ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഒന്നിപ്പിക്കുന്ന വികാരമാണ് ശരത് ലാലിന്റെയും കൃപേഷിന്റെയും ഓര്‍മ്മകള്‍; കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

കാഞ്ഞങ്ങാട് : മറ്റുള്ള രാഷ്ട്രീയ പ്രവര്‍ത്തകരെ കൊലനടത്തിക്കൊണ്ടുള്ള രാഷ്ട്രീയപ്രവര്‍ത്തനം ജനാധിപത്യ സംസ്‌കാരത്തിന് ഭൂഷണമല്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഗവണ്‍മെന്റും, സംവിധാനവും പ്രതികളെ സഹായിക്കുന്നതിന് വേണ്ടി രംഗത്തിറങ്ങുന്നത് നാട്ടില്‍ ആരാജകത്വത്തിന് കാരണമാകുമെന്നും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു. കേരളത്തിലെ സിപിഎം ഗവണ്‍മെന്റ് കല്ല്യോട്ട് കൊലപാതക കേസിലെ പ്രതികളെ വഴിവിട്ട് സഹായിച്ചത് വഴി ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസം പരിപൂര്‍ണമായും നഷ്ടമായെന്നും പരസ്പരം സ്‌നേഹിച്ചും സഹവാര്‍ത്തിത്തത്തിലും മുന്നോട്ട് പോയിക്കൊണ്ടിരുന്ന ഗ്രാമപ്രദേശത്തെ എല്ലാ സത്കര്‍മ്മങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്ന ശരത് ലാലിന്റെയും കൃപേഷിന്റെയും ഓര്‍മ്മകള്‍ ഇന്ത്യയിലെ മുഴുവന്‍ കോണ്‍ഗ്രസുകാരെയും ഒന്നിപ്പിക്കുന്ന വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവരുടെ ഓര്‍മ്മകള്‍ ഈ നാട്ടില്‍ എന്നെന്നും നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ് അത് സാക്ഷത്കരിക്കാന്‍ ശരത് ലാല്‍ ,കൃപേഷ് സ്മാരകം പണിയുന്നതിന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 25 ലക്ഷം രൂപ അനുവദിക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു.

ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് ആറാം രക്തസാക്ഷിത്വവാര്‍ഷികദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുപ്പത്തിലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മൃതശരീരം നേരിട്ട് ഏറ്റുവാങ്ങി വിറങ്ങലിച്ച മനസുമായിട്ടാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാരനായ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതെന്നും കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് കൊലപാതകം സിപിഎമിന്റെ അപജയമാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. കല്ല്യോട്ട് കൊലപാതക കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തിന് വേണ്ടി സംസ്ഥാന ഗവണ്‍മെന്റ് തന്നെ രംഗത്തിറങ്ങുന്നത് ഒരു തരത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ചെയര്‍മാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനറും ഡിസിസി പ്രസിഡന്റുമായ പി കെ ഫൈസല്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ ഷാഫി പറമ്പില്‍ എംപി, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ നും എം എല്‍ എയുമായ രാഹുല്‍ മാങ്കൂട്ടം, മഞ്ജുനാഥ ഷെട്ടി, മുഹമ്മദ് നാലപ്പാട്, അഡ്വ .സോണി സെബാസ്റ്റ്യന്‍, എ ഗോവിന്ദന്‍ നായര്‍, ഹക്കിം കുന്നില്‍ രമേശന്‍ കരുവാച്ചേരി, കെ നീലകണ്ഠന്‍, എം അസിനാര്‍, കരിമ്പില്‍ കൃഷ്ണന്‍, ശാന്തമ്മ ഫിലിപ്, ടി എം ഷാഹിദ്, റിജില്‍ മാക്കുറ്റി, ജെയിംസ് പന്തമാക്കാന്‍, സാജിദ് മവ്വല്‍, ബി പി പ്രദീപ് കുമാര്‍ പി ജി ദേവ്, അഡ്വ .കെ കെ രാജേന്ദ്രന്‍, എം സി പ്രഭാകരന്‍,അഡ്വ.പി വി സുരേഷ്, സോമശേഖര ഷേണി, സുന്ദര ആടിക്കാടി, സി വി ജെയിംസ്, ഗീത കൃഷ്ണന്‍, ടോമി പ്ലാച്ചേരി, മാമുനി വിജയന്‍ കെ വി സുധാകരന്‍, കെ പി പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *