കപ്പലിലെ ഇന്ത്യക്കാരെ ബന്ദിളാക്കി 18 ദിവസമായിട്ടും വിവരമില്ല

ദേശീയ കപ്പലോട്ട ദിനം ആഘോഷിക്കില്ല;
ദുഃഖ ദിനമായി ആചരിക്കുമെന്ന് മര്‍ച്ചന്റ് നേവി ക്ലബ്

കാസര്‍കോട് : ആഫ്രിക്കന്‍ തീരത്ത് കപ്പലില്‍ മലയാളി അടക്കും 7 ഇന്ത്യന്‍ കപ്പലോട്ടക്കാരെ തട്ടിപ്പോയി
18 ദിവസം പിന്നിട്ടിട്ടും ആശ്വാസ വാര്‍ത്തകള്‍ പുറത്ത് വരാത്തതില്‍
പ്രതിഷേധിച്ച് കോട്ടിക്കുളം മര്‍ച്ചന്റ് നേവി
ക്ലബ് ഏപ്രില്‍ 5 ന് നടക്കേണ്ട ദേശീയ കപ്പലോട്ട ദിനാചരണാഘോഷ പരിപാടികള്‍ വേണ്ടെന്ന് വെച്ചു.
ഏപ്രില്‍ 5 ന് ദുഃഖദിനമായി ആചരിക്കും. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന് ആദ്യമായി ഒരിന്ത്യന്‍ കപ്പല്‍ ഇന്ത്യന്‍ ചരക്കും ഇന്ത്യന്‍ ജീവനക്കാരുമായി യാത്ര തിരിച്ചതിന്റെ ഓര്‍മയ്ക്കാണ് ഏപ്രില്‍ 5 ദേശീയ കപ്പലോട്ട ദിനമായി രാജ്യത്ത് ആഘോഷിക്കുന്നത്. സിന്ധ്യാ സ്ട്ടിം നാവിഗേഷന്‍ കമ്പനിയുടെ എസ് എസ് ലോയല്‍റ്റി എന്ന ചരക്കു കപ്പലായിരുന്നു
1919 ഏപ്രില്‍ 5ന് ബോംബെയില്‍ നിന്ന് ലണ്ടനിലേക്ക് ചരിത്രപരമായ ആ യാത്ര നടത്തിയത്.1964 മുതലാണ് ആ ദിവസം ദേശീയ കപ്പലോട്ട ദിനമായി ആഘോഷിക്കാന്‍ തുടങ്ങിയത്. അതിന്റെ 61-ആം വാര്‍ഷിക ആഘോഷമാണ് നാട്ടിലെ യുവ നാവികന്റെ അപ്രത്യക്ഷ വാര്‍ത്തയെ തുടര്‍ന്ന് മെര്‍ച്ചന്റ് നേവി ക്ലബ് വേണ്ടെന്ന് വെച്ചത്. പനയാല്‍ തച്ചങ്ങാട് കോട്ടപ്പാറയിലെ രജിന്ദ്രന്‍ അടക്കം 7 ഇന്ത്യക്കാരെയും മൂന്ന് റുമാനിയന്‍ നാവികരെയുമാണ് കടല്‍ കൊള്ളക്കാര്‍ ബിറ്റു റിവര്‍ എന്ന കപ്പലില്‍ നിന്ന് കഴിഞ്ഞ മാസം 17 ന് ബന്ദികളാക്കി അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടി കൊണ്ടു പോയത്. കപ്പലിനെ പോകാന്‍ അനുവദിക്കുകയും 10 ജീവനക്കാരെ ബന്ദികളാക്കി തട്ടിക്കൊണ്ടു പോയതിലും ദുരൂഹതയുണ്ടെന്ന് മര്‍ച്ചന്റ് നേവി ക്ലബ് പ്രസിഡന്റ് പാലക്കുന്നില്‍ കുട്ടി പറയുന്നു. കപ്പല്‍ ചരക്കുമായി യാത്ര തുടരുകയാണ്. ക്രൂ അടക്കം കപ്പല്‍ റാഞ്ചിയിരുന്നെങ്കില്‍ റാഞ്ചികളുമായി ഒരു ഒത്തുതീര്‍പ്പു ഉടമ്പടി ഇതിനകം ഉണ്ടാകുമായിരുന്നു. ജീവനക്കാരെ തട്ടി ക്കൊണ്ട് പോയ വാര്‍ത്ത മറ്റിടങ്ങളില്‍ കാര്യമായ ചലനം ഉണ്ടാക്കിയിട്ടില്ല. കാസര്‍കോട് ജില്ലയൊഴികെ മറ്റിടങ്ങളില്‍ ഒന്നും ഈ റാഞ്ചല്‍ വാര്‍ത്ത അറിഞ്ഞ മട്ടില്ലെന്ന് സൈലേര്‍സ് സൊസൈറ്റിയുടെ ഇന്ത്യന്‍ മേധാവി ക്യാപ്റ്റന്‍ വി. മനോജ് ജോയ് ചെന്നൈയില്‍ നിന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *