കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയില്‍ വായനായനത്തിന് സമാപനം

തെയ്യം ഗവേഷകന്‍ കൊടക്കാട് ശംഭു മാസ്റ്ററുടെ തെയ്യം കോലധാരികള്‍ കെ. മാധവന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.

കരിവെള്ളൂര്‍ : കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയില്‍ വായനായനത്തിന് സമാപനം. അഞ്ചുമാസമായി അറുപതിലധികം വീട്ടുമുറ്റങ്ങളില്‍ വായനയുടെ വസന്തകാലമൊരുക്കിയ വായനായനം പരിപാടിയുടെ ഭാഗമായി ഇ.പി. രാജഗോപാലന്‍, അംബികാസുതന്‍ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം,പി.വി. ഷാജികുമാര്‍, ടി.പി. വേണുഗോപാലന്‍, സി.എം. വിനയചന്ദ്രന്‍,മാധവന്‍ പുറച്ചേരി,പി.കെ. സുരേഷ് കുമാര്‍, ജിന്‍ഷ ഗംഗ, ഡോ. വത്സന്‍ പിലിക്കോട്, കെ.എന്‍. പ്രശാന്ത്,സുരേന്ദ്രന്‍ കാടങ്കോട് ഉപേന്ദ്രന്‍ മടിക്കൈ, ഡോ. വത്സന്‍ പിലിക്കോട്, വി.വി. പ്രഭാകരന്‍ , പ്രകാശന്‍ കരിവെള്ളൂര്‍,ബാലചന്ദ്രന്‍ എരവില്‍ , ഡോ. എം.ബാലന്‍,രാജേഷ് കടന്നപ്പള്ളി, അമ്പലത്തറ നാരായണന്‍, വി.ഹരീഷ്, കൂക്കാനം റഹ് മാന്‍ ഉള്‍പ്പെടെ നാല്‍പ്പതിലധികം എഴുത്തുകാരാണ് വീട്ടുമുറ്റങ്ങളില്‍ വായനക്കാരുമായി സംവദിക്കാനെത്തിയത്.സമാപന സമ്മേളനത്തില്‍ കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പാളും തെയ്യം കലാ ഗവേഷകനും മികച്ച ഫോട്ടോഗ്രാഫറുമായ കൊടക്കാട് ശംഭു മാസ്റ്ററുടെ ‘തെയ്യം കോലധാരികള്‍ ‘എന്ന പുസ്തകം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും റിട്ട. പ്രിന്‍സിപ്പാളും പ്രഭാഷകനുമായ കെ.മാധവന്‍ മാസ്റ്റര്‍ അവതരിപ്പിച്ചു.
കൊടക്കാട് നെല്ലിയേരി മനയില്‍ ശംഭു നമ്പൂതിരി എന്ന കെമിസ്ട്രി അധ്യാപകന് ഫോട്ടോഗ്രഫി എന്നുവെച്ചാല്‍ ജീവനാണ്. എണ്‍പതിന്റെ നിറവില്‍ പ്രായത്തിന്റെ അവശതയിലും ശംഭു മാസ്റ്ററുടെ മനസ്സ് നിറയെ തെയ്യക്കാഴ്ചകളാണ്. 30 വര്‍ഷത്തിനിടെ ശംഭു മാഷ് തന്റെ ക്യാമറക്കണ്ണുകളില്‍ പകര്‍ത്തിയ ആയിരക്കണക്കിന് തെയ്യം ഭാവങ്ങളില്‍ നിന്ന് തെരെഞ്ഞെടു ത്ത 32 കോലധാരികളെ കുറിച്ചുള്ള വിവരമാണ് പുസ്തകത്തിലെ പ്രതിപാദ്യം.
വെറുമൊരു തെയ്യം ഫോട്ടോഗ്രാഫറെന്നതിനപ്പുറത്ത് വടക്കേ മലബാറില്‍ തെയ്യത്തെക്കുറിച്ച് ആധികാരികമായി സംസാരിക്കാന്‍ സാധിക്കുന്ന ഗവേഷകനാണ് ശംഭു മാസ്റ്റര്‍ എന്ന് പുസ്തകം അവതരിപ്പിച്ചു കൊണ്ട് മാധവന്‍ മാസ്റ്റര്‍ പറഞ്ഞു.
പെരുംചെണ്ടയുടെ ആസുര താളത്തിനനുസരിച്ച് കാവുകളിലും ക്ഷേത്രങ്ങളിലും നിറഞ്ഞാടുന്ന തെയ്യങ്ങളെ ഗവേഷണ കൗതു ത്തോടെ പകര്‍ത്തുന്നതില്‍ പ്രായമോ ദൂരമോ സമയമോ ശംഭു മാസ്റ്റര്‍ക്ക് തടസ്സമാകാറില്ല. അദ്ദേഹം വ്യക്തമാക്കി.
പിഴക്കാത്ത നിഷ്ഠയും വ്രതവുമായി ശരീരവും ആത്മാവിനെയും ഒരുപോലെ ശുദ്ധമാക്കിയാണ് കനലാടികള്‍ തെയ്യക്കോലങ്ങളണിയുന്നതെന്ന് ഗ്രന്ഥകര്‍ത്താവ് കൊടക്കാട് ശംഭു മാസ്റ്റര്‍ പറഞ്ഞു.സങ്കടങ്ങളും പരിവേദനങ്ങളും നിറഞ്ഞ മനസുമായി ഇഷ്ടദൈവങ്ങളുടെ മുന്നിലേക്ക് പ്രതീക്ഷയോടെയെത്തുന്ന ഭക്തജനങ്ങള്‍ക്ക് വര രത്‌ന ഹസ്തങ്ങളില്‍ കനക രത്‌നപ്പൊടി നല്‍കി എല്ലാത്തിനും ആശ്വാസം പകര്‍ന്ന് തെയ്യങ്ങള്‍ മൊഴി നല്‍കും, ‘ഗുണം വരണമേ…. ‘കനലാടികളെ പോലെ തെയ്യത്തെ തികഞ്ഞ നിഷ്ഠയോടെ കണ്ട അദ്ദേഹം പറഞ്ഞു.
ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ മാഷിന്റെ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുത്തു. പയ്യന്നൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്‌സി. അംഗം വി.വി. ചന്ദ്രശേഖരന്‍, എ. ഗോവിന്ദന്‍, വി.വി. ഭാസ്‌ക്കരന്‍ , കെ.വിജയശ്രീ ,വി. ദാമോദരന്‍ മാസ്റ്റര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *