കരിവെള്ളൂര്‍ : പാഴായി പോയ ജന്മത്തില്‍ പരിതപിച്ച്
‘ കൃഷ്ണന്‍’ ; വേറിട്ട കാവ്യാനുഭവം പകര്‍ന്ന് ശ്യാമമാധവം.
സര്‍വ്വ ജനങ്ങളാലും ആദരിക്കപ്പെടുന്ന ഇതിഹാസ കഥാപാത്രമായ ശ്രീ കൃഷ്ണന്‍ ജീവിതത്തില്‍ അനാഥത്വത്തിന്റെയും ദുഖത്തിന്റെയും കയ്പുനീര് കുടിച്ചി രുന്നുവെന്ന വ്യാഖ്യാനമാണ് എന്‍. പ്രഭാവര്‍മ്മയുടെ ശ്യാമ മാധവത്തിന്റെ പ്രാധാന്യമെന്ന് കവിത പരിചയപ്പെടുത്തിക്കൊണ്ട് കയ്യൂര്‍ ഗവ. ഹൈസ്‌കൂള്‍ അധ്യാപിക ശാന്ത ജയദേവന്‍ പറഞ്ഞു. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയമാണ് വ്യത്യസ്തമായ ആഖ്യാന ശൈലിയില്‍ പിറവിയെടുത്ത കവിതയെയും കവിയെക്കുറിച്ചും അടുത്തറിയാന്‍ വഴി തുറന്നത്.
വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം.വടക്കുമ്പാട് എ.വി. ശാരദയുടെ വീട്ടുമുറ്റത്താണ്
‘അപനിര്‍മിതി വായന’ എന്ന് പേരിട്ട പരിപാടി
നടന്നത്.
യുദ്ധം ഒരിക്കലും ഒരു പൊതു നീതി ആയിരുന്നില്ലെന്നും അത് നഷ്ടപ്പെടലുകള്‍ മാത്രമേ ഉണ്ടാക്കിയുള്ളൂ എന്നും കൃഷ്ണന്‍ തിരിച്ചറിയുന്ന സമയത്താണ് സ്വയം വെറുമൊരു മനുഷ്യനായി അദ്ദേഹം മാറിപ്പോകുന്നത്. മഹാഭാരതം കഥയില്‍ അര്‍ജുനന്‍ യുദ്ധത്തെ എതിര്‍ക്കുമ്പോള്‍ പോലും അര്‍ജുനനെ ഊര്‍ജ്ജം നല്‍കി യുദ്ധ സന്നദ്ധനാക്കി മാറ്റാന്‍ ഗീത വരെ രചിക്കുന്ന കൃഷ്ണ സങ്കല്‍പ്പത്തില്‍ നിന്നും അദ്ദേഹം മാനവികതയുള്ള വ്യക്തിയായി മാറുമ്പോള്‍ നമ്മുടെ മുന്നിലുള്ള ചില ലോകരാജ്യങ്ങളുടെ ചരിത്രവുമായി പോലും കവിതയെ ചേര്‍ത്തു വെക്കാന്‍ കഴിയും. കവിതയുടെ സമകാലിക പ്രാധാന്യം സൂചിപ്പിച്ച് അവതാരിക വ്യക്തമാക്കി. കെ.സി. മാധവന്‍ , കൊടക്കാട് നാരായണന്‍ സംസാരിച്ചു.
ടി.വി. ഗിരിജ ടീച്ചര്‍ അധ്യക്ഷയായി. ശ്യാമമാധവത്തിലെ ഏതാനും ശ്ലോകങ്ങള്‍ ഗിരിജ ടീച്ചര്‍ ആലപിച്ചു. എ.വി.ശാദ സ്വാഗതവും പി.വി. കാര്‍ത്യായനി നന്ദിയും പറഞ്ഞു.
കൊടക്കല്‍ ഉണ്ണി -ലേഖ വീട്ടുമുറ്റത്ത് നടന്ന പരിപാടിയില്‍ ഇടയിലെക്കാട് എ എല്‍ പി. സ്‌കൂള്‍ അധ്യാപിക വി.വി. രജനി ടീച്ചര്‍ എം.ടി.യുടെ മഞ്ഞ് പരിചയപ്പെടുത്തി. പി.ടി. ഷൈനി ടീച്ചര്‍ അധ്യക്ഷയായി. അബ്ദുള്‍ സമദ് ടി.കെ., മനോജ് ഏച്ചിക്കൊവ്വല്‍, കെ.സി. മാധവന്‍, കെ.വി. മധു മാഷ്, കൊടക്കാട് നാരായണന്‍, ശശിധരന്‍ ആലപ്പടമ്പ ന്‍ സംസാരിച്ചു. ലേഖ. പി.യു. സ്വാഗതവും കെ.പി. രഞ്ജിത്ത് നന്ദിയും പറഞ്ഞു.
വടക്കുമ്പാട് പ്രവീണ്‍ കലിയാന്തില്‍ – കാവ്യ ദമ്പതികളുടെ വീട്ടുമുറ്റത്ത് കെ.എസ്. അനിയന്‍ എഴുതിയ ഡോ. വി.പി. ഗംഗാധരന്റെ ജീവിതാനുഭവങ്ങള്‍
‘ജീവിതം എന്ന അത്ഭുതം ‘പി.വി. ലതീഷ് കുമാര്‍ അവതരിപ്പിച്ചു. പി. ഗോപി അധ്യക്ഷനായി. പി. ഗീത, കെ. സുബൈര്‍, കെ.സി. മാധവന്‍,കൊടക്കാട് നാരായണന്‍ , ശശിധരന്‍ ആലപ്പടമ്പന്‍ സംസാരിച്ചു. ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി ആരാധ്യ പ്രവീണ്‍ ഭഗവദ്ഗീത പാരായണം നടത്തി. പ്രവീണ്‍ കലിയാന്തില്‍ സ്വാഗതവും ടി. നജീബ് നന്ദിയും പറഞ്ഞു.