ആഗോള തലത്തിലുള്ള പ്രവാസി ഇന്ത്യക്കാരുടെ സംഗമമായ പ്രവാസി ഭാരതീയ ദിവസ് ഒറീസയിലെ ഭുവനേശ്വറിൽ ജനുവരി 10 വരെ ചേരുകയാണ്. പ്രവാസികൾക്കായി ഇതുൾപ്പെടെയുളള ഇടപെടലുകൾ നടത്തുന്നുണ്ടെങ്കിലും അവ അപര്യാപ്തമാണെന്നു വ്യക്തമാണ്. പ്രവാസിസമൂഹത്തെ നെഞ്ചോടു ചേർക്കുന്ന നടപടികളും സമീപനവുമാണ് കേന്ദ്ര സർക്കാരിൽ നിന്ന് ഉണ്ടാകേണ്ടത്. കേന്ദ്ര സർക്കാരിൻ്റെ അധികാര പരിധിയിൽ മാത്രം വരുന്ന കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ഇടപെടലുകൾ സാധ്യമല്ലാത്തതിനാല്‍ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ പൂർണ്ണതയിൽ എത്തിക്കുന്നതിന് തടസമാകാറുണ്ട്. രണ്ടു വർഷത്തിൽ ഒരിക്കൽ നടത്തുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടി പ്രവാസികളുടെ കാതലായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലേക്ക് ആവശ്യമായ വഴി തുറക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഉപരിപ്ലവമായ ചർച്ചകൾ മാത്രമല്ല നമുക്ക് ആവശ്യം, പ്രവാസികളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കൈ പിടിക്കാനും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം പകരാനും പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കി പരിഹരിക്കാനും കഴിയുന്ന സമീപനവും നടപടികളുമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന തിരിച്ചറിവ് ആണ് ഉണ്ടാകേണ്ടത്.
പ്രവാസിഭാരതീയര്‍ ഇന്ത്യയിലേയ്ക്കയച്ചത് 129 ബില്യൺ ഡോളര്‍
ആഗോള സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി, വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട ഡാറ്റ ലഭ്യമാക്കുന്ന ലോകബാങ്ക് പ്രസിദ്ധീകരിച്ച ലോക വികസന സൂചികകൾ (World Development Indicators – WDI), അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളുടെ ഡാറ്റാ ലഭ്യമാക്കുന്ന അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) ബാലൻസ് ഓഫ് പേമെന്റ്സ് സ്റ്റാറ്റിസ്റ്റിക്സ് (Balance of Payments Statistics – BOPS) എന്നിവയെ ആധാരമാക്കി ഇക്കഴിഞ്ഞ അന്താരാഷ്ട്ര പ്രവാസിദിനത്തോട് (ഡിസംബര്‍ 18) അനുബന്ധിച്ച് ലോകബാങ്ക് പ്രസിദ്ധീകരിച്ച ബ്ലോഗ് പോസ്റ്റിലാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ മനുഷ്യവിഭവ ശേഷിയുടെ ശക്തിയും പ്രവാസിഭാരതീയരുടെ പ്രാധാന്യവും വ്യക്തമാക്കുന്നതാണ് ഇത്. 2024-ൽ ഏറ്റവും കൂടുതൽ റെമിറ്റൻസ് സ്വീകരിക്കുന്ന മറ്റ് രാജ്യങ്ങൾ ഇന്ത്യയെക്കാളും എത്രയോ പിറകിലാണ്. മെക്സിക്കോ ($68 ബില്യൺ), ചൈന ($48 ബില്യൺ), ഫിലിപ്പൈൻസ് ($40 ബില്യൺ), പാകിസ്ഥാൻ ($33 ബില്യൺ). 2024-ലെ ആഗോള റമിറ്റന്‍സ് ആയി കണക്കാക്കുന്ന 685 ബില്യൺ ഡോളറില്‍ 129 ബില്യൺ ഡോളറും ഇന്ത്യയിലേയ്ക്കാണ്. അതായത് 18.83 ശതമാനം. ഇന്ത്യയുള്‍പ്പെടുന്ന ദക്ഷിണേഷ്യ 2024-ൽ 11.8% വളര്‍ച്ച കൈവരിക്കുമെന്നും ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.
പ്രവാസികേരളീയര്‍ കേരളത്തിന്റെ നട്ടെല്ല്
നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കേരള മൈഗ്രേഷൻ സർവേ (KMS) 2023 റിപ്പോർട്ട് പ്രകാരം 2023-ൽ കേരളത്തിലേക്കുളള പ്രവാസികേരളീയരുടെ റമിറ്റന്‍സ് ഗണ്യമായ രീതിയിൽ വർധിച്ചതായി വ്യക്തമാക്കുന്നുണ്ട്. 2017-2018: ₹85,092 കോടി, 2018-2019: ₹114,506 കോടി, 2021-2022: ₹144,640 കോടി, 2022-2023: ₹190,734 കോടി, 2023: ₹216,893 കോടി. അഞ്ച് വർഷത്തിനുള്ളിൽ 154% വർധനവ് കൈവരിച്ചതിലൂടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രവാസി വരുമാനത്തിന്റെ പ്രാധാന്യവും ഇത് വ്യക്തമാക്കുന്നുണ്ട്. സംസ്ഥാന സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികേരളീയരെന്നതാണ് പ്രധാനം. കോവിഡ്-19 മഹാമാരിയെതുടര്‍ന്നുണ്ടായ സാഹചര്യങ്ങളെയും ആഗോള സാമ്പത്തിക പ്രതിസന്ധികളെ മറികടന്നാണ് ഈ നേട്ടമെന്നത് നമുക്ക് അഭിമാനിക്കാം.
നയപരമായ ഉത്തരവാദിത്വം
റമിറ്റൻസുകൾ തുടർച്ചയായി വളരുമ്പോൾ, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്രവാസിസമൂഹത്തോട് ഉത്തരവാദിത്വമുണ്ട്. വിദേശകാര്യവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രവാസി എന്ന യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട നിര്‍വ്വചനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നയപരവും നിയമപരവുമായ പരിമിധികളുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ ചര്‍ച്ചകളും തീരുമാനങ്ങളുമാണ് ഉണ്ടാകേണ്ടത്. പ്രവാസിസമൂഹത്തെ നാടുമായി ബന്ധിപ്പിക്കുന്ന വിഷയങ്ങളില്‍ നിരവധി കാര്യങ്ങളില്‍ ഇടപെടലുകള്‍ സാധ്യമാകേണ്ടതുണ്ട്. സുരക്ഷിതവും വ്യവസ്ഥാപിതവും ചൂഷണരഹിതവുമായി കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രധാനം. എന്നാല്‍ ഇക്കാര്യത്തില്‍ നാളിതുവരേയും കാര്യമായ ഇടപെടലുകളും നിയമനിര്‍മ്മാണവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. ഇക്കാര്യത്തില്‍ പ്രവസിസാന്ദ്രത ഏറെയുളള സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളില്‍ നിയമനിര്‍മ്മാണത്തിനും ഇടപെടലുകള്‍ക്കും സംസ്ഥാനങ്ങല്‍ക്ക് അവസരമൊരുക്കേണ്ടതുണ്ട്.
ലോകകേരളസഭയെ മാതൃകയാക്കാം
പ്രവാസി ഭാരതീയ ദിവസിൻ്റെ പ്രധാന പോരായ്മകളിൽ ഒന്ന് കാതലായ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുകയോ, പരിഹരിക്കപ്പെടുകയോ ചെയ്യുന്നില്ലെന്നതാണ്. ഇന്ത്യ പോലെ വലിയ രാജ്യത്തിലെ പ്രവാസികളുടെ ഒരു പരിച്ഛേദം മാത്രമാണ് പ്രവാസി ഭാരതീയ ദിവസിൽ പങ്കെടുക്കുന്നുള്ളു. അല്ലെങ്കിൽ പ്രായോഗികത മൂലം പങ്കെടുക്കാൻ കഴിയുന്നുള്ളു. ഇവിടെയാണ് കേരള സർക്കാർ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള ലോക കേരള സഭയെ മാതൃകയാക്കാവുന്നത്. എല്ലാ സംസ്ഥാനങ്ങളിലും പ്രവാസി ഭാരതീയ ദിവസിന് അനുബന്ധമായി ലോക കേരള സഭ മാതൃകയിൽ പ്രവാസി സംഗമത്തിന് അവസരമൊരുക്കണം. ഇതിൻ്റെ ഭാഗമായി ലോകത്തെ ഓരോ മേഖലകൾ തിരിച്ചും പ്രവാസി സംഗമങ്ങൾ ഉണ്ടാകണം. പ്രവാസികളുടെ പ്രശ്നങ്ങൾ കൃത്യമായി ഉന്നയിക്കുന്നതിനും ശരിയായ രീതിയിൽ അവ പരിഹരിക്കുന്നതിനും ഇത് അവസരമൊരുക്കും.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം വളരെ ശക്തമായ ഇന്ത്യൻ പ്രവാസി സമൂഹത്തെ ചേർത്തു പിടിക്കുന്നതിലൂടെ രാജ്യത്തിൻ്റെ സമഗ്രവളർച്ചയ്ക്ക് കുതിപ്പേകാൻ സാധിക്കുമെന്നതാണ്. പ്രവാസികളുടെ അറിവും പരിചയവും കൂട്ടായ്മയും രാജ്യത്തെ സൂപ്പർ പവറാക്കി മാറ്റാൻ പര്യാപ്തമാണ്. കുടിയേറിയിട്ടുള്ള രാജ്യങ്ങളിൽ വോട്ടവകാശമുള്ള ഇന്ത്യക്കാർക്ക് അവിടുത്തെ വിദേശ നയ രൂപീകരത്തിൽ പോലും നിർണായക സ്വാധീനം ചെലുത്താൻ സാധിക്കും. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹം ഇതേ പോലെ വിദേശനയത്തെ സ്വാധീനിക്കാൻ കഴിയുന്ന നിർണായക ശക്തിയായി രൂപപ്പെട്ടു വരികയാണ്. പ്രവാസികളുടെ ഇത്തരത്തിലുള്ള വിലപേശൽ ശേഷി വർധിക്കുന്നത് അന്തർ ദേശീയ രംഗത്ത് ഇന്ത്യയുടെ അഭിപ്രായങ്ങൾക്കും നിലപാടുകൾക്കും കൂടുതൽ കരുത്തു പകരുമെന്നതിൽ സംശയമില്ല.
പ്രവാസികാര്യ മന്ത്രാലയം പുനസ്ഥാപിക്കണം
പ്രവാസി ക്ഷേമം പൂർണതയിൽ എത്തിക്കുന്നതിനുള്ള ആദ്യ പടിയായി കേന്ദ്ര സർക്കാരിൽ നിന്നു പ്രതീക്ഷിക്കുന്നത് പ്രവാസികാര്യ മന്ത്രാലയത്തിൻ്റെ പുന:സ്ഥാപനമാണ്. വിദേശകാര്യവും പ്രവാസികാര്യവും സവിശേഷവും പരമ പ്രധാനമായ പ്രത്യേക നിലയിൽ ശ്രദ്ധ വേണ്ട പരസ്പര ബന്ധിതമായ രണ്ടു വിഷയങ്ങളാണ്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകുന്നതിനും അനുഭാവ പൂർണവും സമയബന്ധിതവുമായ നടപടി ഉറപ്പാക്കുന്നതിനും പ്രവാസികാര്യ മന്ത്രാലയം അനിവാര്യമാണ്. പ്രവാസികൾക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ അടിയന്തിരമായി നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്ന രീതിയിൽ എംബസികളുടെ പ്രവർത്തനം വിപുലമാക്കണം. പ്രശ്നങ്ങൾ പരിഹരിക്കുകയും അതേ തൊഴിലിടത്തിൽ / തൊഴിൽ മേഖലയിൽ / കമ്പനിയിൽ / സ്ഥാപനത്തിൽ തന്നെ തുടരുന്നതിന് പ്രവാസികൾക്ക് അവസരമൊരുക്കുകയും ചെയ്യണം. ഇതിനു സാധ്യമാകാത്ത സാഹചര്യത്തിൽ അവരെ സുരക്ഷിതമായി മടക്കി കൊണ്ടുവരുന്നതിനും പ്രാവീണ്യമുള്ള മേഖലയിൽ സ്വന്തം നാട്ടിൽ പുനരധിവസിപ്പിക്കുന്നതിനും നടപടി ഉറപ്പാക്കണം.
തട്ടിപ്പുകളിൽ നിന്നു രക്ഷ
വിദേശത്തെ തൊഴിൽ വാഗ്ദാനങ്ങളുടെ സുതാര്യതയും ആധികാരികതയും ഉറപ്പാക്കുന്നതിന് എംബസികളുമായി ബന്ധപ്പെട്ട് വിപുലവും ഫലപ്രദവുമായ സംവിധാനം ഒരുക്കണം. ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾ വിദേശ രാജ്യങ്ങളിൽ തൊഴിൽ തട്ടിപ്പുകൾക്ക് ഇരയാകുന്നത് വർധിച്ചു വരുന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇന്ത്യ പോലെ വലിയ രാജ്യത്തെ പ്രവാസികളുടെ / ഉദ്യോഗാർഥികളുടെ ആവശ്യകത നിറവേറ്റാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യകളുടെ പിൻബലമുള്ള ഫലപ്രദമായ സംവിധാനമാണ് ഉണ്ടാകേണ്ടത്. റിക്രൂട്ടിംഗ് തട്ടിപ്പുകൾക്ക് ശാശ്വതമായ അന്ത്യം കുറിക്കുന്നതിന് ശിക്ഷാ നടപടികൾ ശക്തമാക്കണം. തട്ടിപ്പ് നടത്തി സ്വരുകൂട്ടിയ സമ്പത്ത് സർക്കാർ കണ്ടുകെട്ടണം.
സ്റ്റുഡന്റ് മൈഗ്രേഷന്‍: എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കണം.
2024-ൽ രാജ്യത്തുനിന്നും 1.33 ദശലക്ഷം വിദ്യാർത്ഥികളാണ് വിദേശരാജ്യത്തേയ്ക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോയത്. ഈ കാലയളവില്‍ 54 രാജ്യങ്ങളിലേയ്ക്ക് 2.25 ലക്ഷം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ നിന്നും മാത്രം പോയത്. മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളേറെയും. സ്റ്റുഡന്റ് എന്നത് പ്രവാസി എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ പലപ്പോഴും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ നിലവാരമില്ലാത്ത സര്‍വ്വകലാശാലകളിലും കോളേജുകളിലും എത്തപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുളളത്. ഇക്കാര്യം നിയന്ത്രിക്കാനും ഗുണനിലവാരം ഉറപ്പിക്കാനും നടപടി ആവശ്യമാണ്. എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സികളെ നിയന്ത്രിക്കാന്‍ രാജ്യത്താകെ നിയമനിര്‍മ്മാണം ആവശ്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിരവധി പരിമിതികളുണ്ട്. എന്നിരുന്നാലും സ്വന്തമായ നിയമനിര്‍മ്മാണവും ലൈസന്‍സിംങും ഏര്‍പ്പെടുത്താനകുമോ എന്ന് കേരളം ഗൗരവപൂര്‍വ്വം പരിശോധിച്ചു വരികയാണ്.
വിമാന കമ്പനികളുടെ ചൂഷണം
പ്രവാസികളെ വിമാന കമ്പനികൾ ഭീമമായ യാത്രാ നിരക്കിലൂടെ കൊള്ളയടിക്കുന്നതിന് തടയിടണം. ഓരോ സെക്ടറിലെയും യാത്രാ നിരക്ക് പഠന വിധേയമാക്കണം. വിമാന കമ്പനികളുടെ തീവെട്ടിക്കൊള്ള തടയുന്നതിന് സത്വര നടപടി ഉണ്ടാകണം. ഏറ്റവും തിരക്കുള്ള സീസണിൽ നാട്ടിലെത്തി മടങ്ങുന്നതിനുള്ള ആവശ്യകത നിറവേറ്റപ്പെടുന്നതിനുള്ള വിമാന സർവീസ് ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പരാതികൾ പരിശോധിക്കുന്നതിനും സത്വര നടപടി അടിയന്തിരമായി സ്വീകരിക്കുന്നതിനും ഫലപ്രദമായ സംവിധാനം ഒരുക്കണം. പ്രവാസികളുടെ ആവശ്യകതയും യാത്രക്കാരുടെ എണ്ണവും കണക്കാക്കി വിദേശത്തു നിന്നും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണം. പ്രത്യേകിച്ച് കേരളത്തിലെ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളില്‍ നിന്നും കേരളത്തിലേയ്ക്കുളള സീസണുകളിലെ വിമാനകൊളളയ്ക്ക് അറുതി വരുത്തേണ്ടതുണ്ട്. ക്രൂയിസ് ഷിപ്പുകള്‍ ഉള്‍പ്പെടെ സാധ്യമായ ബദല്‍ യാത്രാമാര്‍ഗ്ഗങ്ങളിലും കേന്ദ്രപിന്തുണ അനിവാര്യമാണ്.
സ്ത്രീ സുരക്ഷ അകലെ
വിദേശ രാജ്യങ്ങളിൽ തൊഴിൽ തേടി പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സ്ത്രീകളുടെ സുരക്ഷ, തൊഴിലിടം, തൊഴിൽ ദാതാവ്, വേതനം എന്നിവ പ്രാദേശിക സർക്കാർ മുഖേന ഉറപ്പാക്കണം. സ്ത്രീകൾക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ പരാതി ഉടൻ തന്നെ ഇന്ത്യൻ എംബസിയെ അറിയിക്കുന്നതിന് ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷകളിലും പരിജ്ഞാനം ഉള്ളവരെ കൂടി ഉൾപ്പെടുത്തി കോൾ സെൻ്റർ സംവിധാനം ശക്തമാക്കണം. പരാതികൾ ഉണ്ടായാൽ ഉടൻ തന്നെ ഇന്ത്യയുടെ ഉദ്യോഗസ്ഥൻ / ചുമതലപ്പെടുത്തിയ ആൾ ഇടപെടണം. വ്യക്തിയുടെ സുരക്ഷ പ്രശ്നമാണെങ്കിൽ എത്രയും വേഗം അവരെ മടക്കി നാട്ടിൽ എത്തിക്കുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യണം. മനുഷ്യക്കടത്ത് സംഘങ്ങളുടെ പിടിയിലുള്ള സ്ത്രീകളെ രക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും നടപടിയുണ്ടാകണം. നിലവില്‍ നോര്‍ക്ക റൂട്ട്സില്‍ ഇതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വനിതാസെല്‍ ലോകകേരളസഭയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് നടപ്പിലാക്കിയിട്ടുണ്ട്. എന്നിരുന്നാലും വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടലുകള്‍ പ്രശ്നപരിഹാരത്തിന് അനിവാര്യമാണ്.
നിക്ഷേപ അവസരം ഒരുക്കണം
വിദേശ നാണ്യത്തിലൂടെ രാജ്യത്തെ ഖജനാവിനെ ശക്തിപ്പെടുത്തുന്നവരാണ് പ്രവാസികൾ. അധ്വാനിച്ച് ഉണ്ടാക്കുന്ന പണം സ്വന്തം രാജ്യത്ത് സുരക്ഷിതമായി നിക്ഷേപിക്കുന്നതിന് പ്രവാസികൾക്ക് അവസരമൊരുക്കണം. രാജ്യത്തെ നിക്ഷേപ സാഹചര്യങ്ങൾ സംബന്ധിച്ച് എ.ഐ പിന്തുണയോടെ അവബോധം നൽകുന്നതിന് പ്രാദേശിക ഭാഷാ സഹായമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കണം. പ്രവാസികളുടെ പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് രാജ്യത്തുള്ള കേസുകൾ നിശ്ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കണം. തട്ടിയെടുത്ത പണം തിരികെ അവകാശിക്ക് ലഭ്യമാക്കുന്നതും ഉറപ്പാക്കണം. പ്രവാസി നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരൻ്റി ഉറപ്പാക്കുന്നത് രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലേക്ക് വഴിയൊരുക്കും.
പ്രവാസി ക്ഷേമനിധി – പെൻഷൻ
കേന്ദ്ര സർക്കാർ പ്രവാസി ക്ഷേമനിധി രൂപീകരിക്കണം. പ്രവാസ ജീവിതത്തിനു ശേഷം അല്ലലില്ലാതെ സ്വന്തം നാട്ടിൽ സുരക്ഷിതമായി കഴിയുന്നതിന് ആവശ്യമായ ന്യായമായ പെൻഷനും ഉറപ്പാക്കണം. കേരളത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന നോർക്ക പ്രവാസി ക്ഷേമനിധി ബോർഡിനെ ഇക്കാര്യത്തിൽ മാതൃകയാക്കണം. തൊഴിൽ തേടി രാജ്യം വിടുന്ന മുഴുവൻ വ്യക്തികളെയും ക്ഷേമനിധിയുടെ പരിധിയിൽ കൊണ്ടുവരുകയും ശാശ്വതമായ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യണം. ക്ഷേമനിധിയെ ശക്തമാക്കുന്നതിൻ്റെ ഭാഗമായി പ്രവാസിയുടെ തൊഴിൽ ദാതാവിൻ്റെ വിഹിതം കൂടി ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കപ്പെടണം.
വിദേശ തൊഴിലവസരങ്ങൾ വർധിപ്പിക്കണം
വിദേശ തൊഴിൽ അവസരങ്ങളുടെ ലഭ്യത വർധിപ്പിക്കണം. കേരളത്തിലെ നോർക്ക പോലെ സംസ്ഥാന സർക്കാരുകളുടെ പ്രവാസി ക്ഷേമ വകുപ്പുകളുമായി സഹകരിച്ച് വിദേശ തൊഴിൽ അവസരങ്ങൾ കൂടുതലായി താഴെത്തട്ടിൽ എത്തിക്കണം. നിലവിൽ വിദഗ്ധ – അവിദഗ്ധ തൊഴിലാളികളാണ് കൂടുതലായി വിദേശത്തേക്കു പോകുന്നത്. ഇതിനൊപ്പം പ്രൊഫഷണൽ യോഗ്യതയുള്ളവർക്ക് വിദേശ തൊഴിലവസരം പ്രാപ്യമാക്കണം. ഐ ടി, എൻജിനിയറിംഗ്, ഹോസ്പിറ്റാലിറ്റി, അധ്യാപനം, ഗവേഷണം, സാമൂഹ്യ സേവനം, അക്കൗണ്ടിംഗ്, മാനേജ്മെൻ്റ് തുടങ്ങിയ മേഖലകളിലെ പ്രൊഫഷണൽ തൊഴിലവസരങ്ങൾ ഇന്ത്യയിലെത്തിക്കുന്നതിന് വിദേശ രാജ്യങ്ങളുമായി നടത്തുന്ന ചർച്ചകളിൽ മുന്തിയ പരിഗണന നൽകണം. മികച്ച പ്രൊഫഷണലുകളെ കണ്ടെത്തി വിദേശത്തെ തൊഴിൽ ദാതാക്കൾക്ക് ലഭ്യമാക്കുന്നതിന് നോർക്ക റൂട്ട്സ് പോലുള്ള സംസ്ഥാന തലത്തിലെ സർക്കാർ ഏജൻസികളെ ഉപയോഗപ്പെടുത്തണം. ഇടനിലക്കാരുടെ ചൂഷണങ്ങളിൽ നിന്ന് ഉദ്യോഗാർഥികളെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ ശക്തമാക്കണം.
സ്വന്തം ഭാഷയിൽ നിയമസഹായം
വിദേശത്ത് നിയമസഹായം ആവശ്യമാകുന്ന പ്രവാസികൾക്ക് അവരുടെ പ്രാദേശിക ഭാഷയിൽ അഭിഭാഷകനുമായി നേരിട്ട് സംസാരിക്കുന്നതിന് അവസരമൊരുക്കണം. നോർക്ക റൂട്ട്സ് നടപ്പാക്കി വരുന്ന നിയമസഹായ സെൽ പദ്ധതി ( പി എൽ എ സി ) യെ ഇതു നടപ്പാക്കുന്നതിന് മാതൃകയാക്കാവുന്നതാണ്. വിദേശ രാജ്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവരുടെ തടവ് സ്വന്തം നാട്ടിലെ ജയിലിൽ അനുഭവിക്കുന്നതിന് അവസരമൊരുക്കുന്നത് പരിഗണിക്കുന്നത് ഉചിതമായിരിക്കും. ഇതിനാവശ്യമായ കരാറില്‍ സുഹൃദ് രാജ്യങ്ങളുമായി എർപ്പെടണം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം
പ്രവാസികൾ കൂടുതലുള്ള രാജ്യങ്ങളിൽ ആവശ്യകത അനുസരിച്ച് കുട്ടികളുടെ പഠനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കണം. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നതിന് പ്രവാസികളുടെ മക്കൾക്കായി പ്രത്യേക ബാച്ച് തുടങ്ങണം. ഇതിനു കഴിയാത്ത സാഹചര്യത്തിൽ പ്രവാസികൾക്കുള്ള സീറ്റ് വിഹിതം വർധിപ്പിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് പ്രവാസികളുടെയും പ്രവാസി സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കണം.
സമഗ്ര ഇൻഷുറൻസ് അനിവാര്യത
പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് രാജ്യത്തെ ഇൻഷുറൻസ് കമ്പനികളുമായി ചേർന്ന് സമഗ്രമായ ഇൻഷുറൻസ് പദ്ധതി രൂപീകരിക്കണം. പ്രവാസത്തിൻ്റെ എല്ലാ മേഖലകളെയും കാലയളവുകളെയും ഈ പരിരക്ഷയ്ക്കു കീഴിൽ കൊണ്ടുവരണം. ഇൻഷുറൻസ് പരിരക്ഷ എല്ലാ പ്രവാസികൾക്കും പ്രാപ്യമായ നിലയിൽ ആയിരിക്കണമെന്നത് ഉറപ്പാക്കണം. ക്ലെയിം സെറ്റിൽമെൻ്റുകൾ വേഗമാക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കണം.
കേന്ദ്രം ധന സഹായം നൽകണം
സമ്പദ്ഘടനയെ കെട്ടുറപ്പുള്ളതാക്കുന്നതിന് പ്രവാസികൾ നൽകുന്ന വലിയ പിന്തുണ തർക്കമറ്റതാണ്. ഇതു കണക്കിലെടുത്ത് സംസ്ഥാന തലത്തിൽ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പ്രത്യേക ധന സഹായം അനുവദിക്കണം. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് ക്ഷേമം ഉറപ്പാക്കുന്നതിന് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ യോജിച്ച് പ്രവർത്തിക്കണം.
പി. ശ്രീരാമകൃഷ്ണൻ
റസിഡൻ്റ് വൈസ് ചെയർമാൻ, നോർക്ക റൂട്ട്സ്