സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള , കാലിക്കടവ് മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഏഴ് ദിവസം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് മുഖ്യമന്ത്രി തിരി തെളിയിച്ചു തുടക്കം കുറിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ക്ക് കാസര്‍കോട് ജില്ലയില്‍ നിന്നാണ് തുടക്കം കുറിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
നാടിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനുള്ള കരുത്തായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തങ്ങളെ അതിജീവിച്ചതിനൊപ്പം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആകാവുന്ന രീതിയില്‍ നടപ്പാക്കി കേരളത്തിനെ പുരോഗതിയിലേക്ക് നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. കേരളത്തിന്റെ പ്രകൃതി ഭംഗിക്കൊപ്പം പശ്ചാത്തല സൗകര്യ വികസനം കൂടി യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ നടക്കില്ല എന്ന് കരുതിയതൊക്കെ നടപ്പായി. ഗെയില്‍ പൈപ്പ് ലൈന്‍,സിറ്റി ഗ്യാസ് പദ്ധതി, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, മലയോര ഹൈവേ, തീരദേശ ഹൈവേ, കോവളം -ബേക്കല്‍ ജലപാത തുടങ്ങി സമസ്ത മേഖലകളിലും വികസനം കൈവരിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയ്ക്ക് മുന്നില്‍ മാത്രമല്ല ലോകത്തിന് മുന്നില്‍ തന്നെ അഭിമാനകരമായി അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു ഭൂമികയായി കേരളം മാറിയിരിക്കുന്നു. ഓരോ നാടിന്റെയും ചുറ്റുവട്ടത്ത് കേരളത്തിന് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ വികസന പ്രവര്‍ത്തനങ്ങളുടെ തേരോട്ടം നടത്തി മുന്നോട്ട് പോകാന്‍ സംസ്ഥാന സര്‍ക്കാറിന് സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ , ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ , പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി, ന്യൂനപക്ഷക്ഷേമ -കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ , എം .എല്‍ .എമാരായ എം രാജഗോപാലന്‍, സി എച്ച് കുഞ്ഞമ്പു , ഇ . ചന്ദ്രശേഖരന്‍ , ഐ. ആന്‍ഡ് പി .ആര്‍.ഡി ഡയറക്ടര്‍ ടി.വി സുഭാഷ്, എ.ഡി.എം പി അഖില്‍, പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പദൂര്‍,
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, നീലേശ്വരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത,പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത, കാലിക്കടവ് വാര്‍ഡ് അംഗം പി.രേഷ്ണ, തുടങ്ങിയവര്‍ സംസാരിച്ചു.
2016 – 2025 കാലയളവില്‍ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമായ ‘ഹൃദയപക്ഷം ‘ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ പുസ്തകം ഏറ്റുവാങ്ങി.
പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാന സര്‍ക്കാര്‍, വിവിധ മേഖലകളില്‍ ‘കൈവരിച്ച സുപ്രധാന നേട്ടങ്ങളും നടപ്പാക്കിയ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും ഹ്രസ്വമായി അടയാളപ്പെടുത്തുന്ന പുസ്തകം ‘ നവ കേരളത്തിന്റെ വിജയ മുദ്രകള്‍’ മുഖ്യമന്ത്രി
പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ന്യൂനപക്ഷ -ക്ഷേമ -കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പുസ്തകം ഏറ്റുവാങ്ങി.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ഉപഹാരം മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ കൈമാറി.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് വകുപ്പ് സെക്രട്ടറി എസ് ഹരി കിഷോര്‍ നന്ദിയും പറഞ്ഞു.