ഈ മേല്‍പ്പാലം പണി തുടങ്ങുമോ എന്ന
ചോദ്യം ആവര്‍ത്തിച്ച് പുരുഷാരം
പാലക്കുന്ന് : ട്രൈനുകള്‍ കടന്നു പോകാന്‍ പാലക്കുന്നിലെ കോട്ടിക്കുളം റെയില്‍വേ ഗേറ്റ് അടച്ചപ്പോള്‍ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്ത് ഘോഷയാത്ര കുരുക്കില്‍ പെട്ടത് എഴുന്നള്ളത്തിന്റെ തുടര്‍യാത്രകള്‍ വൈകാന്‍ കാരണമായി. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ പാലക്കുന്ന് ക്ഷേത്ര ഭണ്ഡാര വീടിന് മുന്‍പില്‍ വന്ദന ഏറ്റുവാങ്ങി നീരാട്ടിനായി ആറാട്ടുകടവിലേക്കുള്ള എഴുന്നള്ളത് ഘോഷയാത്ര തടസപ്പെട്ടത് ആ നേരത്ത് റയില്‍വേ ഗേറ്റ് അടച്ചിടേണ്ടിവന്നതുമൂലം. 15 മിനുറ്റോളം എഴുന്നള്ളത്തും അതിനെ അനുഗമിക്കുന്ന വലിയൊരു പുരുഷാരവും കുരുക്കിലായി. അതുമൂലം ആറാട്ടുകടവിലെത്തി നടത്തേണ്ട അനുഷ്ഠാന ചടങ്ങുകള്‍ വൈകി. ഇത് വര്‍ഷങ്ങളായുള്ള അവസ്ഥയാണ്.
പക്ഷേ ഇത്തവണ ആറാട്ടുകടവില്‍ നിന്നുള്ള മടക്ക യാത്രയും പാലക്കുന്നിലെ കിഴക്കേ ഭാഗത്തും ഇതേ കാരണത്താല്‍ കുരുങ്ങി. പാലക്കുന്ന് ഭണ്ഡാരവീട്ടില്‍ ആറാട്ടിന്റെ തിരിച്ചെഴുന്നള്ളത്തിനെ തൃക്കണ്ണാടേക്ക് അനുഗമിക്കാന്‍ ഒരുങ്ങി നിന്ന എഴുന്നള്ളത്തും പരിവാര സംഘവും തൊഴുതു വണങ്ങാനുള്ള ആയിരങ്ങള്‍ പടിഞ്ഞാര്‍ ഭാഗത്തും. ഒരു ചരക്കുവണ്ടിക്ക് വഴിയൊരുക്കാനായിരുന്നു ഗേറ്റ് അടച്ചത്.
അത് തുറന്നു കിട്ടാന്‍ 15 മിനിറ്റോളം കാത്തിരിപ്പും വേണ്ടിവന്നു. പതിവിലേറെ വൈകിയാണ് ആറാട്ട് എഴുന്നള്ളത്ത് 11 മണിയോടെ പാലക്കുന്നില്‍ നിന്ന് തൃക്കണ്ണാടേക്ക് തുടര്‍ യാത്ര പുറപ്പെട്ടത്.
മേല്‍പ്പാലം ഇവിടെ എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്ന ചോദ്യത്തിന്റെ പ്രസക്തി തടിച്ചുകൂടിയ ആയിരങ്ങള്‍ ഒരേ സ്വരത്തില്‍ പരസ്പരം ചോദിക്കുകയായിരുന്നു. കുറ്റി അടിക്കലും ടെണ്ടര്‍ നടപടികളും പൂര്‍ത്തിയായിട്ടും പണിതുടങ്ങാനുള്ള കാരണമെന്തെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നുമില്ല.
പാലക്കുന്നിലെ റയില്‍വേ മേല്‍പ്പാലം യാഥാര്‍ഥ്യമാകുമോ എന്ന് മാത്രമാണ് നാട്ടുകാരുടെ സംശയം. 20 ഓളം വര്‍ഷം ഇതിനായുള്ള കാത്തിരിപ്പ് തുടരുകയാണിവിടെ.