവും തലശ്ശേരിയിലെ കമാലിയോ കമ്പനിയിലെ ആര്‍ക്കിടെക്റ്റും ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി പി. കെ. രാജേന്ദ്രനാഥിന്റെ മകനുമായ അരവിന്ദ് രാമന്‍ പ്രതിഫലം വാങ്ങാതെ നടത്തി കൊടുത്തു. പാര്‍പ്പിട പദ്ധതിയുടെ ഭാഗമായി മുന്‍പ് നിര്‍മിച്ച വീടുകളും അരവിന്ദ് റാമിന്റെ മേല്‍നോട്ടത്തില്‍ സൗജന്യമായി നടത്തിയിരുന്നു. അദ്ദേഹത്തെയും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കിയ
വി.വി. ബാലനേയും നിര്‍മാണ ചുമതല പൂര്‍ണമായും ഏറ്റെടുത്ത അരവത്ത് പ്രാദേശിക സമിതിയേയും ക്ഷേത്ര ഭരണ സമിതി പുരഷ്‌കാരങ്ങള്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു.ഏഴര മാസം കൊണ്ടാണ് ഈ വീട് പണി പൂര്‍ത്തിയാക്കിയത്.
ഹോസ്പിറ്റല്‍ ബ്ലോക്ക് തുറന്നു
വീടിന്റെ ഗൃഹ പ്രവേശത്തിന് ശേഷം എല്ലാവരും ബാലന്റെ ഉടമസ്ഥത യിലുള്ള ഉദുമ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കായിരുന്നു യാത്ര. അവിടെ പുതുതായി നിര്‍മിച്ച പൂര്‍ണമായും ശീതീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം സുനീഷ് പൂജാരിനിര്‍വഹിച്ചു. ക്ഷേത്ര സ്ഥാനികര്‍, ഭാരവാഹികള്‍, നാട്ടുകാര്‍ പങ്കെടുത്തു
മാതൃ സമിതി തുടക്കമിട്ടു
പത്താം വാര്‍ഷികത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതി വിവിധ പ്രാദേശിക സമിതികളുടെ സഹകരണത്തോടെ കഴക പരിധിയിലെ ചിത്താരി ചേറ്റുകുണ്ടില ഉത്തമനും ദേളി കുന്നോറയിലെ രോഹിണിക്കും 2023ല്‍ വീട് നിര്‍മിച്ചു നല്‍കിയിരുന്നു. ശക്തി കാസര്‍കോട് യു എ ഇ കമ്മിറ്റിയുടെ രണ്ടാമത്തെ സ്‌നേഹവീട് പാലക്കുന്ന് ഭരണ സമിതി നിര്‍ദേശിച്ച ചിത്രയുടെ കുടുംബത്തിന് വേണ്ടി പൂച്ചക്കാട് പണി പൂര്‍ത്തിയായി വരുന്നു. ജില്ലയിലെ 25 സമുദായ ക്ഷേത്രങ്ങളില്‍ നിന്ന് 38 അപേക്ഷകളാണ് വീട് നിര്‍മിച്ചു നല്‍കാന്‍ തീയ സമുദായ പ്രവാസി കൂട്ടായ്മയായ ‘ശക്തി കാസര്‍കോടിന് കഴിഞ്ഞ വര്‍ഷം ലഭിച്ചിരുന്നത്.