നാലുവര്‍ഷ ബിരുദ പ്രോഗ്രാം സിലബസുകള്‍ സമഗ്രമായി സര്‍വ്വകലാശാലാ തലത്തില്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു. സര്‍വ്വകലാശാലകള്‍ ഇതിനായി പോര്‍ട്ടല്‍ ആരംഭിക്കുമെന്നും നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗ തീരുമാനങ്ങളായി മന്ത്രി അറിയിച്ചു.
സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്‌സുമനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം – മന്ത്രി പറഞ്ഞു.
തിരഞ്ഞെടുത്ത കോഴ്സുകള്‍ സംസ്ഥാന തലത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റിവ്യൂ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുസമൂഹത്തിനുമടക്കം സര്‍വ്വകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുന്നതിനാണ് പോര്‍ട്ടല്‍ തുടങ്ങുക. ഈ പോര്‍ട്ടലുകളില്‍ വരുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അതത് പഠനബോര്‍ഡുകള്‍ പരിഗണിക്കും. തുടര്‍ന്ന് എല്ലാ സര്‍വ്വകലാശാലാ പഠന ബോര്‍ഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
കരിക്കുലം കമ്മിറ്റി ചെയര്‍മാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയില്‍ സംസ്ഥാന തലത്തില്‍ പ്രധാനപ്പെട്ട കോഴ്‌സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
നാലുവര്‍ഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിര്‍ണ്ണയ രീതികളില്‍ വലിയ മാറ്റങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഇവയില്‍ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകര്‍ക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. പുതുതായി ആരംഭിച്ച ടീച്ചിംഗ് ആന്‍ഡ് ലേണിംഗ് സെന്റര്‍ ഓഫ് എക്സലന്‍സിന്റെയും സര്‍വ്വകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികള്‍.
വിദ്യാര്‍ത്ഥികളുടെ അന്തര്‍സര്‍വ്വകലാശാലാ-കോളേജ് മാറ്റം, എന്‍ മൈനസ് വണ്‍ സെമസ്റ്റര്‍, ഓണ്‍ലൈന്‍ കോഴ്‌സുകള്‍ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് സ്റ്റാന്‍ഡേഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ തയ്യാറാക്കാന്‍ എഫ്.വൈ.യു.ജി.പി മോണിറ്ററിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എല്ലാ സര്‍വ്വകലാശാലകളും കെ-റീപ്പിലേക്ക് മാറാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ബിബിഎ, ബിസിഎ കോഴ്‌സുകള്‍ സംബന്ധിച്ചുള്ള എഐസിടിഇ റെഗുലേഷന്‍ നടപ്പാക്കുന്നതു സംബന്ധിച്ച് സര്‍വ്വകലാശാലാ തലത്തില്‍ പഠനം നടത്തുമെന്നും മന്ത്രി ഡോ. ബിന്ദു അറിയിച്ചു. സംസ്ഥാനത്ത് ഈ അക്കാദമിക വര്‍ഷം മുതല്‍ ആരംഭിച്ച നാലുവര്‍ഷബിരുദ പ്രോഗ്രാമിന്റെ പുരോഗതി വിലയിരുത്താനായിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യോഗം.
യോഗത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍മാര്‍, രജിസ്ട്രാര്‍മാര്‍, പരീക്ഷാ കണ്‍ട്രോളര്‍മാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, എഫ്.വൈ.യു.ജി.പി കമ്മിറ്റി പ്രതിനിധികള്‍, ഉന്നതവിദ്യാഭ്യാസ കൗണ്‍സിലിന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.