ഇന്ത്യന്‍ വിനോദരംഗത്തെ മാറ്റിമറിച്ച് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡ്; ആകര്‍ഷകമായ പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു

കൊച്ചി, ഏപ്രില്‍ 4, 2024: ഇന്ത്യയിലെ ഏറ്റവും വലിയ അമ്യൂസ്മെന്റ് പാര്‍ക്ക് ശൃംഖലയായ വണ്ടര്‍ലാ ഹോളിഡേയ്സ് ലിമിറ്റഡ് ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിച്ചു. കൊച്ചിയിലെ വണ്ടര്‍ലാ പാര്‍ക്കില്‍ നടന്ന ചടങ്ങുകളില്‍ നിരവധി പ്രമുഖ വ്യക്തികളും താരങ്ങളും നിക്ഷേപകരും പങ്കെടുത്തു. ചെന്നൈയില്‍ നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാര്‍ക്കിന്റെ ഉദ്ഘാടനം ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ തന്നെ സംഘടിപ്പിക്കും എന്നതുള്‍പ്പെടെയുള്ള നിരവധി സുപ്രധാന പ്രഖ്യാപനങ്ങളും നടത്തി. കേരളത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങളോട് കൂടിയ ആദ്യത്തെ ബന്‍ജീ ജംപിങ്ങ് ടവര്‍ സ്ഥാപിക്കും. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കു നൈറ്റ് പാര്‍ക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍, പ്രമുഖ ചലച്ചിത്രതാരവും സംവിധായകനുമായ ബേസില്‍ ജോസഫ്, ചലച്ചിത്രതാരം മഹിമ നമ്പ്യാര്‍ എന്നിവര്‍ അടക്കമുള്ള വിശിഷ്ടാതിഥികള്‍ പ്രൗഢഗംഭീരമായ ആഘോഷങ്ങളുടെ ഭാഗമായി. വണ്ടര്‍ലായുടെ സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അരുണ്‍ കെ. ചിറ്റിലപ്പിള്ളി, കമ്പനിയുടെ സിഒഒ ധീരന്‍ ചൗധരി, കൊച്ചി പാര്‍ക്കിന്റെ ഹെഡ് നിതീഷ് കെ.യു, അഡ്മിനിസ്ട്രേഷന്‍ വിഭാഗം വി പി രവികുമാര്‍ എം.എ. എന്നിവര്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സംഘവും പങ്കെടുത്തു.

കേവലമൊരു വാര്‍ഷികാഘോഷം എന്നതിലുപരി, ഒരു വര്‍ഷക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന സന്തോഷത്തിന്റെയും സാഹസികതയുടെയും പരിധികളില്ലാത്ത വിനോദത്തിന്റെയും ഉത്സവമെന്ന നിലയിലാണ് ആഘോഷപരിപാടികള്‍ വിഭാവനം ചെയ്തിട്ടുള്ളത്. വണ്ടര്‍ലാ കൊച്ചി മുന്‍പെങ്ങും സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വിധത്തിലുള്ള ഒരു നൈറ്റ് കാര്‍ണിവലാണ് അതില്‍ പ്രധാനം. മെയ് 1 മുതല്‍ 4 വരെയുള്ള ദിവസങ്ങളില്‍ പ്രകാശവിന്യാസങ്ങളുടെയും വിനോദത്തിന്റെയും ഒരു കേളികൊട്ടിനാണ് വണ്ടര്‍ലാ ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്നത്. ഫയര്‍ ഷോ, ജഗ്ളിങ്, മാജിക് എന്നിങ്ങനെ നിരവധി പരിപാടികള്‍ നടത്തും.

ആഘോഷപരിപാടികള്‍ അവിടെ തീരുന്നില്ല! ഏപ്രില്‍ 26ന്, ”തരംഗം” എന്ന പേരില്‍ ഒരു മെഗാ ആനിവേഴ്സറി സംഗീതപരിപാടിയും നടക്കും. വേടന്‍, മസാല കോഫീ, ഗബ്രി, ശങ്ക ട്രൈബ് തുടങ്ങിയ പ്രശസ്ത ബാന്‍ഡുകളും ഗായകരും പങ്കെടുക്കും. അടിച്ചുപൊളി പാട്ടുകളും ആത്മാവില്‍ തൊടുന്ന മെലഡികളും കൂടിച്ചേരുന്ന ഒരു അത്യപൂര്‍വ സംഗീത സംഗമമാണ് വണ്ടര്‍ലായില്‍ കാത്തിരിക്കുന്നത്. സാഹസികതയ്ക്ക് പിറകെ പോകുന്നവരെ ത്രില്ലടിപ്പിക്കാന്‍ കേരളത്തിലെ ആദ്യത്ത ”യഥാര്‍ത്ഥ” ബന്‍ജീ ജംപിങ്ങ് ടവറും ഒട്ടും വൈകാതെ കൊച്ചിയിലെ വണ്ടര്‍ലയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇന്ദ്യ ബന്‍ജീ ഗ്രൂപ്പുമായി സഹകരിച്ചാണ് ടവറിന്റെ നിര്‍മാണം. മുന്‍പെങ്ങും കേരളക്കര പരിചയിച്ചിട്ടില്ലാത്ത ”ഫ്രീ ഫാള്‍” അനുഭവമായിരിക്കും കൊച്ചിയില്‍ ലഭ്യമാകുക.

ആഘോഷങ്ങളുടെ ഭാഗമായി വണ്ടര്‍ലയില്‍ എത്തുന്ന അതിഥികള്‍ക്കും നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമുണ്ട്. ലക്കി ഡ്രോയില്‍ വിജയികളാകുന്നവരെ സ്മാര്‍ട്ട് ടിവികള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. എല്ലാ ദിവസവും പൂളിനരികെ ഡിജെ പാര്‍ട്ടിയും ഉണ്ടാകും. കൂടാതെ, ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ഓരോ ടിക്കറ്റിനും ഒപ്പം ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. ഓരോ ദിവസവും ആദ്യം ബുക്ക് ചെയ്യുന്ന 250 പേര്‍ക്കാണ് സൗജന്യ ടിക്കറ്റ് ലഭിക്കുക.

വണ്ടര്‍ലായുടെ 25 വര്‍ഷം നീണ്ട ചരിത്രം വിളിച്ചറിയിക്കുന്ന ഒരു പ്രത്യേക ഇന്‍സ്റ്റലേഷനും സജ്ജമാക്കിയിട്ടുണ്ട്. രണ്ടായിരാമാണ്ടില്‍ വീഗാലാന്‍ഡ് എന്ന പേരില്‍ പാര്‍ക്ക് സ്ഥാപിതമായത് മുതല്‍ പിന്നീട് ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകര്‍ എത്തുന്ന അമ്യൂസ്മെന്റ് പാര്‍ക്കായി മാറിയത് വരെയുള്ള ചരിത്രം ”വണ്ടര്‍ വോള്‍ ഓഫ് ഫെയിം” എന്ന ഈ ഇന്ററാക്ടീവ് പ്രദര്‍ശനത്തില്‍ കാണാം. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ വണ്ടര്‍ലായുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ’25 വണ്ടര്‍ലാ വര്‍ഷങ്ങള്‍’ എന്ന പരസ്യചിത്രത്തിന്റെ ഉദ്ഘാടനവും ഇതോടപ്പം നടുന്നു.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ”വണ്ടര്‍ ലാബ്‌സ്” എന്ന പദ്ധതി കൂടുതല്‍ വിശാലമാക്കാനും മാനേജ്‌മെന്റ് തീരുമാനിച്ചിട്ടുണ്ട്. 25 സര്‍ക്കാര്‍, അര്‍ദ്ധ-സര്‍ക്കാര്‍ സ്‌കൂളുകളില്‍ സയന്‍സ് ലാബുകള്‍ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകളില്‍ നിന്ന് ആപ്പ്ളിക്കേഷനുകള്‍ ക്ഷണിച്ചിട്ടുണ്ട്.

കഴിഞ്ഞുപോയ 25 വര്‍ഷങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ വിനോദരംഗത്തെ മുഴുവന്‍ ഉടച്ചുവാര്‍ത്ത നേട്ടങ്ങളാണ് കാണുന്നതെന്ന് വണ്ടര്‍ലാ ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനും മാനേജിങ് ഡയറക്ടറും ആയ അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. ബംഗളുരുവിലെ മിഷന്‍ ഇന്റര്‍സ്റ്റെല്ലാര്‍ പോലെയുള്ള പദ്ധതികള്‍ ഈ മേഖലയിലെ വലിയ വഴിത്തിരിവുകളായിരുന്നു. അതുപോലെ ഒന്നാണ് ഇനി വരാന്‍ പോകുന്ന നൈറ്റ് കാര്‍ണിവല്‍ പദ്ധതിയും. യഥാര്‍ത്ഥ ബന്‍ജീ ജംപിങ്ങ് അനുഭവം കൊച്ചിയില്‍ കൊണ്ടുവരുന്നതും പുതുമകള്‍ തേടിയുള്ള ഈ യാത്രയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. വണ്ടര്‍ ലാബ്‌സ് പോലെയുള്ള പദ്ധതികള്‍ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനും എല്ലാവരെയും ഒരുപോലെ ഉള്‍ക്കൊള്ളാനുമുള്ള ശ്രമങ്ങളുടെയും ഭാഗമാണ്. മായാജാലം ഒരിക്കലും അവസാനിക്കാത്ത, ഓര്‍മ്മകള്‍ സൃഷ്ടിക്കാനും സാഹസികസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനും കഴിയുന്ന ഇടങ്ങളാണ് ഓരോ വണ്ടര്‍ലാ പാര്‍ക്കെന്നും അരുണ്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.

വണ്ടര്‍ലയുടെ ഏറ്റവും വലിയ പ്രോജക്ടുകളില്‍ ഒന്നാണ് ചെന്നൈയിലെ പുതിയ പാര്‍ക്ക്. 2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ചെന്നൈ പാര്‍ക്ക് ഉദ്ഘാടനം ചെയ്യാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ദേശീയതലത്തിലുള്ള വണ്ടര്‍ലയുടെ സാന്നിധ്യം ഊട്ടിയുറപ്പിക്കുന്ന നീക്കമാണിത്. കൊച്ചി, ബെംഗളൂരു, ഹൈദരാബാദ്, ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ നിലവിലുള്ള പാര്‍ക്കുകളില്‍ ഇതുവരെ 4.3 കോടി സന്ദര്‍ശകരാണ് എത്തിയത്. ഏവര്‍ക്കും സുരക്ഷിതവും ആഹ്ളാദപൂര്‍ണവും ലോകോത്തര നിലവാരമുള്ളതുമായ വിനോദ, സാഹസിക അനുഭവം നല്‍കുക എന്നതാണ് വണ്ടര്‍ലായുടെ സ്ഥാപിതലക്ഷ്യം. വരും തലമുറകളെയും ആകര്‍ഷിക്കുന്ന തരത്തില്‍ നവീനമായ അനുഭവങ്ങള്‍ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വണ്ടര്‍ലാ ഹോളിഡേയ്‌സ് 25 വര്‍ഷങ്ങള്‍ പിന്നിട്ട് പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.

വണ്ടര്‍ലായുടെ എല്ലാ പാര്‍ക്കുകളിലും ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള ഓഫറുകള്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വിവരങ്ങള്‍ക്ക് https://bookings.wonderla.com/ സന്ദര്‍ശിക്കുകയോ 0484- 3514001, 75938 53107 എന്നീ നമ്പറുകളില്‍ വിളിക്കുകയോ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *