കാഞ്ഞങ്ങാട് : നെല്ലിക്കാട്ട് പൂക്കത്ത് വളപ്പ് തറവാട്ടിലാണ് ഈ അപൂര്‍വ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയത്.
400 ലേറെ വര്‍ഷം പഴക്കമുള്ള ഈ തറവാട് ക്ഷേത്രത്തിലെ ഒരു കാരണവര്‍ രാജഭരണ കാലത്ത് നാടുവാഴിയുടെ നിര്‍ദ്ദേശപ്രകാരം കുറ്റാരോപിതനായി പിടിച്ചുകൊണ്ടുപോയെന്നും പരമ ഭക്തനായ ആ കാരണവര്‍ അതുവരെ കക്കാട്ട് കോവിലകത്ത് മാത്രം ആരാധിച്ചു വന്നിരുന്ന യോഗ്യാര്‍ അകമ്പടിയോട് തന്റെ നിരപരാധിത്വം നാടുവാഴിയെ ബോധ്യപ്പെടുത്തി തന്നെ കുറ്റവിമോചിതനാക്കണമെന്നും
പ്രാര്‍ത്ഥിക്കുകയുണ്ടായി.
തല്‍ഫലമായി കുറ്റ വിമോചിതനായ കാരണവരോടൊപ്പം ചൈതന്യ സ്വരൂപനായ യോഗ്യാര്‍ അകമ്പടി തറവാട്ടില്‍ എത്തിയെന്നും വിശ്വസിക്കുന്നു. തറവാട്ടിലെ മുതിര്‍ന്ന വ്യക്തിയെയും യോഗ്യാര്‍ അകമ്പടി തെയ്യത്തെയും ഇന്നും കാരണവര്‍ എന്ന പേരിലാണ് വിളിക്കപ്പെടുന്നത്.
യോഗ്യാര്‍ അകമ്പടി തെയ്യം അന്തര്‍ധാനം ചെയ്യുന്ന അതേ വേളയില്‍ തന്നെ അതേ ദേവരൂപം ഉമ്മച്ചി തെയ്യമായി പരിണമിക്കുന്നു. യോഗ്യാര്‍ അകമ്പടി തെയ്യത്തിന് നിവേദിക്കാന്‍ നെല്ല് കുത്തന്‍ നിയോഗിക്കപ്പെട്ട മുസ്ലിം സ്ത്രീ അല്പം അരിയെടുത്ത് വായിലിട്ടതും അദൃശ്യമായ ഒരു പ്രഹരത്താല്‍ ആ സ്ത്രീ വീരചരമം പ്രാപിച്ചുവെന്നും തുടര്‍ന്ന് ഉമ്മച്ചി തെയ്യമായി പരിണമിച്ചു എന്നും വിശ്വാസം. യോഗ്യര്‍ അകമ്പടിത്തെയ്യം കെട്ടിയാടുന്ന അതെ കോലത്തില്‍ തലയില്‍ മൂടുമ്പോള്‍ ഉമ്മച്ചി തെയ്യമായി ഭക്തര്‍ക്ക് അനുഗ്രഹം ചൊരിയുന്നു. ഇതേ കോലം തിരുമുടി അഴിച്ച് കിരീടം ധരിച് കുട്ടിച്ചാത്തനായി മാറുന്നു.
കാക്കാട്ടു കോവിലകം, പൂക്കത് വളപ്പ് തറവാട്, കണി കൂലോം എന്നിവിടങ്ങളില്‍ മാത്രമാണ് ഈ തെയ്യം കെട്ടിയാടുന്നത്.
തറവാട്ടിലെ മൂവാണ്ട് കൂടുമ്പോഴുള്ള കളിയാട്ടത്തിന്റെ ഭാഗമായി ധര്‍മ ദൈവം പൂക്ലത്ത്ചാമുണ്ടെശ്വരി, വിഷുമൂര്‍ത്തി, രക്തേശ്വരികെട്ടിയാടുന്നു. ഏപ്രില്‍ 16 ന് ആരംഭിച്ച കളിയാട്ടം ഇന്ന് വിളക്കിലരിയോടെ സമാപിക്കും.