ദേശീയപാതയിലെ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പരിശോധന കര്‍ശനമാ ക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം

ജില്ലയില്‍ ദേശീയപാതയിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എയാണ് വിഷയം ഉന്നയിച്ചത്. അശാസ്ത്രീയമായ ഹമ്പുകള്‍ ഒഴിവാക്കുന്നതിനും വാഹനങ്ങളില്‍ നിയമ പ്രകാരം അല്ലാതെ ലൈറ്റുകള്‍ സജ്ജീകരിക്കുന്നതു പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. അമിത വേഗത ഉള്‍പ്പെടെയുള്ള റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന നടപടികള്‍ പരിശോധിക്കുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പരിശോധന നടത്താനും തീരുമാനിച്ചു. മോട്ടോര്‍ വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നുണ്ടെന്ന് ആര്‍.ടി.ഒ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ലൈറ്റുകളുടെ പുനസ്ഥാനത്തിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഏല്‍പ്പിച്ചതും മുഴുവന്‍ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ലഭ്യമാക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നതിന് എല്‍.എ.എന്‍.എച്ച് ഡെപ്യൂട്ടി കളക്ടറോട് പ്രദേശം സന്ദര്‍ശിക്കുന്നതിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി ചെമ്മട്ടം വയല്‍-തയ്യല്‍ വീട് റോഡ്, ക്രൈസ്റ്റ് സ്‌കൂള്‍ പൈരടുക്കം അംഗന്‍വാടി റോഡ് എന്നിവ ഗതാഗതയോഗ്യമാക്കാത്തത് ഐങ്ങോത്ത് ഫുഡ് ഓവര്‍ സ്ഥാപിക്കാത്തത് മുതലായ പ്രശ്നങ്ങള്‍ പരിശോധിച്ചാല്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

പ്രവൃത്തി ഏറ്റെടുത്തശേഷം നിര്‍മ്മാണം പൂര്‍ത്തിയാക്കാതെ അലംഭാവം കാണിക്കുകയും പ്രവൃത്തിയുടെ പുരോഗതിക്കായി കരാറുകാരെ മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നതുമായ പ്രവണത ജില്ലയിലെ കരാറുകാര്‍ക്കിടയില്‍ വര്‍ധിച്ചു വരികയാണെന്നും ഇത് തടയേണ്ടതുണ്ടെന്നും എം.എല്‍.എ പറഞ്ഞു. നദികളുടെയും കൈവഴികളുടയും തീരം കയ്യേറിയത് ഒഴിപ്പിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സര്‍വ്വേ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും. മൂലക്കണ്ടം അംബേദ്ക്കര്‍ നഗര്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചിലവില്‍ ദത്തെടുത്ത് കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും തയ്യല്‍ യൂണിറ്റും പ്രവര്‍ത്തിക്കുന്നില്ലെന്നും അത് സജീവമാക്കേണ്ടതുണ്ടെന്നും ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *