കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാര്‍ കാഞ്ഞങ്ങാട് ബിഗ് മാള്‍ ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിര്‍ത്താന്‍ മഹല്ല് കമ്മിറ്റികള്‍ ബോധവല്‍ക്കരണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം നല്‍കി.വിവാഹം വിവാഹ മോചനം പുനര്‍ വിവാഹം മുതലായവയിലെ ഇസ്ലാമിക വീക്ഷണം സമൂഹത്തിന് കൃത്യമായി മനസിലാക്കിക്കൊടുക്കാന്‍ ഖത്വീബുമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും അവയില്‍ അനിസ്ലാമികത കടന്നു കൂടാതിരിക്കാന്‍ അവര്‍ നടത്തുന്ന പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് മഹല്ല് കമ്മിറ്റി പൂര്‍ണ്ണ പിന്തുണ നല്‍കണമെന്നും ഖാസി തുടര്‍ന്നു പറഞ്ഞു.
നിലവിലെ പാര്‍ലമെന്റിന്മുമ്പിലുള്ള വഖ്ഫ് ഭേദഗതി നിയമം ഉയര്‍ത്തുന്ന ആശങ്കകളും വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ചും വിവിധങ്ങളായ കോടതികളില്‍ നിന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന പുതിയ വിധികള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചും വിശദീകരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സെമിനാറില്‍ മുന്‍ കേന്ദ്ര വഖ്ഫ് കൗണ്‍സില്‍ സെക്രട്ടറി അഡ്വ. ബി എം ജമാല്‍, പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന്‍ മുഹമ്മദ് സഅദി വളാഞ്ചേരി എന്നിവര്‍ വിഷയാവതരണം നടത്തി സംസാരിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തി. മാവുങ്കാല്‍ ജമാഅത്തിനുള്ള ശിഹാബ് തങ്ങള്‍ സ്മാരക മംഗല്യ നിധി സഹായ വിതരണം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഭാരവാഹികളായ എം കെ അബൂബക്കര്‍ ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, ജാതിയില്‍ ഹസൈനാര്‍, ശരീഫ് എഞ്ചിനീയര്‍, റഷീദ് തോയമ്മല്‍, താജുദ്ദീന്‍ കമ്മാടം,വിവിധ മഹല്ല് ജമാഅത്ത് ഖത്വീബ്, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, സംയുക്ത ജമാഅത്ത് പ്രവര്‍ത്തക സമിതി അംഗം എന്നിവര്‍ പങ്കെടുത്തു.