മലബാര്‍ ക്‌നാനായ കുടിയേറ്റദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും ഫെബ്രുവരി 26 ന് രാജപുരത്ത്

രാജപുരം:മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും പ്രൊഫ. വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും ഫെബ്രുവരി 26 ബുധനാഴ്ച രാജപുരത്ത് വെച്ച് നടക്കും. മലബാര്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്, ക്‌നാനായ കത്തോലിക്ക വിമെന്‍സ് അസ്സോസിയേഷന്‍, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. 2 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാജപുരം തിരുക്കുടുംബ ദൈവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയില്‍ മലബാറിലെ ഫൊറോന വികാരിമാരും സംഘടന ചാപ്ലിന്‍മാരും സഹകാര്‍മ്മികരായിരി ക്കും. തുടര്‍ന്ന് പ്രൊഫ. കണ്ടോത്ത് നഗറിലേക്ക് (പാരീഷ് ഹാള്‍) റാലി നടക്കും. പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് മലബാര്‍ റിജിയണ്‍ പ്രസിഡണ്ട് ജോസ് കണിയാപറമ്പില്‍ അദ്ധ്യക്ഷതവഹിക്കും.
എ.ഡി 345-ല്‍ മെസ്സപ്പോട്ടോമിയയില്‍ നിന്ന്‌കൊടുങ്ങല്ലൂരിലേക്ക് നടത്തിയ പ്രേക്ഷിത ക്‌നാനായ കുടിയേറ്റത്തെ അനുസ്മരിച്ചുകൊണ്ടാണ് കോട്ടയം അതിരൂപതയിലെ അന്നത്തെ മെത്രാനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറ മ്പില്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് പ്രൊഫ. വി.ജെ ജോസഫ് കണ്ടോത്ത് എന്നിവരുടെ നേതൃത്വത്തില്‍ മലബാറിലേക്ക് കുടിയേറ്റങ്ങള്‍ സംഘടിപ്പിച്ചത്.

1943 ഫെബ്രുവരി 2-ാം തിയതി കോട്ടയം രൂപതയുടെ വിവിധ ഇടവക ളില്‍ നിന്ന് 72 കുടുംബങ്ങളിലെ 400 പേര്‍ രാജപുരത്തേക്ക് ആദ്യ സംഘടിത പ്രേഷിത കുടിയേറ്റം നടന്നു. തുടര്‍ന്ന് 1943 മെയ് 6-ാം തീയതി കണ്ണൂര്‍ ജില്ലയിലെ മടമ്പത്തേയക്കും 1970 ജനുവരി 26-ന് കാസര്‍ഗോഡ് ജില്ലയിലെറാണിപുരത്തേയ്ക്ക് സംഘടിത കുടിയേറ്റം നടന്നു. അതിന്റെ തുടര്‍ച്ചയായി പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലേയ്ക്കും മലബാറിന്റെ വ്യത്യസ്ത പ്രദേശങ്ങളിലേക്കും, കര്‍ണ്ണാടകയിലെ നെല്ല്യാടി, കടബ, അജ്കാര്‍, ബാംഗ്‌ളൂര്‍ എന്നിവടങ്ങളി ലേക്കും കുടിയേറ്റങ്ങള്‍ നടന്നു.

മലബാര്‍ ക്‌നാനായ പക്ഷിത കുടിയേറ്റത്തെ തുടര്‍ന്നാണ് സീറോ-മല ബാര്‍ സഭയ്ക്ക് ഭാരതപുഴയ്ക്ക് വടക്ക് മലബാറില്‍ ആദ്യ ദൈവാലയം 1943-ല്‍ രാജപുരത്ത് സ്ഥാപിതമായി. ലത്തീന്‍ ആരാധനക്രമം മാത്രമുണ്ടായിരുന്ന ഇവിടെ സുറിയാനി ആരാധന ക്രമവും ഇതുമൂലം പ്രാബല്യത്തില്‍ വന്നു. മലബാറിലേക്കുള്ള ഈ കുടിയേറ്റങ്ങള്‍ ഇവിടെ ആത്മീയ, ഭൗതിക, സാംസ്‌കാരിക, വിദ്യഭ്യാസ പുരോഗതിക്ക് കാരണമായി. ഏവര്‍ക്കും വിദ്യഭ്യാസം ലഭിച്ചതോടെ ജനങ്ങള്‍ അഭ്യസ്ഥവിദ്യരായി നാട്ടിലും വിദേശത്തും ജോലി നേടുകയും നാട് സമ്പത്തിക പുരോഗതി നേടുകയും ചെയ്തു.

മലബാര്‍, കോട്ടയം, കര്‍ണ്ണാടകയിലെ വ്യത്യസ്ത ഇടവകകളിലേക്ക് ക്‌നാനായ കുടിയേറ്റ ജനത കൃതജ്ഞത ബലിയിലും പൊതുസമ്മേളനത്തിലുംപങ്കെടുക്കുമെന്ന് പത്രസമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ.ജോസ് ആരിച്ചിറ, ജനറല്‍ കണ്‍വീനര്‍ ജോസ് കണിയാപറമ്പില്‍, ജോ.കണ്‍വീനര്‍ ഒ.സി.ജയിംസ് ഒരപ്പാങ്കല്‍, സെക്രട്ടറി ഷിജു കുറാനയില്‍ പബ്ലസിറ്റി ചെയര്‍മാന്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട്, കണ്‍വീനര്‍ ജിജി കിഴക്കേപ്പുറത്ത് , പിലിപ്പ് വെട്ടികുന്നേല്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *