കാമുകിയെ ‘ഇംപ്രസ്’ ചെയ്യാന്‍ സിംഹക്കൂട്ടില്‍ കയറി; യുവാവിന് ദാരുണാന്ത്യം

കാമുകിയെ സന്തോഷിപ്പിക്കാനായി സിംഹക്കൂട്ടില്‍ കയറിയ യുവാവിനെ സിംഹങ്ങള്‍ ആക്രമിച്ച് കൊലപ്പെടുത്തി. ഉസ്ബകിസ്താനിലാണ് സംഭവം ഉണ്ടായത്. ഉസ്‌ബെക്കിസ്ഥാനിലെ പാര്‍ക്കന്റിലെ ഒരു സ്വകാര്യ മൃഗശാലയില്‍ മൃഗശാലാ സൂക്ഷിപ്പുകാരനാണ് തന്റെ കാമുകിയെ ഇംപ്രസ് ചെയ്യാന്‍ നോക്കി ജീവന്‍ വെടിഞ്ഞത്. മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 44 -കാരനായ എഫ് ഐറിസ്‌കുലോവ് ആണ് കൊല്ലപ്പെട്ടത്. കാമുകിയുടെ മുന്‍പില്‍ ആളാകാനാണ് ഇയാള്‍ ക്യാമറയുമായി സിംഹക്കൂട്ടില്‍ കയറിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

രാത്രി ഷിഫ്റ്റില്‍ മൃഗശാലയില്‍ ജോലിക്കു കയറിയ ഐറിസ്‌കുലോവ് പുലര്‍ച്ചെ അഞ്ചുമണിക്കാണ് ഇയാള്‍ സിംഹത്തിന്റെ കൂട്ടില്‍ കയറിയത്. കയ്യില്‍ ക്യാമറയുമായി ഇയാള്‍ എത്തിയപ്പോള്‍ മൂന്ന് സിംഹങ്ങള്‍ കൂട്ടിലുണ്ടായിരുന്നു. ആദ്യം അവ ഉപദ്രവിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പിന്നീട് അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു.

സിംഹങ്ങളാല്‍ ചുറ്റപ്പെട്ടിട്ടും, ഐറിസ്‌കുലോവ് വലിയ ആത്മവിശ്വാസത്തോടെയാണ് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി കൊണ്ടിരുന്നത്. സിംഹങ്ങളിലൊന്നിനെ ഇയാള്‍ സിംബ എന്നു വിളിക്കുന്നത് വിഡിയോയിലുണ്ട്. പിന്നീട് ആക്രമിക്കപ്പെട്ട് ഉച്ചത്തില്‍ നിലവിളിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്.

ഐറിസ്‌കുലോവിനെ ആക്രമിച്ച് കൊലപ്പെടുത്തി സിംഹങ്ങള്‍ അയാളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. നിയന്ത്രിക്കാനാകാത്ത വിധം അക്രമാസക്തരായ സിംഹങ്ങളിലൊന്നിനെ രക്ഷാപ്രവര്‍ത്തകര്‍ വെടിവെച്ച് കൊലപ്പെടുത്തുകയും ബാക്കി രണ്ടെണ്ണം ശാന്തമാവുകയും ചെയ്തു.അവശേഷിച്ച രണ്ടു സിംഹങ്ങളെ മറ്റൊരു പ്രത്യേക കൂട്ടിലേക്ക് മാറ്റിയതായും മൃഗശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *