യൂറോപ്യന്‍ യൂണിയനിലെ തൊഴില്‍സാധ്യതകള്‍ക്കായി നോര്‍ക്ക-GIZ സഹകരണം.

കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെട്ട രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും (GIZ) യോജിച്ച് പ്രവര്‍ത്തിക്കും. തിരുവനന്തപുരത്തെ നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ച GIZ ഇന്റര്‍നാഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രിയ വോണ്‍ റൗച്ചുമായി നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ചുള്ള സാധ്യത പരിശോധിക്കാന്‍ തീരുമാനമായത്. ഇതിന്റെ ഭാഗമായി ജര്‍മ്മന്‍ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികളില്‍ നിന്നുള്ള പ്രതിനിധികളുമായി യോഗം ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ക്കുന്നതിനും ധാരണയായി. നോര്‍ക്ക ട്രിപ്പിള്‍ വിന്‍ പദ്ധതി മാതൃക യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ തൊഴിലവസരം ഒരുക്കുന്നതിനും നടപ്പാക്കണമെന്ന ആശയം അജിത് കോളശേരി അവതരിപ്പിച്ചു. നിലവില്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, നെതര്‍ലാന്‍ഡ് എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രിപ്പിള്‍ വിന്‍ മാതൃകയിലുള്ള റിക്രൂട്ട്മെന്റ് പദ്ധതിയില്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഐടി ഉള്‍പ്പെടെ കൂടുതല്‍ മേഖലകളിലെ പ്രഫഷണലുകള്‍ക്ക് ട്രിപ്പിള്‍ വിന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൊഴിലവസരം ഒരുക്കുന്നതിനാണ് ശ്രമിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നഴ്സുമാര്‍ ആഗോള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ജര്‍മ്മനിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നഴ്സുമാര്‍ക്ക് ഡോക്യുമെന്റേഷന്‍ പ്രാഗല്‍ഭ്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഐടി പരിശീലനം നല്‍കുന്നതിന് നോര്‍ക്ക റൂട്ട്സ് തുടക്കമിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കു വേണ്ടിയും ട്രിപ്പിള്‍ വിന്‍ പ്ലാറ്റ്ഫോം സജ്ജമാക്കുകയെന്നത് വളരെ മികച്ച ആശയമാണെന്നും ഇക്കാര്യം പരിശോധിക്കാമന്നും ആന്‍ഡ്രിയ വോണ്‍ റൗച്ച് പറഞ്ഞു. യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന പ്രഫഷണലുകള്‍ക്ക് ഇതു വളരെ സഹായകമാകും. GIZ ന്റെ മികച്ച പങ്കാളിയാണ് നോര്‍ക്ക റൂട്ട്സെന്നും ആന്‍ഡ്രിയ വോണ്‍ റൗച്ച് പറഞ്ഞു. യോഗത്തില്‍ നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ രശ്മി റ്റി, റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ് പി ജോസഫ്, സെക്ഷന്‍ ഓഫീസര്‍മാരായ ബി. പ്രവീണ്‍, സനുകുമാര്‍, ട്രിപ്പിള്‍ വിന്‍ പ്രതിനിധികളായ ലിജു ജോര്‍ജ്, സുനേഷ് ചന്ദ്രന്‍, GIZ ഇന്റര്‍നാഷണല്‍ സര്‍വീസസ് പിആര്‍ഒ പല്ലവി സിന്‍ഹ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നുളള നഴ്സിംഗ് പ്രെഫഷണലുകള്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരമൊരുക്കുന്നതിനായി നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന്‍ കേരള.

Leave a Reply

Your email address will not be published. Required fields are marked *