പരപ്പ ബ്ലോക്കിന് ദേശീയ പുരസ്‌കാരം പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള പുരസ്‌കാരം ജില്ലാ കളക്ടര്‍ ന്യൂഡല്‍ഹിയില്‍ ഏറ്റുവാങ്ങും

കാസര്‍കോട് ജില്ലയിലെ പരപ്പ ആസ്പിറേഷന്‍ ബ്ലോക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചു. പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ്- 2024 ന് പരപ്പ ബ്ലോക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിവില്‍ സര്‍വീസ് ദിനമായ ഏപ്രില്‍ 21ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. പരപ്പ ആസ്പിറേഷന്‍ ബ്ലോക്കില്‍ ദേശീയ ശ്രദ്ധ നേടുന്ന വിധം വിവിധ മേഖലകളില്‍ നടപ്പിലാക്കിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മികച്ച ആസൂത്രണത്തില്‍ വികസന ക്ഷേമപ്രവര്‍ത്തന ത്തിലെ വിടവുകള്‍ കണ്ടെത്തി പരിഹരിച്ച് പരപ്പ ബ്ലോക്ക് നിര്‍ണായകമായ നേട്ടമാണ് കൈവരിച്ചത്. 426 ആസ്പിറേഷന്‍ ബ്ലോക്കുകളില്‍നിന്നാണ് പൊതു ഭരണ മികവിനുള്ള ഒന്നാം സ്ഥാനം പരപ്പ ബ്ലോക്ക് നേടിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ലക്ഷ്മി നേതൃത്വത്തില്‍ ഭരണസമിതി നല്‍കിയ പിന്തുണയ്ക്കും കഠിനാധ്വാനത്തിനും ജില്ലാ കളക്ടര്‍ നന്ദി പറഞ്ഞു. ബ്ലോക്ക് പരിധിയിലെ
കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസഫ് മുത്തോലി, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മോഹന്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ,് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍, കൊടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ നല്‍കിയ പിന്തുണയ്ക്കും ജില്ലാ കളക്ടര്‍ നന്ദി അറിയിച്ചു. എല്ലാ ജില്ലാതല ബ്ലോക്ക് തല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകം നന്ദി. ജില്ലാ പ്ലാനിങ്ഓഫീസര്‍ ടി.രാജേഷിനും ടീമിനും കളക്ടര്‍ നന്ദി അറിയിച്ചു.

സുതാര്യവും സമയബന്ധിതവുമായി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ മികവുറ്റ പ്രവര്‍ത്തനങ്ങളാണ് പ്രധാനമന്ത്രിയുടെ പുരസ്‌കാരത്തിന് പരപ്പയെ അര്‍ഹമാക്കിയത്. ആരോഗ്യം, സാമൂഹികക്ഷേമം, കൃഷി, സംരംഭകത്വ വികസനം, ഗോത്രവര്‍ഗ്ഗ മേഖലയിലെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. കാസര്‍കോട് ജില്ലാ കളക്ടറായി കെ. ഇമ്പശേഖര്‍ ചുമതല ഏറ്റതിനുശേഷം ജില്ലയ്ക്ക് ലഭിക്കുന്ന അഞ്ചാമത്തെ പുരസ്‌കാരവും ആദ്യത്തെ ദേശീയ പുരസ്‌കാരവും ആണ് പ്രധാനമന്ത്രിയുടെ പൊതു ഭരണ മികവിനുള്ള 2024 അവാര്‍ഡ്. വനിത ശിശു വികസന വകുപ്പിന്റെ മികച്ച ജില്ലാ കളക്ടര്‍ പുരസ്‌കാരം, സാമൂഹികനീതി വകുപ്പിന്റെ ജില്ലാ ഭരണകൂടത്തിനുള്ള പുരസ്‌കാരം, 2024 ലോകസഭ തെരഞ്ഞെടുപ്പില്‍ നവീന ആശയങ്ങള്‍ അവതരിപ്പിച്ച മികച്ച തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം, ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം, എന്നിവ കെ ഇമ്പശേഖര്‍ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *