പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഇ ശ്രീധരന്‍ സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്‍ നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന്റെ നാലാമത് ബാച്ചിന് തുടക്കം. നീലഗിരി ഗസ്റ്റ് ഹൗസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പുതിയ കാലത്ത് ജീവിതത്തിലും തൊഴില്‍ രംഗത്തും മുന്നേറുന്നതിന് ജീവിത നിപുണികള്‍ ആര്‍ജ്ജിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. എം.എന്‍. മുഹമ്മദുണ്ണി ഏലിയാസ് മുസ്തഫ, എജ്യൂക്കേഷന്‍ വിഭാഗം അധ്യക്ഷന്‍ പ്രൊഫ. വി.പി. ജോഷിത്ത്, ഡോ. ആര്‍. ചന്ദ്രബോസ്, ഡോ. സീമാ ചന്ദ്രന്‍, സി. പുഷ്പലത എന്നിവര്‍ സംസാരിച്ചു.
നൂറ് പേരാണ് നാലാമത്തെ ബാച്ചില്‍ പ്രവേശനം നേടിയിട്ടുള്ളത്. അധ്യാപകര്‍, അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, വീട്ടമ്മമാര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധിയില്ല. നിലവില്‍ മറ്റ് കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് പുറമെ ഓഫ്‌ലൈന്‍ പരിശീലന പരിപാടികളും ഉണ്ടാകും. ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷന് വര്‍ത്തമാനകാലത്ത് വര്‍ദ്ധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്ത് പരിശീലകരെ വാര്‍ത്തെടുക്കുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.