ജില്ലയില്‍ കുഷ്ഠ രോഗ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും ഇതിനായി 2 ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ. വി അറിയിച്ചു. മൈക്രോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗത്തിന് കാരണമാകുന്നത്. രോഗിയുമായുള്ള സമ്പര്‍ക്കത്തില്‍ ശ്വാസത്തിലൂടെയാണ് രോഗം പകരുക. രോഗി തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന വായു ശ്വസിച്ചാല്‍ രോഗം പകരാം. രോഗാണു ശരീരത്തിലെത്തിയാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ നാലുമുതല്‍ ഏഴുവര്‍ഷംവരെയെടുക്കാം എന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
രോഗലക്ഷണങ്ങള്‍
ചര്‍മത്തില്‍ നിറം മങ്ങിയതും ചുവന്നതുമായ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, കട്ടിയുള്ള തിളങ്ങുന്ന ചര്‍മം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങള്‍, വേദനയില്ലാത്ത മാറാത്ത വൃണങ്ങള്‍, ചുവന്ന് തടിച്ച ചെവി, തടിച്ച നാഡികള്‍, ചര്‍മത്തിലുണ്ടാകുന്ന കലകള്‍, ചൂടും തണുപ്പും, മര്‍ദവും തിരിച്ചറിയാനാകാത്ത അവസ്ഥ, കാലുകളിലെ രോമംകൊഴിച്ചില്‍ തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം.
രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാല്‍ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങള്‍ തടയുന്നതിനും രോഗപ്പകര്‍ച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 6 മുതല്‍ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം.
ജില്ലയില്‍ നിലവില്‍ 32 കുഷ്ഠരോഗ ബാധിതര്‍ ആണുള്ളത്.അതില്‍ രണ്ടു പേര്‍ക്കു കുഷ്ഠ രോഗം മൂലമുളള അംഗവൈകല്യവുമുണ്ട്. ഇവര്‍ .അംഗവൈകല്യം ഭേദമാക്കുന്നതിന് ആവശ്യമായ പുനര്‍ നിര്‍മാണ ശസ്ത്രക്രിയക്കു തയ്യാറെടുക്കുകയാണ്.
2025 ജനുവരി മാസം നടപ്പിലാക്കിയ ആശ്വമേധം പരിപാടിയുടെ ഭാഗമായി 6 കുഷ്ഠ രോഗ ബാധിതരെ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഇതില്‍ 10 വയസുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നു. കുമ്പള ആരോഗ്യ ബ്ലോക്കിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരുള്ളത്.3 വീതം കുഷ്ഠ രോഗ ബാധിതര്‍ ഉള്ള കാസറഗോഡ്‌നഗര സഭ , മധൂര്‍ഗ്രാമ പഞ്ചായത്ത് എന്നിവയാണ് കൂടുതല്‍ കുഷ്ഠ രോഗ ബാധിതരുള്ള നഗരസഭയും ഗ്രാമ പഞ്ചായത്തും. കുഷ്ഠ രോഗത്തെ പ്രതിരോധിക്കുന്നതിനായി 2024 സെപ്റ്റംബര്‍ മുതല്‍ സംസ്ഥാനത്തും കാസറഗോഡ് ജില്ലയിലും സിംഗിള്‍ ഡോസ് റിഫാമ്പസിന്‍ പ്രോഫിലാക്‌സിസ് ചികിത്സ ആരംഭിച്ചിട്ടുണ്ട്.
2025 ഏപ്രില്‍ മുതല്‍ എം ബി, പി ബി കുഷ്ഠ രോഗ ബാധിതര്‍ക്കു 3 മരുന്നുകള്‍ (റിഫാമ്പസിന്‍,ഡാപ്‌സണ്‍, ക്ലോഫാസമിന്‍ ) അടങ്ങിയ വിവിധ ഔഷധ ചികിത്സയാണ് നല്‍കുക. കുഷ്ഠ രോഗബാധിതരില്‍ പിബി കേസുകള്‍ക്ക് ( തൊട്ടാല്‍ അറിയാത്ത 5 പാടുകളില്‍ കുറവുള്ളതും ബയോപ്‌സി ടെസ്റ്റിലോ ,സ്മിയര്‍ ടെസ്റ്റിലോ രോഗാണുവിനെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ )
6 മാസത്തെ വിവിധ ഔഷധ ചികിത്സയും എം ബി കുഷ്ഠ രോഗികള്‍ക്ക് (തൊട്ടാല്‍ അറിയാത്ത 5 പാടുകളില്‍ കൂടുതല്‍ ഉള്ളതും ബയോപ്‌സി ടെസ്റ്റിലോ ,സ്മിയര്‍ ടെസ്റ്റിലോ രോഗാണുവിനെ കണ്ടെത്താന്‍ സാധിക്കുകയും, ഒരു പരിധീയ നെര്‍വില്‍ രോഗം ബാധിക്കുകയും ചെയ്താല്‍ ) 12 മാസത്തെ വിവിധ ഔഷധ ചികിത്സയും ആണ് നല്‍കുന്നത്. ജില്ലയില്‍ നിലവിലുള്ള 32 കേസുകളില്‍ സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത(AMR )ഒരു കുഷ്ഠരോഗ ബാധിതനും ഉള്‍പ്പെടുന്നു.
കുഷ്ഠരോഗ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ ഈ വര്‍ഷം 2 ക്യാമ്പയിനുകള്‍ നടപ്പിലാക്കും. കുഷ്ഠ രോഗത്തെ കുറിച്ച് പൊതുജനങ്ങളില്‍ അറിവ്, മനോഭാവം, പ്രായോഗികത (knowledge, attitude, practice ) എന്നിവ മനസിലാക്കാനായി BATTLE (Basic Awareness against Testing & Treating towards Leprosy Elimination ) ക്യാമ്പയിന്‍ ഏപ്രില്‍ 1 മുതലും ജില്ലയില്‍ അവസാനത്തെ 15 വര്‍ഷം കുഷ്ഠരോഗം ബാധിച്ചു ചകിത്സയ്ക്ക് വിധേയമായ 150 പേര്‍ക്കും വീണ്ടും രോഗം വരാതിരിക്കാനും അവരില്‍ അംഗവൈകല്യം ഇല്ല എന്ന് ഉറപ്പു വരുത്തുന്നതിനും, ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് കുഷ്ഠ രോഗം ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതതിനുമുള്ള തീവ്ര യജ്ഞ ക്യാമ്പയിന്‍ 2025 ജൂണ്‍ 1 മുതലും നടപ്പിലാക്കും.
കുഷ്ഠ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പേരെയും വര്‍ഷത്തില്‍ ഒരു പ്രാവശ്യവും കുഷ്ഠരോഗം ബാധിച്ചവരെയും അവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെയും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യവും പരിശോധനക്ക് വിധേയമാക്കുമെന്നും ജില്ലാ ലെപ്രസി ഓഫീസര്‍ ഡോ. സന്തോഷ് കപ്പച്ചേരി അറിയിച്ചു.ജില്ലയില്‍ ബയോപ്സി സ്‌കിന്‍ സ്മിയറും പരിശോധിക്കുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസറഗോഡ് ജനറല്‍ ആശുപത്രി,താലൂക്ക് ആശുപത്രി മംഗല്‍പ്പാടി, താലൂക് ആശുപത്രി പൂടംകല്ല് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.