യുവസംരംഭകര്‍ക്ക് എല്ലാ സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പി. രാജീവ്

മാനവവിഭവശേഷി കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയാണെന്നും യുവ സംരംഭകര്‍ കേരളത്തില്‍ തന്നെ സംരംഭങ്ങള്‍ വികസിപ്പിക്കണമെന്നും ഇവിടെ തന്നെ അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കോവളത്ത് സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ഹഡില്‍ ഗ്ലോബല്‍ 2024ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ 50 – ാം സ്ഥാനത്തായിരുന്ന നമ്മള്‍ ഇന്ന് രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്നുവെന്നത് അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. തൊഴില്‍ ചെയ്യുന്നതിനും നിക്ഷേപം നടത്തുന്നതിനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനും സഹായകരമായ സ്ഥിതിയാണ് ഇന്ന് കേരളത്തിലുള്ളത്. ആഗോള സ്ഥാപനമായ ഐബിഎം തന്നെ കൊച്ചിയില്‍ രണ്ട് ക്യാംപസുകള്‍ തുടങ്ങിയിട്ടുണ്ട്. ദിവസേന കേരളത്തില്‍ ഓരോ പുതിയ സംരംഭങ്ങള്‍ തുടങ്ങുകയാണ്. ചെറിയ നിലയില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ അവരുടെ പദ്ധതികള്‍ വിപുലീകരിക്കുന്ന സ്ഥിതിയുമുണ്ട്.

സാമൂഹ്യ സേവന മേഖലകളില്‍ പ്രത്യേകിച്ച് മാലിന്യ സംസ്‌കരണം പരിസ്ഥിതി സംരക്ഷണം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായിട്ടുള്ളത്. കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന് നമുക്കറിയാം, പക്ഷേ വിസ്തീര്‍ണത്തിലും ജനസംഖ്യയിലും മാത്രമാണ് നമ്മുടെ സംസ്ഥാനം ചെറുതായിരിക്കുന്നത്. വിദ്യാഭ്യാസത്തിലും സുസ്ഥിര വികസനത്തിലും ആരോഗ്യസംരക്ഷണത്തിലും മറ്റും കേരളം മികച്ച നിലയിലാണെന്നത് അഭിമാനകരമാണെന്ന് മന്ത്രി ഓര്‍മ്മപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *