പാലക്കുന്ന് കൂട്ടായ്മയുടെ ആറാംവാര്‍ഷികാഘോഷം ശനിയാഴ്ച

ജില്ലാതല കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കും

പാലക്കുന്ന് :കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലകളില്‍ തിളക്കമാര്‍ന്ന സാനിധ്യമായ പാലക്കുന്ന് കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷം ശനിയാഴ്ച പള്ളം കിക്കോഫ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 6ന് വിവിധ കലാപരിപാടികളോടെ തുടക്കം കുറിക്കും. പാലക്കുന്ന് കര്‍മ ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിന്റെ സ്വാഗത നൃത്തത്തോടെ 7.30 ന് ജില്ലാ അഡീഷണല്‍ പോലിസ് സൂപ്രണ്ട് പി. ബാലകൃഷ്ണന്‍ നായര്‍ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യും. കൂട്ടായ്മ പ്രസിഡന്റ് ഡോ. നൗഫല്‍ കളനാട് അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി മുഖ്യാതിഥിയായിരിക്കും. വൃക്കരോഗം ബാധിച്ച തിരുവക്കോളിയിലെ അഞ്ചു വയസ്സ് പ്രായമായ കുഞ്ഞിന് കൂട്ടായ്മയുടെ കാരുണ്യ ധനസഹായം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ പാലക്കുന്നില്‍ കുട്ടി ആ കുടുംബത്തിന് കൈമാറും. ജനറല്‍ കണ്‍വീനര്‍ പി. വി. ഉദയകുമാര്‍ സ്വാഗതമരുളും. കൂട്ടായ്മ വൈസ് പ്രസിഡന്റ് പ്രമീള രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വി. രാജേന്ദ്രന്‍, വാര്‍ഡ് അംഗം സൈനബ അബൂബക്കര്‍, ബ്രദേഴ്‌സ് ക്ലബ് പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന്, റിയല്‍ ഫ്രണ്ട്സ് ക്ലബ് പ്രസിഡന്റ് മനോജ് കരിപ്പോടി, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പള്ളം നാരായണന്‍, കണ്‍വീനര്‍ സി. കെ. കണ്ണന്‍, കൂട്ടായ്മ ജോ. സെക്രട്ടറി സുരേഷ് ബേക്കല്‍ എന്നിവര്‍ പ്രസംഗിക്കും . ജില്ലാതല കൈകൊട്ടിക്കളി മത്സരവും, നാട്ടിലെ വിവിധ ടീമുകളുടെ തിരുവാതിരക്കളി, നാട്ടിപ്പാട്ട്, ഉദുമ മ്യൂസിക്ക് ലവേഴ്‌സിന്റെ ഗാനമേള, കെ.കെ.കോട്ടിക്കുളത്തിന്റെ നാടന്‍ പാട്ട്, ഒപ്പന, കൈമുട്ടിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കും. കൂട്ടായ്മയുടെ സ്ഥാപക പ്രവര്‍ത്തകരെ ആദരിക്കും. കൈകൊട്ടിക്കളിയിലെ ജേതാക്കള്‍ക്ക് 15,000, 10000, 5000 രൂപയുടെ ക്യാഷും ട്രോഫിയും നല്‍കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *